സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് തോന്നിയപോലെ; യാത്രക്കാര്‍ ദുരിതത്തില്‍

ചാരുംമൂട്: സ്വകാര്യബസുകള്‍ക്ക് തോന്നിയതുപോലെ പെര്‍മിറ്റ് കൊടുക്കുന്നതിന്‍െറ ദൂഷ്യഫലം അനുഭവിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. ചാരുംമൂട് വഴി കടന്നുപോകുന്ന വിവിധ റൂട്ടുകളിലാണ്, അശാസ്ത്രീയമായി പെര്‍മിറ്റ് നല്‍കിയതിനാല്‍ ബസ് ജീവനക്കാര്‍ തമ്മിലെ സംഘര്‍ഷംമൂലം യാത്രക്കാര്‍ പലപ്പോഴും പെരുവഴിയിലാകുന്നത്. കായംകുളം-പുനലൂര്‍, ഭരണിക്കാവ്-ചാരുംമൂട്, ചാരുംമൂട്-മാവേലിക്കര, ചാരുംമൂട്-ചെങ്ങന്നൂര്‍, ചാരുംമൂട്-പന്തളം എന്നീ റൂട്ടുകളിലായി നൂറിലധികം സ്വകാര്യ ബസുകളാണ് സര്‍വിസ് നടത്തുന്നത്. ഒന്നോ രണ്ടോ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് പല ബസുകളുടെയും സമയക്രമം. കൃത്യമായ സമയങ്ങളില്‍ സ്റ്റാന്‍ഡുകളില്‍നിന്ന് പുറപ്പെടുന്ന ബസ് ഓരോ സ്റ്റോപ്പിലും എത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുമ്പോള്‍ പിറകെ എത്തുന്ന ബസുകാരുമായി വാക്കേറ്റമുണ്ടാകും. ഇത് മിക്കവാറും സ്റ്റോപ്പുകളിലും തുടരുമ്പോള്‍ ഭീതിയോടെയും അസഭ്യവര്‍ഷം കേട്ടും ബസുകളില്‍ ഇരിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. പലപ്പോഴും ഇത് കൈയാങ്കളിയിലത്തെുകയും ചെയ്യും. സ്വകാര്യബസുകളുടെ മത്സരയോട്ടംമൂലം നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. സമയത്തിന്‍െറ പേരിലുണ്ടായ തര്‍ക്കങ്ങള്‍ പലപ്പോഴും ഗുണ്ടകളെ ഉപയോഗിച്ചുള്ള അക്രമങ്ങളിലേക്കും എത്തിച്ചേര്‍ന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ടവരാണ് റോഡില്‍ കൈയാങ്കളിക്ക് ഇറങ്ങുന്നത്. വന്‍കിട മുതലാളിമാരുടെ ബസുകളാണ് ഈ മേഖലയിലെ പ്രധാന റൂട്ടുകള്‍ കൈയടക്കി വെച്ചിരിക്കുന്നത്. ഇതിനിടയില്‍ ഒന്നോ രണ്ടോ ബസുകളുമായി ഈ റൂട്ടുകളില്‍ എത്തുന്നവര്‍ക്കാണ് ഗതികേട്. കൂടുതല്‍ പെര്‍മിറ്റിനായി ചില ബസ് ഉടമകള്‍ അപേക്ഷിച്ചിട്ടുള്ളതായും പറയുന്നു. ഈ പെര്‍മിറ്റുകള്‍ കൂടി അംഗീകരിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകും. സമയക്രമീകരണം നടത്തി ബസുകളുടെ മരണപ്പാച്ചില്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റോഡില്‍ സ്ഥിരമായി ഉണ്ടാകുന്ന സംഘര്‍ഷം ഒഴിവാക്കാന്‍ ബസ് ജീവനക്കാരുടെയും ഉടമകളുടെയും സംഘടനകളും മുന്‍കൈയെടുക്കണം. ചാരുംമൂടിലെ ട്രാഫിക് പരിഷ്കാരത്തിന്‍െറ ഭാഗമായി ബസുകള്‍ സ്റ്റോപ്പുകളില്‍ കൂടുതല്‍ സമയം നിര്‍ത്തിയിടുന്നത് ഒഴിവാക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. അമിതവേഗം നിയന്ത്രിക്കാനും യാത്രക്കാര്‍ക്ക് സുരക്ഷിതമായി യാത്രചെയ്യാന്‍ അവസരമുണ്ടാക്കാനും അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.