ആലപ്പുഴ: കുറഞ്ഞ ചെലവില്‍ നഗരത്തിന് വെളിച്ചം നല്‍കാനുള്ള എല്‍.ഇ.ഡി തെരുവുവിളക്ക് പദ്ധതി പാളുന്നു. ആവശ്യത്തിന് സാധന സാമഗ്രികള്‍ എത്തിക്കുന്നതില്‍ ടെന്‍ഡര്‍ സ്വീകരിച്ച കമ്പനികള്‍ വീഴ്ച വരുത്തുന്നതാണ് കാരണം. ലോക ബാങ്കിന്‍െറ ആറുലക്ഷം രൂപ ധനസഹായത്തോടെ കഴിഞ്ഞ നഗരസഭ ഭരണകാലത്താണ് പദ്ധതി തുടങ്ങിയത്. സോഡിയം വേപ്പര്‍ ലാമ്പുകള്‍ വരുത്തുന്ന ഭീമമായ വൈദ്യുതി ഉപയോഗം കുറക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. എനര്‍ജി എഫിഷന്‍സി സര്‍വിസ് ലിമിറ്റഡ് (ഇ.ഇ.എസ്.എല്‍) എന്ന പൊതുമേഖല സ്ഥാപനത്തില്‍നിന്നും മറ്റൊരു കമ്പനിയില്‍നിന്നുമാണ് പദ്ധതിക്ക് വേണ്ട സാമഗ്രികള്‍ വാങ്ങാന്‍ നഗരസഭ തീരുമാനിച്ചത്. കെ.എസ്.ഇ.ബിക്കായിരുന്നു നടത്തിപ്പ് ചുമതല. മുഴുവന്‍ വാര്‍ഡുകളിലും കൂടി 8000 ലൈറ്റുകള്‍ സ്ഥാപിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പദ്ധതി തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 3000 എല്‍.ഇ.ഡി ലൈറ്റുകള്‍ മാത്രമാണ് സ്ഥാപിക്കാന്‍ കഴിഞ്ഞത്്. ഏറ്റിരുന്ന രീതിയില്‍ സാമഗ്രികള്‍ വിതരണം ചെയ്യാന്‍ കഴിയാതെവന്നതോടെ രണ്ടാമത്തെ കമ്പനി കരാറില്‍നിന്ന് പിന്മാറി. പദ്ധതി നടപ്പാകാത്ത വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങി. എന്നാല്‍, പദ്ധതി ഉപേക്ഷിക്കാന്‍ തയാറല്ളെന്ന നിലപാടിലാണ് നഗരസഭ. കൗണ്‍സിലര്‍മാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കുകയും ക്രോംപ്റ്റണ്‍ ഗ്രീവ്സിന് മാര്‍ച്ച് 31ന് പുതിയ കരാര്‍ നല്‍കുകയും ചെയ്തു. എന്നാല്‍, ഇതുവരെ ലൈറ്റുകളും അനുബന്ധ വസ്തുക്കളും ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. എല്‍.ഇ.ഡി സാമഗ്രികളുടെ വിതരണത്തില്‍ വന്‍ ക്രമക്കേടുണ്ടെന്നാണ് പ്രതിപക്ഷത്തിന്‍െറ ആരോപണം. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഭരണപക്ഷം വഴങ്ങിയില്ല. തുടര്‍ന്ന് പ്രതിപക്ഷം കൗണ്‍സില്‍ ബഹിഷ്കരിച്ചു. ഇതിനിടെ പരാതി പരിഹരിക്കാന്‍ ലഭ്യമായ കുറച്ച് ലൈറ്റുകള്‍ വിതരണം ചെയ്തു. ഇത് കൂടുതല്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ലൈറ്റ് ഇടാത്ത വാര്‍ഡുകളില്‍ മുന്‍ഗണനാക്രമത്തില്‍ ഇവ വിതരണം ചെയ്യണമെന്ന ആവശ്യം പരിഗണിക്കാതെ ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ വാര്‍ഡുകളില്‍തന്നെ വീണ്ടും ലൈറ്റുകള്‍ സ്ഥാപിക്കുന്നുവെന്നാണ് ആരോപണം. പദ്ധതി നടത്തിപ്പില്‍ നഗരസഭ ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചൊവ്വാഴ്ച നഗരസഭ ചെയര്‍മാനെ ഉപരോധിച്ചു. ഡി. സലിം കുമാര്‍, ജയപ്രസാദ്, കെ.ജെ. പ്രവീണ്‍ എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.