ഗൗരിയമ്മയുടെ വീടിന് പഴയ മുഖം; സി.പി.എം നേതാക്കളുടെ ചിത്രത്തോടെ ഫ്ളക്സ് പതിഞ്ഞു

ആലപ്പുഴ: ചാത്തനാട്ടെ ഗൗരിയമ്മയുടെ വീടിന്‍െറ മതിലിന് പഴയ മുഖമായി. രണ്ട് പതിറ്റാണ്ടിന് മുമ്പുള്ള ഓര്‍മകള്‍ തിരിച്ചുവന്നതുപോലെ. ഒരുകാലത്ത് സി.പി.എം നേതാക്കളുടെ ചിത്രങ്ങളും പാര്‍ട്ടിയുടെ മുദ്രവാക്യങ്ങളും കൊണ്ട് നിറഞ്ഞിരുന്ന മതില്‍ ഗൗരിയമ്മ പാര്‍ട്ടിയില്‍നിന്ന് പുറത്തായശേഷം അത്തരത്തിലായിരുന്നില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഗൗരിയമ്മ പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും അന്നും സി.പി.എം നേതാക്കളുടെ ചിത്രങ്ങള്‍ മതിലില്‍ ഉണ്ടായില്ല. ഇക്കുറി പതിവിന് വിപരീതമായി പഴയകാലത്തിന്‍െറ ഓര്‍മപ്പെടുത്തലുമായി വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരുടെയും ആലപ്പുഴയിലെ സ്ഥാനാര്‍ഥി തോമസ് ഐസക്കിന്‍െറയും ഗൗരിയമ്മയുടെയും ചിത്രങ്ങളാണ് പതിച്ചത്. ഗൗരിയമ്മയുടെ പാര്‍ട്ടിക്ക് സി.പി.എം സീറ്റ് നല്‍കാതിരുന്നതിനത്തെുടര്‍ന്ന് ദിവസങ്ങളായി പ്രതിഷേധം നിലനിന്നിരുന്നു. തനിച്ച് മത്സരിക്കുമെന്ന ഭീഷണിയും അവര്‍ മുഴക്കി. ഗൗരിയമ്മയെ സി.പി.എമ്മിലേക്ക് ചേര്‍ത്ത് മാന്യമായ സ്ഥാനം നല്‍കണമെന്ന ആഗ്രഹിച്ച നേതാക്കള്‍ പലതവണ ഗൗരിയമ്മയെ കണ്ട് ക്ഷണിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയില്‍ ചേരാതെതന്നെ തന്നോടൊപ്പമുള്ളവര്‍ക്ക് സീറ്റ് നല്‍കണമെന്ന നിലപാടായിരുന്നു അവര്‍ക്ക്. അത് സി.പി.എം നല്‍കിയില്ല. തുടര്‍ന്ന് പാര്‍ട്ടിയുമായി അകലം പാലിച്ചു. ഭീഷണിയത്തെുടര്‍ന്നാണ് ഗൗരിയമ്മയെ കാണാന്‍ കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി, തോമസ് ഐസക് തുടങ്ങിയ നേതാക്കളുടെ നിര തന്നെ എത്തിയത്. തന്നെ എ.കെ.ജി സെന്‍ററില്‍ വിളിച്ചുവരുത്തി അപമാനിച്ചെന്ന തോന്നലില്‍നിന്ന് അവര്‍ മുക്തമായിട്ടില്ല. എങ്കിലും ഇടത് മുന്നണിയോടൊപ്പം നില്‍ക്കുക എന്ന പാര്‍ട്ടിയുടെ പൊതുധാരണ പ്രവര്‍ത്തകരില്‍ ആശ്വാസമുണ്ടാക്കി. ഗൗരിയമ്മ തുറന്നൊന്നും ഇതുവരെ പറഞ്ഞിട്ടുമില്ല. എങ്കിലും സി.പി.എമ്മിനെയും നേതാക്കളെയും തള്ളിപപ്പറയില്ളെന്ന വിശ്വാസത്തോടെയാണ് രണ്ടും കല്‍പിച്ച് പാര്‍ട്ടി നേതാക്കള്‍ ഗൗരിയമ്മയുടെ മതിലിന് പഴയ മുഖം നല്‍കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയില്‍ സജീവമായിരുന്ന കാലത്ത് ചാത്തനാട്ടെ മതിലുമാത്രമല്ല വീട്ടുമുറ്റത്തെ മാവിന്‍കൊമ്പില്‍വരെ ചുവന്ന കൊടികളും തോരണങ്ങളും പാറിയിരുന്നു. ഇന്ന് അതില്ളെങ്കിലും തന്നെ ഇഷ്ടപെടുന്നവരുടെ ചിത്രങ്ങള്‍ മതിലില്‍ പതിക്കാന്‍ ചെറിയ പിണക്കത്തോടെയെങ്കിലും ഗൗരിയമ്മ സമ്മതിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.