ആലപ്പുഴ: നഗരത്തില്‍ തിരക്കേറിയ മുല്ലക്കല്‍ റോഡില്‍ ഓട വൃത്തിയാക്കാന്‍ റോഡ് പൊളിച്ചത് യാത്രക്കാര്‍ക്ക് ദുരിതമായി. ആഴ്ചകള്‍ക്ക് മുമ്പാണ് ക്ഷേത്ര നടക്ക് തെക്കുഭാഗത്തെ റോഡ് കുറുകെ വെട്ടിപ്പൊളിച്ചത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓട മണ്ണ് മൂടി ഒഴുക്ക് തടസ്സപ്പെട്ടത് മാറ്റിയെടുക്കാനാണ് റോഡ് പൊളിച്ച് പ്രവൃത്തി ചെയ്തത്. എന്നാല്‍, കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഓട വൃത്തിയാക്കി വന്നപ്പോള്‍ പടിഞ്ഞാറുഭാഗത്ത് റോഡിനടിയിലെ കേബ്ളുകള്‍ കേടായത് പൊല്ലാപ്പായി. ഇതോടെ പ്രവൃത്തി നിര്‍ത്തിവെച്ചു. എന്നാല്‍, നല്ല താഴ്ചയില്‍ കുഴിയെടുത്തത് ശരിയായ രീതിയില്‍ മൂടുകയോ റോഡ് പഴയതുപോലെ ടാര്‍ ചെയ്യുകയോ ഉണ്ടായില്ല. കുഴിയും കരിങ്കല്ലും കിടന്ന റോഡിലൂടെയുള്ള യാത്രയില്‍ പലര്‍ക്കും വീണ് പരിക്കേറ്റു. രാത്രിയായിരുന്നു അപകടങ്ങള്‍ കൂടുതല്‍. ഇത് പ്രതിഷേധത്തിന് ഇടയാക്കി. തുടര്‍ന്ന് മെറ്റലും സിമന്‍റുപൊടിയും ചേര്‍ത്ത് ഈ ഭാഗം മൂടി. അതോടെ ദുരിതം കൂടി. കടുത്ത വേനലായതിനാല്‍ സിമന്‍റുപൊടിയും മെറ്റല്‍പൊടിയും കാറ്റില്‍ പറന്ന് സമീപത്തെ വ്യാപാരികള്‍ക്ക് സൈ്വരക്കേടായി. പാറക്കഷണങ്ങള്‍ ചിതറി കടകളുടെ കണ്ണാടികളിലും പതിക്കുന്നത് പതിവായി. ഇപ്പോള്‍ യാത്രക്കാരും വ്യാപാരികളും പൊടി ശ്വസിച്ചും മറ്റും പ്രയാസപ്പെടുകയാണ്. ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.