ആലപ്പുഴ ഡെന്‍റല്‍ കോളജില്‍ ഡെന്‍റല്‍ കൗണ്‍സില്‍ പരിശോധന

അമ്പലപ്പുഴ: ആലപ്പുഴ ഡെന്‍റല്‍ കോളജില്‍ ഡെന്‍റല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പരിശോധന നടത്തി. കോളജിലെ അധ്യാപകരുടെ ഒഴിവ് നികത്താത്തത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ അവര്‍ പരിശോധിച്ചു. ശനിയാഴ്ചയാണ് ഡല്‍ഹിയില്‍ നിന്നുള്ള രണ്ട് വിദഗ്ധര്‍ പരിശോധനക്ക് എത്തിയത്. 98 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ അടക്കം 37 ഒഴിവാണ് ഉള്ളത്. രാത്രിയോടെ പരിശോധന പൂര്‍ത്തിയായി. പരിശോധന നടത്തിയ അംഗങ്ങളുടെ നിഗമനവും തീരുമാനങ്ങളും കോളജിന്‍െറ ഭാവിക്ക് നിര്‍ണായകമാണ്. ഇപ്പോള്‍ ഒന്നും രണ്ടും വര്‍ഷ ബാച്ചുകളിലാണ് ക്ളാസുകള്‍ നടക്കുന്നത്. കഴിഞ്ഞവര്‍ഷം പ്രവേശം തടഞ്ഞിരുന്നു. മതിയായ കെട്ടിടമോ അധ്യാപകരോ ജീവനക്കാരോ ഇല്ലാത്തതായിരുന്നു കാരണം. കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് രണ്ടാംവര്‍ഷ പ്രവേശത്തിന് അനുമതി ലഭിച്ചത്. എന്നാല്‍, അന്ന് ഡെന്‍റല്‍ കൗണ്‍സില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അത് പാലിച്ചിട്ടുണ്ടോ എന്ന അന്വേഷണം കൂടിയാണ് ശനിയാഴ്ച നടന്നത്. ഒഴിവുകള്‍ നികത്താതെ ഡെന്‍റല്‍ കോളജിലെ അധികാരികള്‍ വീര്‍പ്പുമുട്ടിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പ് കാണിച്ച വിവേചനം ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയോടും ഇത്തരത്തിലുള്ള വിവേചനം ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ സ്ഥലം എം.പി പോലും ആരോഗ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത്തുവന്നിരുന്നു. പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. മംഗളം ആരോഗ്യ സര്‍വകലാശാല രജിസ്ട്രാറായി പോയശേഷം ഇതുവരെ ആ തസ്തികയിലേക്ക് ആരും എത്തിയിട്ടില്ല. മൂന്ന് പ്രഫസര്‍മാര്‍, ഏഴ് അസോസിയേറ്റ് പ്രഫസര്‍മാര്‍, എട്ട് അസി. പ്രഫസര്‍മാര്‍ എന്നീ തസ്തികകളും മെഡിക്കല്‍ വിഭാഗത്തില്‍ രണ്ട് അസോസിയേറ്റ് പ്രഫസര്‍മാരുടെയും രണ്ട് അസി. പ്രഫസര്‍മാരുടെയും ഒഴിവ് നിലവിലുണ്ട്. അനധ്യാപക തസ്തികയില്‍ 14 ഒഴിവുകളുമുണ്ട്. ഡെന്‍റല്‍ കോളജിന് ഇപ്പോള്‍ സ്വന്തമായി കെട്ടിടം നിര്‍മിച്ചുവരുന്നതേയുള്ളു. മെഡിക്കല്‍ കോളജിന് സമീപം 26.7 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്. നിലവിലുള്ള പ്രശ്നങ്ങള്‍ ഡെന്‍റല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉയര്‍ത്തുകയും ബന്ധപ്പെട്ടവരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ഇപ്പോള്‍ കോടതിയുടെ ഉത്തരവിന്‍െറ ബലത്തില്‍ ലഭിച്ചിരിക്കുന്ന പഠനാനുമതിയെ അത് പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.