അപൂര്‍വരോഗം ബാധിച്ച് പൂച്ചകള്‍ ചാകുന്നു

പൂച്ചാക്കല്‍: ചേര്‍ത്തലയുടെ വടക്കന്‍ മേഖലയില്‍ അപൂര്‍വരോഗം ബാധിച്ച് പൂച്ചകള്‍ ചാകുന്നു. തൈക്കാട്ടുശേരി, പാണാവള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വേനല്‍ കടുത്തതോടെയാണ് പൂച്ചകളുടെ തൊലിപ്പുറമെ ഉണ്ടാകുന്ന അപൂര്‍വരോഗം കണ്ടുതുടങ്ങിയത്. രൂക്ഷമായ ചൊറിച്ചിലും വേദനയുമാണ് പൂച്ചകള്‍ക്ക് ഉണ്ടാകുന്നത്. മുന്‍കാലുകൊണ്ട് പൂച്ചകള്‍ നിരന്തരം ചൊറിയുകയും മരത്തിലോ ചുമരുകളിലോ ഉരസുകയും ചെയ്യുന്നതോടെ രോമങ്ങള്‍ കട്ടയായി കൊഴിഞ്ഞുപോകും. തുടര്‍ന്ന് ഇവയുടെ ശരീരത്തില്‍നിന്ന് അസഹനീയ ദുര്‍ഗന്ധം പരക്കും. തലയുടെ ഭാഗത്തുനിന്ന് പിന്നിലേക്കാണ് ഈ അസുഖം ബാധിച്ചുതുടങ്ങുന്നത്. ശരീരം മൊത്തം ഇത് ബാധിക്കുന്നതോടെ ഒരു മാസത്തിനുള്ളില്‍ പൂച്ചകള്‍ ചാവുകയാണ് പതിവ്. പൂച്ചകള്‍ക്കും നായകള്‍ക്കും പിടിപെടുന്ന മെയ്ഞ്ച് എന്ന രോഗമാണിതെന്നും തുടക്കത്തിലേ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണെന്നും പാണാവള്ളിയിലെ വെറ്ററിനറി ഡോക്ടര്‍ മനുജയന്‍ പറഞ്ഞു. ഡെര്‍മോവെറ്റ് എന്ന മരുന്ന് പുറമെ പുരട്ടിയാല്‍ തൊലിപ്പുറമെയുള്ള ഈ രോഗം നിയന്ത്രിക്കാനാകും. പച്ചമരുന്നുകടയില്‍നിന്ന് ലഭിക്കുന്ന കരണ്ടി ഓയില്‍ എന്ന ഉങ്ങെണ്ണ പുരട്ടിയാലും ഇത് ആദ്യഘട്ടത്തില്‍ മാറ്റാനാകും. രണ്ടാംഘട്ടം ആയാല്‍ ഹൈടെക് എന്ന മരുന്ന് രണ്ടുപ്രാവശ്യമെങ്കിലും ഇന്‍ജക്ഷന്‍ ചെയ്താലേ രോഗം നിയന്ത്രിക്കാനാകു. രോഗം തുടക്കത്തിലേ നിയന്ത്രിച്ചില്ളെങ്കില്‍ പ്രതിരോധശക്തി കുറയുകയും അതോടെ മറ്റുരോഗങ്ങള്‍ ബാധിച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്യുകയാണ് പതിവെന്നും ഡോക്ടര്‍ മനു ജയന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.