കുടിവെള്ളം കിട്ടാതെ കുട്ടനാട്ടുകാര്‍

കുട്ടനാട്: ചൂട് കനത്തതോടെ ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്തതിനാല്‍ മുമ്പെങ്ങും ഇല്ലാത്ത രീതിയിലെ ബുദ്ധിമുട്ടിലാണ് കുട്ടനാട്ടിലെ ജനം. നെടുമുടി, കൈനകരി, ചമ്പക്കുളം, രാമങ്കരി, കാവാലം, പുളിങ്കുന്ന്, മുട്ടാര്‍, നീലംപേരൂര്‍ തുടങ്ങി 13 പഞ്ചായത്തിലും പേരിനുപോലും കുടിവെള്ളം കിട്ടാത്ത സ്ഥിതിയാണ്. കനത്ത ചൂടായതിനാല്‍ നാട്ടുകാര്‍ നിലവില്‍ പണം നല്‍കിയാണ് കുടിവെള്ളം വാങ്ങുന്നത്. കുട്ടനാട്ടുകാര്‍ വേല ചെയ്യുന്നതിന്‍െറ പകുതിയും കുടിവെള്ളം വാങ്ങാന്‍ ഉപയോഗിക്കേണ്ട സ്ഥിതിയാണ്. ജലവിതരണത്തിന് സിന്‍റക്സ് ടാങ്കുകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കുമെന്ന് അറിയിച്ചെങ്കിലും ഈ പഞ്ചായത്തുകളില്‍ ഇതുകൊണ്ടൊന്നും കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെടില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതിനുപകരം തകരാറിലായ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനുകള്‍ നന്നാക്കുകയാണ് വേണ്ടതെന്നാണ് ജനം പറയുന്നത്. 33 കെട്ടുവള്ളങ്ങളിലായി കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഉടനടി വെള്ളമത്തെിക്കുന്ന പദ്ധതി സാങ്കേതിക കാരണങ്ങളാല്‍ മുമ്പത്തെപോലെ ദിവസങ്ങള്‍ക്കുള്ളില്‍ മുടങ്ങുമെന്നും നാട്ടുകാര്‍ പറയുന്നു. കുടിവെള്ളം താല്‍ക്കാലികമായി എത്തിക്കാന്‍ റവന്യൂ വകുപ്പ് ഉപയോഗിക്കുന്ന പണത്തിന്‍െറ പകുതി ഉപയോഗിച്ച് തകരാറിലായ പൈപ്പ് ലൈനുകള്‍ നന്നാക്കിയാല്‍ കുടിവെള്ള ദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ഒട്ടുമിക്ക പ്രദേശത്തും ആറ്റിലെ അഴുക്കുവെള്ളം ഗത്യന്തരമില്ലാത്തതിനാല്‍ തിളപ്പിച്ച് ഉപയോഗിക്കുകയാണ് നാട്ടുകാര്‍. ശുദ്ധമായ കുടിവെള്ളം വേണ്ടവര്‍ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കുന്നത്. കനത്ത ചൂടിനിടെ നാട്ടുകാര്‍ക്ക് ചെറിയ ആശ്വാസമായിരുന്ന ആര്‍.ഒ പ്ളാന്‍റുകളില്‍ ചിലത് പ്രവര്‍ത്തനരഹിതമായതും നാട്ടുകാരെ വെട്ടിലാക്കി. കുട്ടനാട്ടുകാര്‍ ദൂരെ സ്ഥലങ്ങളിലെ ബന്ധുവീടുകളില്‍നിന്നും വെള്ളമത്തെിക്കുന്നുണ്ട്. കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെങ്കില്‍ ജലവിതരണത്തിന് ആവശ്യമായ പണം മുന്‍കൂറായി അനുവദിക്കണം. കുട്ടനാട്ടില്‍ കുടിവെള്ളം എത്തിക്കുന്ന താല്‍ക്കാലിക പദ്ധതി കുറ്റമറ്റതാക്കാന്‍ കലക്ടര്‍ 11ന് പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.