റാട്ടുകയറിന്‍െറ പ്രാദേശിക ഉല്‍പാദനം തകര്‍ച്ചയില്‍

പൂച്ചാക്കല്‍: ആലപ്പുഴയിലെ ഗ്രാമീണ മേഖലയില്‍ നിര്‍മിച്ചിരുന്ന ലോകോത്തര നിലവാരമുള്ള റാട്ടുകയറിന്‍െറ ഉല്‍പാദനം തകര്‍ച്ചയില്‍. ഏറെക്കാലമായി തമിഴ്നാട്ടില്‍ ഉപയോഗിച്ചുവന്നിരുന്ന യന്ത്രം ആലപ്പുഴയിലേക്കും എത്തിച്ചതോടെയാണ് ലോകോത്തര നിലവാരമുള്ള ആലപ്പുഴ കയറിന്‍െറ മരണമണി മുഴങ്ങിത്തുടങ്ങിയത്. തമിഴ്നാട്ടിലെ പൊള്ളാച്ചി, കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിലാണ് ആധുനിക യന്ത്രം ഉപയോഗിച്ച് കയര്‍ ഉല്‍പാദനം നടക്കുന്നത്. ഈ സ്ഥലങ്ങളില്‍നിന്നാണ് ആലപ്പുഴയിലേക്ക് കയര്‍ പിരിക്കാനുള്ള ചകിരി കൊണ്ടുവരുന്നത്. തമിഴ്നാട്ടിലെ പ്രദേശങ്ങളില്‍ അടുത്തകാലത്താണ് ചകിരിപിരിക്കല്‍ തുടങ്ങിയത്. ആദ്യകാലങ്ങളില്‍ നാട്ടിന്‍പുറത്തെ വെള്ളക്കുഴികളില്‍ നിക്ഷേപിച്ച് ചീയിച്ച് എടുക്കുന്ന തൊണ്ട് മനുഷ്യാധ്വാനത്തില്‍ തല്ലി യന്ത്രത്തിലിട്ട് അലിയിച്ച് എടുക്കുന്ന ചകിരിയായിരുന്നു കയര്‍പിരിക്കാന്‍ ഉപയോഗിച്ചിരുന്നത്. തമിഴ്നാട്ടില്‍ വിലകുറച്ച് ചകിരി ലഭ്യമാണെന്ന് അറിഞ്ഞതോടെ ഈ മേഖലയിലുള്ളവര്‍ അവിടെനിന്ന് ചകിരി ഇറക്കിത്തുടങ്ങി. തമിഴ്നാടും കേരളവും തമ്മിലെ ചങ്ങാത്തത്തില്‍ കയറിന്‍െറ മാര്‍ക്കറ്റ് മനസ്സിലാക്കിയ തമിഴ്നാട്ടുകാര്‍ ആധുനിക സാങ്കേതിക മികവുള്ള യന്ത്രത്തിന്‍െറ സഹായത്തോടെ അവിടെ കയര്‍പിരി തുടങ്ങി. കുറഞ്ഞ ചെലവില്‍ കൂടുതല്‍ ഉല്‍പാദനം എന്നതാണ് അവരുടെ മുദ്രാവാക്യം. കാഴ്ചയില്‍ കാര്യമായ വ്യത്യാസങ്ങളില്ലാത്ത കയര്‍ വിലകുറച്ച് ആലപ്പുഴ കയറിനോട് മത്സരിക്കാന്‍ കയര്‍മാര്‍ക്കറ്റില്‍ എത്തിയതോടെ പകച്ചുപോയ കയര്‍ മുതലാളിമാര്‍ തമിഴ്നാട്ടുകാരില്‍നിന്ന് ചകിരിയോടൊപ്പം കയര്‍പിരി യന്ത്രങ്ങളും വാങ്ങുകയായിരുന്നു. എന്നാല്‍, റാട്ടുപിരി കയറില്‍നിന്ന് യന്ത്രനിര്‍മിത കയറിനെ വ്യത്യസ്തമാക്കുന്നത് കയറിന്‍െറ ഉള്ളില്‍കൂടി കടത്തിവിടുന്ന പ്ളാസ്റ്റിക് നാരാണ്. റാട്ടുപിരിക്ക് ഈ നാരിന്‍െറ ആവശ്യമില്ല. കൂടുതല്‍ ഉല്‍പാദനം ലഭിക്കാന്‍ യന്ത്രം ഉപയോഗിക്കുന്നതിനാല്‍ ചകിരി തുടര്‍ച്ചയായി പിരിഞ്ഞ് യന്ത്രത്തിലേക്ക് കയറുന്നതിനാണ് ഈ പ്ളാസ്റ്റിക് നാര് ഉപയോഗിക്കുന്നത്. ഇതാണ് പരമ്പരാഗത ആലപ്പുഴക്കയറിന്‍െറ ഗുണനിലവാരത്തകര്‍ച്ചക്ക് ഇടയാക്കുന്നത്. റാട്ടുപിരിക്കയറിന് കിലോക്ക് 45 രൂപ മാര്‍ക്കറ്റ് വിലയുള്ളപ്പോള്‍ കാഴ്ചയില്‍ കാര്യമായ വ്യത്യാസമില്ലാത്ത യന്ത്രപ്പിരിക്കയറ് കിലോക്ക് 28 രൂപയാണ് വില. ഇത്തരം കയര്‍പിരിയന്ത്രങ്ങള്‍ വാങ്ങാന്‍ കയര്‍ഫെഡ് സബ്സിഡിയോടെ വായ്പ നല്‍കുന്നുണ്ട്. സര്‍ക്കാറിന്‍െറ സഹായത്തോടെ യഥാര്‍ഥത്തില്‍ നടക്കുന്നത് ആലപ്പുഴക്കയറിന്‍െറ മാര്‍ക്കറ്റ് ഇല്ലാതാക്കുന്ന നടപടിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.