ദുരിതമൊഴിയാതെ തകഴി റോഡ്

തകഴി: ആലപ്പുഴ കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ വീണ്ടും റോഡ് കുത്തിപ്പൊളിച്ചതിനെ തുടര്‍ന്ന് തകഴി റോഡില്‍ ഗതാഗതം ദുഷ്കരമായി. തകഴിയില്‍നിന്ന് പടിഞ്ഞാറോട്ടാണ് പൈപ്പിടുന്നത്. തകഴി-എടത്വാ റോഡില്‍ കാല്‍നടക്കാര്‍ക്കുപോലും സഞ്ചരിക്കാന്‍ കഴിയുന്നില്ല. വാഹനങ്ങള്‍ ചളിയില്‍ പുതഞ്ഞ് മുന്നോട്ടുപോകാന്‍ പ്രയാസപ്പെടുന്നു. റോഡ് കുഴിച്ച് പൈപ്പ് ഇട്ടശേഷം ഗ്രാവലും മെറ്റലും നിരത്തിയശേഷമേ കുഴി മൂടാവൂ, എന്നാല്‍ കുഴിച്ചെടുത്ത ചളിയും മണ്ണും ഉപയോഗിച്ചാണ് കുഴിമൂടുന്നത്. വാഹനങ്ങള്‍ കുഴികളില്‍ താഴുന്നതും പതിവാണ്. റോഡിന്‍െറ തെക്കുഭാഗം ചേര്‍ന്നാണ് കൂറ്റന്‍ പൈപ്പുകള്‍ ആഴത്തില്‍ കുഴിച്ചിടുന്നത്. ഇളകി മറിഞ്ഞുകിടക്കുന്ന റോഡിന്‍െറ പകുതിഭാഗം പൂര്‍ണമായ അപകടാവസ്ഥയിലാണ്. മഴ ശക്തമായാല്‍ റോഡും കുഴിയും തമ്മില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധയമാകും. പൈപ്പിട്ട് മൂടിയ ഭാഗത്ത് കുഴികള്‍ വീണ്ടും രൂപപ്പെടുന്നുണ്ട്. പൈപ്പ് സ്ഥാപിക്കല്‍ തകഴി-കരുമാടി കളത്തില്‍ പാലത്തില്‍ എത്താന്‍ ഇനിയും മാസങ്ങളെടുക്കും. കുഴിയെടുക്കുമ്പോള്‍ നിലവിലെ കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി പൈപ്പിടല്‍ തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. ഇതിനായി ജല അതോറിറ്റി രണ്ടര കോടി രൂപ റോഡ് നന്നാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍, പൈപ്പിട്ടശേഷം യഥാസമയം റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് ഇപ്പോഴത്തെ ദുരിതങ്ങള്‍ക്ക് കാരണം. റോഡ് ഉയര്‍ത്തി ടാറിങ് നടപടി ഉടന്‍ പൂര്‍ത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് നാട്ടുകാരും വ്യാപാരികളും ബ്ളോക് പഞ്ചായത്തംഗം കെ. പ്രകാശന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തകഴി റോഡ് ഉപരോധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.