മാവേലിക്കരയില്‍ മോഷണം തുടരുന്നു; പൊലീസ് നോക്കുകുത്തി

മാവേലിക്കര: പൊലീസിനെ നോക്കുകുത്തികളാക്കി മാവേലിക്കരയില്‍ വീണ്ടും മോഷണം തുടരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ദേവസ്വം ബില്‍ഡിങ്ങിലെ അനുപമ മെഡിക്കല്‍ സ്റ്റോറില്‍ ഷട്ടറിന്‍െറ താഴ് അറുത്ത് 5000 രൂപ അപഹരിച്ചിരുന്നു. തുടര്‍ച്ചയായി പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ പ്രവാസി മെഡിക്കല്‍ സ്റ്റോറിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. മോഷ്ടാക്കളെ തേടി പോലീസ് മാവേലിക്കരയാകെ തിരച്ചില്‍ നടത്തുമ്പോഴാണ് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നുതന്നെ മോഷണങ്ങള്‍ നടക്കുന്നത്. രണ്ടിടങ്ങളിലെയും മോഷണ രീതികള്‍ ഒന്നായതിനാല്‍ രണ്ടിടങ്ങളിലും ഒരേ മോഷ്ടാക്കളാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാത്രികാലങ്ങളില്‍ കടയടച്ച് മടങ്ങുന്ന വ്യാപാരികളെ ആക്രമിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ മാവേലിക്കരയില്‍ പതിവായിരുന്നതിനാല്‍ വ്യാപാരികള്‍ പണം കടകളില്‍തന്നെ വെച്ചിട്ട് പോകുന്ന പതിവുണ്ടായിരുന്നു. ഇത് ലക്ഷ്യംവെച്ചാണ് മോഷണം. തിങ്കളാഴ്ച്ച രാത്രി മീന്‍ കച്ചവടക്കാരനില്‍നിന്ന് 21,000 രൂപ തട്ടിയെടുത്തിരുന്നു. കുറേക്കാലമായി ഇല്ലാതിരുന്ന ഈ സംഘം ഇപ്പോള്‍ സജീവമാണ്. സംഘത്തിലെ ഒരാള്‍ പൊലീസിന്‍െറ പിടിയിലായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ രാത്രികാല പരിശോധന ശക്തമാക്കുമെന്നും മോഷ്ടാക്കള്‍ ഉടന്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.