ചട്ടംലംഘിച്ചുള്ള മത്സ്യബന്ധനം തടയാന്‍ നടപടിയില്ല

ആറാട്ടുപുഴ: ആലപ്പുഴ, കൊല്ലം ജില്ലകളുടെ പരിധിയിലുള്ള തീരക്കടലുകളില്‍ മത്സ്യബന്ധന ബോട്ടുകള്‍ കരപറ്റി നടത്തുന്ന മത്സ്യബന്ധനം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു. ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി മാസങ്ങളായി തീരക്കടല്‍ മുഴുവന്‍ ബോട്ടുകള്‍ മത്സ്യബന്ധനം നടത്തുമ്പോള്‍ ബന്ധപ്പെട്ട വകുപ്പോ, തീരദേശ പൊലീസോ നടപടിയെടുക്കുന്നില്ല. ബോട്ടുകളുടെ കടന്നുകയറ്റം വ്യാപകമായതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്. തീരക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 10 കിലോമീറ്റര്‍ അകലെ മാത്രം മത്സ്യബന്ധനം നടത്താന്‍ അനുവാദമുള്ള ബോട്ടുകളാണ് ചട്ടങ്ങളെല്ലാം ലംഘിച്ചുകൊണ്ട് കരപറ്റി മീന്‍ പിടിക്കുന്നത്. മാസങ്ങളായി ചെറുതും വലുതുമായ മത്സ്യബന്ധന ബോട്ടുകള്‍ വ്യാപകമായി മത്സ്യബന്ധനം നടത്തുന്നു. ബോട്ടുകള്‍ കൂട്ടമായാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിനത്തെുന്നത്. ചെറുവള്ളങ്ങളിലും തെര്‍മോകോളിലും പോയി തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളാണ് ബോട്ടുകളുടെ കടന്നുകയറ്റംമൂലം പ്രതിസന്ധിയിലായിരിക്കുന്നത്. ഇവര്‍ കടലില്‍ ഇടുന്ന വലകള്‍ തീരത്തുകൂടി വരുന്ന ബോട്ടുകളില്‍ തട്ടി നശിച്ചുപോകുന്നത് പതിവാണ്. കൂടാതെ രാത്രികാലത്ത് കടലില്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ ജീവനുതന്നെ ബോട്ടുകള്‍ ഭീഷണിഉയര്‍ത്തുന്നു. ഭീതിമൂലം രാത്രിയില്‍ ജോലിക്കു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ വിഷമിക്കുകയാണ് തൊഴിലാളികള്‍. അനധികൃത മത്സ്യബന്ധനം വ്യാപകമാകുമ്പോഴും നടപടിയെടുക്കാന്‍ ആവശ്യമായ സംവിധാനങ്ങളില്ല എന്നുപറഞ്ഞ് കൈമലര്‍ത്തുകയാണ് അധികാരികള്‍. ആലപ്പുഴ ജില്ലയില്‍ കടല്‍ നിരീക്ഷണത്തിനുള്ള സംവിധാനങ്ങള്‍ കുറവാണ്. തോട്ടപ്പള്ളിയില്‍ ഇതിനായി സംവിധാനങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും യാഥാര്‍ഥ്യമായിട്ടില്ല. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനില്‍ ആധുനിക സംവിധാനങ്ങളുള്ള രണ്ട് നിരീക്ഷണ ബോട്ടുകള്‍ ഉണ്ടെങ്കിലും ഇതു രണ്ടും മാസങ്ങളായി തകരാറായികിടക്കുകയാണ്. വിവരങ്ങള്‍ അറിയിക്കുമ്പോള്‍ ബോട്ടുകള്‍ പണിക്ക് കയറ്റിയിരിക്കുകയാണെന്ന് പറഞ്ഞ് അധികൃതര്‍ കൈമലര്‍ത്തുന്നതായും പരാതിയുണ്ട്. നീണ്ടകര, വൈപ്പിന്‍ തുറമുഖങ്ങളിലുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തെയും കോസ്റ്റല്‍ പൊലീസിനെയും വിവരം അറിയിക്കുമ്പോള്‍ വല്ലപ്പോഴുമത്തെി പരിശോധന നടത്തി പോകുന്നു. അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളെ പിടികൂടുന്നുണ്ടെന്നാണ് ആലപ്പുഴയിലെ മത്സ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. തോട്ടപ്പള്ളി തീര പൊലീസിന്‍െറ നിരീക്ഷണം ഉണ്ടാകില്ളെന്ന് ഉറപ്പുള്ളതുകൊണ്ട് ആലപ്പുഴ ജില്ലയുടെ പരിധിയിലത്തെുമ്പോഴാണ് ബോട്ടുകള്‍ അധികവും കരയിലേക്കടുക്കുന്നത്. തോട്ടപ്പള്ളി നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമായെങ്കില്‍ മാത്രമേ ബോട്ടുകളുടെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ പറ്റൂ എന്ന് തൊഴിലാളികള്‍ പറയുന്നു. ബോട്ടുകള്‍ക്ക് തീരക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ അധികാരികള്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.