ജൈവ ചെമ്മീന്‍ കൃഷി: കുഫോസിന് സ്വിറ്റ്സര്‍ലന്‍ഡിന്‍െറ സഹകരണ വാഗ്ദാനം

കൊച്ചി: സംസ്ഥാനത്തെ കായലോരങ്ങളിലും ചെമ്മീന്‍ കെട്ടുകളിലും ജൈവ ചെമ്മീന്‍ കൃഷി നടത്തുന്നതിന്‍െറ സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്താന്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലക്ക് (കുഫോസ്) പദ്ധതി. ജൈവ ചെമ്മീന്‍ കൃഷി കേരളത്തില്‍ പരിചയപ്പെടുത്തുന്നതിന് ജൈവ ഭക്ഷ്യമേഖലയില്‍ പ്രമുഖ വിപണന ഏജന്‍സിയായ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ ‘കൂപ്പ് ’ സഹകരണ സംഘം കുഫോസിന് സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്‍െറ ഭാഗമായി സംഘത്തിന്‍െറ പ്രതിനിധി ജെറാര്‍ഡ് സുര്‍ലറ്റര്‍ കുഫോസിലെ കുളങ്ങളും ചെമ്മീന്‍ കെട്ടുകളും സന്ദര്‍ശിച്ചു പ്രാഥമിക പഠനം നടത്തി. കണ്ടല്‍ച്ചെടികള്‍ വെച്ചുപിടിപ്പിച്ചും കണ്ടല്‍വനങ്ങളാല്‍ സമൃദ്ധമായ കായല്‍ പ്രദേശങ്ങളില്‍ കൃഷി നടത്തിയുമാണ് ജൈവചെമ്മീന്‍ കൃഷി വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കുന്നത്. അപൂര്‍വയിനം കണ്ടല്‍ച്ചെടികള്‍ കൊണ്ട് സമ്പന്നമായ പുതുവൈപ്പിലിലെ ഫിഷറീസ് സ്റ്റേഷന്‍ ജൈവ ചെമ്മീന്‍ കൃഷിക്ക് അനുയോജ്യമാണെന്നാണ് നിഗമനം. പരീക്ഷണാടിസ്ഥാനത്തില്‍ കുഫോസ് ജൈവ ചെമ്മീന്‍ കൃഷി വൈപ്പിനില്‍ ആരംഭിക്കും. ചെമ്മീന്‍ കര്‍ഷകരെ ജൈവ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനും ജൈവ ചെമ്മീന്‍കൃഷിയുടെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നവിധത്തിലുമാണ് കുഫോസ് പദ്ധതി തയാറാക്കുക. പ്രോ-വൈസ്ചാന്‍സലര്‍ ഡോ. കെ. പത്മകുമാര്‍, രജിസ്ട്രാര്‍ ഡോ. വി. എം. വിക്ടര്‍ ജോര്‍ജ്, കുഫോസ് ഗവേണിങ് കൗണ്‍സില്‍ അംഗം അലക്സ് കെ. നൈനാന്‍, ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. കെ.വി. ജയചന്ദ്രന്‍, വിവിധ സ്കൂള്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.