അവകാശങ്ങള്‍ക്കുവേണ്ടി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രക്തം ദാനംചെയ്തു

ആലപ്പുഴ: അവകാശങ്ങള്‍ ചോദിച്ചിട്ടും നല്‍കാത്ത അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ഥികളുടെ പുതിയ സമരമുറ. കഴിഞ്ഞദിവസം 24 മണിക്കൂര്‍ അധികജോലി ചെയ്ത് സമരത്തിന് പുതിയ മാതൃക സൃഷ്ടിച്ച വിദ്യാര്‍ഥികള്‍ ഇത്തവണ രക്തം ദാനംചെയ്താണ് ശ്രദ്ധേയമായത്. ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളജിലെ 110ഓളം പി.ജി വിദ്യാര്‍ഥികളാണ് ചൊവ്വാഴ്ച രക്തദാന സമരം നടത്തിയത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും നടത്തുന്ന സമരത്തിന്‍െറ ഭാഗമായിട്ടായിരുന്നു ഇത്. ഗവ. മെഡിക്കല്‍ കോളജുകളില്‍ ഒഴിവുള്ള തസ്തികകള്‍ അടിയന്തരമായി നികത്തുക, എല്ലാ മെഡിക്കല്‍ കോളജുകളിലും ഏകീകൃത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുക, പി.ജി വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റൈപന്‍ഡ് ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഉന്നയിച്ചത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി പി.ജി മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. അവര്‍ നല്‍കിയ ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. തുടര്‍ന്നാണ് രക്തദാനം എന്ന സഹന സമരത്തിലേക്ക് അവര്‍ എത്തിയത്. അസോസിയേഷന്‍ സെക്രട്ടറി ഡോ. ശരത് തോമസ് റോയ്, ഡോ. ബിനി ഹാരോള്‍ഡ്, ഡോ. ജാസ്മിന്‍, പി. അലക്സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.