ആലപ്പുഴ: കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ജീവനക്കാര്‍ മുന്‍കൈയെടുക്കണമെന്നും പ്രതിദിന കലക്ഷന്‍ 7.25 കോടിയെങ്കിലുമായാല്‍ മാത്രമേ നഷ്ടമില്ലാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ എന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രാദേശികവികസനഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനില്‍ നിര്‍മിക്കുന്ന പാസഞ്ചര്‍ അമിനിറ്റി സെന്‍ററിന്‍െറയും ഓഫീസ് സമുച്ചയത്തിന്‍െറയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും കൃത്യമായി നല്‍കണമെങ്കില്‍ വരുമാനം ഗണ്യമായി വര്‍ധിപ്പിച്ചെങ്കിലേ പറ്റൂ. അതിന് ജീവനക്കാര്‍ തന്നെ മുന്‍കൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു. പഴയ ബസുകളും പഴഞ്ചന്‍ ഏര്‍പ്പാടുകളുമായി കെ.എസ്.ആര്‍.ടി.സിക്ക് നിലനില്‍ക്കാനാകില്ല. കാലോചിതമായ മാറ്റവും പരിഷ്കാരങ്ങളും കൊണ്ടുവന്നെങ്കില്‍ മാത്രമേ ജനങ്ങള്‍ അംഗീകരിക്കൂ. വൈഫൈ സംവിധാനങ്ങളോടെയുള്ള എ.സി ബസുകളും രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രചെയ്യുന്നതിന് ഇത്തരം ബസുകളില്‍ ടി.വി കാമറകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ വികസനപ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും സഹകരിക്കുകയും സാമ്പത്തികമായി സഹായിക്കുകയും വേണമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാര്‍ സഹകരിച്ചാല്‍ കെ.എസ്.ആര്‍.ടി.സിയിലെ 90 ശതമാനം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകും. ജീവനക്കാരുടെ ഭാഗത്തുനിന്ന് അടുത്തിടെയുണ്ടായ ചില നടപടികള്‍ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം 50 ശതമാനത്തോളം കുറവുണ്ടായി. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിദിന വരുമാനം 4.5 കോടിയില്‍നിന്ന് 7.25 കോടിയായി വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തെ 92 ഡിപ്പോകള്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനെ ടൂറിസം സൗഹൃദ സ്റ്റേഷനാക്കി നവീകരിക്കാനുള്ള പദ്ധതി തയാറാക്കുമെന്ന് മന്ത്രിപറഞ്ഞു. ആലപ്പുഴ ഡിപ്പോയിലെ പ്രതിദിന കലക്ഷനില്‍ ഗണ്യമായ കുറവുണ്ട്. 12 ലക്ഷം രൂപ ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും 1.5 ലക്ഷം രൂപയുടെ കുറവുണ്ട്. ഡിപ്പോയിലെ 123 ഷെഡ്യൂളുകളില്‍ 93 എണ്ണം മാത്രമേ ഇപ്പോള്‍ സര്‍വിസ് നടത്തുന്നുള്ളൂ. ഷെഡ്യൂളുകള്‍ പൂര്‍ണമായും പുന$സ്ഥാപിക്കുന്നത് നഷ്ടം വര്‍ധിപ്പിക്കുകയേ ഉള്ളൂവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കെ.സി. വേണുഗോപാല്‍ എം.പി അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ നവീകരണത്തിന് വിനോദസഞ്ചാര വകുപ്പിന്‍െറ കൂടി സഹായം തേടണമെന്നും വിനോദസഞ്ചാര സൗഹൃദ ബസ് സ്റ്റേഷനായി ആലപ്പുഴയെ മാറ്റണമെന്നും കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാ ഹരി, നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ടീച്ചര്‍, കൗണ്‍സിലര്‍ സതീദേവി, കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ ആര്‍. സുധാകരന്‍, ബോര്‍ഡംഗം സന്ദീപ് തോമസ്, ചീഫ് എന്‍ജിനീയര്‍ ആര്‍. ബിന്ദു, ഡയറക്ടര്‍മാരായ എം.ടി. സുകുമാരന്‍, സണ്ണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.