പരിസ്ഥിതിസൗഹൃദ ടൂറിസത്തിന് ഊന്നല്‍ നല്‍കി അരൂക്കുറ്റിയെ വീണ്ടെടുക്കണം

വടുതല: ടൂറിസം മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ അതിന് അടിസ്ഥാനഘടകങ്ങളുള്ള അരൂക്കുറ്റിയുടെ സ്ഥാനം അകലെ. അരൂക്കുറ്റിയെ ടൂറിസം ഭൂപടത്തിലേക്ക് എത്തിക്കാന്‍ പഞ്ചായത്ത് ഭരണസംവിധാനത്തിനും വേണ്ടത്ര ഉത്സാഹമില്ല. രാഷ്ട്രീയ പടലപ്പിണക്കവും ഒത്തൊരുമ ഇല്ലാത്തതിനാലും ഈ കാര്യത്തില്‍ അരൂക്കുറ്റിയുടെ സ്ഥാനം വട്ടപ്പൂജ്യമാണ്. പരിസ്ഥിതി സൗഹൃദ ടൂറിസത്തിന്‍െറ സാധ്യതകള്‍ ഏറെയുണ്ട്. എന്നാല്‍, ആരും തിരിഞ്ഞുനോക്കുന്നില്ല. അരൂക്കുറ്റിയില്‍ ഹൗസ്ബോട്ട് ടെര്‍മിനല്‍ വരുന്നെന്ന പ്രചാരണം തുടങ്ങിയിട്ട് നാളുകളേറെയായി. അത് ജനങ്ങളില്‍ പ്രതീക്ഷ നല്‍കിയിരുന്നു. സര്‍ക്യൂട്ട് ടൂറിസവുമായി ബന്ധപ്പെടുത്തിയാണ് നിലവിലെ അരൂക്കുറ്റി ബോട്ട്ജെട്ടിക്കടുത്ത് ഹൗസ്ബോട്ട് ലാന്‍ഡിങ് ടെര്‍മിനല്‍ വരുന്നത്. ഇതിന് പണി പുരോഗമിക്കുകയാണ്. 2.68 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2014 ജൂണില്‍ ഇതിന്‍െറ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുകയും അധികം വൈകാതെ പാതിവഴില്‍ നിലക്കുകയും ചെയ്തു. നിര്‍മാണത്തിന് പകുതിയോളം സ്ഥലം എക്സൈസ് വകുപ്പിന്‍േറതാണ്. ഇത് ലഭിക്കാത്തതാണ് അന്ന് പ്രവര്‍ത്തനം നിലക്കാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. ഹൗസ്ബോട്ട് ലാന്‍ഡിങ് സെന്‍ററിന് വേണ്ടി ഇപ്പോള്‍ നിര്‍മാണം നടക്കുമ്പോഴും എക്സൈസ് വകുപ്പിന്‍െറ സ്ഥലം ലഭിച്ചതായി അറിവൊന്നുമില്ളെന്ന് അരൂക്കുറ്റി പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ലാന്‍ഡിങ് സെന്‍ററിന്‍െറ പണി പൂര്‍ത്തിയായാലും എക്സൈസ് വകുപ്പിന്‍െറ സ്ഥലം കിട്ടുന്നതുവരെ അതിന്‍െറ പ്രയോജനം ഉണ്ടാകില്ല. വാഹനങ്ങളുടെ പാര്‍ക്കിങ്, വിശ്രമകേന്ദ്രം, റസ്റ്റാറന്‍റ് തുടങ്ങിയവ നിര്‍മിക്കേണ്ടത് എക്സൈസ് വകുപ്പിന്‍െറ സ്ഥലത്താണ്. ഈ സ്ഥലം കൂടി ആവശ്യപ്പെടുന്ന അളവില്‍ അനുവദിച്ചുകിട്ടിയാലേ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. ഇറിഗേഷന്‍ വകുപ്പിന്‍െറ മേല്‍നോട്ടത്തിലാണ് നിര്‍മാണം. ഇന്ന് റോഡ്മാര്‍ഗം എറണാകുളത്ത് എത്താന്‍ മണിക്കൂറുകള്‍ എടുക്കും. അരൂക്കുറ്റിയില്‍ മുമ്പുണ്ടായിരുന്ന ബോട്ട് സര്‍വിസ് പുനരാരംഭിച്ചാല്‍ മിതമായ നിരക്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ എറണാകുളത്ത് എത്താന്‍ കഴിയും. ടെര്‍മിനലിന്‍െറ നിര്‍മാണം പൂര്‍ത്തിയായാല്‍ അരൂക്കുറ്റിയുടെ പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജനം. അത് സാധ്യമായാല്‍ ആലപ്പുഴയിലെ മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇവിടം മാറും. ടൂറിസത്തിന്‍െറ ഭാഗമായി അരൂക്കുറ്റിയിലെ ചെറുദ്വീപുകളും നല്ലവണ്ണം പ്രയോജനപ്പെടുത്താന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.