പഞ്ചായത്ത് സംവരണ വാര്‍ഡുകളായി; സ്ഥാനാര്‍ഥികളെ തേടി രാഷ്ട്രീയ പാര്‍ട്ടികള്‍

ആലപ്പുഴ: ജില്ലയിലെ 72 പഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകള്‍ നിശ്ചയിച്ചതോടെ പഞ്ചായത്ത് തലങ്ങളില്‍ മത്സരിക്കുന്നതിന് യോഗ്യതയുള്ള സ്ഥാനാര്‍ഥികളെ തേടി രാഷ്ട്രീയ പാര്‍ട്ടികള്‍ തിരക്കിലേക്ക്. പഞ്ചായത്തുകളിലെ സ്ത്രീ സംവരണം, പട്ടികജാതി സംവരണം എന്നിവയാണ് നറുക്കെടുപ്പിലൂടെ പൂര്‍ത്തിയാക്കിയത്. ഓരോ മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും ഇത്തവണ വ്യക്തമായ നിലപാടുകളും മാനദണ്ഡങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാലിക്കുമെന്നാണ് അവകാശപ്പെടുന്നത്. ഇക്കാര്യത്തില്‍ ഏറെ പ്രതിസന്ധിയുണ്ടാകുക യു.ഡി.എഫിനായിരിക്കും. കഴിഞ്ഞതവണ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച പല പഞ്ചായത്തുകളിലും പാര്‍ട്ടി വിപ്പ് അനുസരിക്കാതെ സ്വന്തം ഇഷ്ടപ്രകാരം ഭരണം നടത്തുകയും എതിര്‍മുന്നണിയെ പരോക്ഷമായി സഹായിക്കുകയും ചെയ്തവരുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കിയ വാര്‍ഡ് മെംബര്‍മാര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കില്ല. അതുപോലെ ദുര്‍ബലമായ ഭരണം കാഴ്ചവെച്ച വനിതാ അംഗങ്ങള്‍ക്കും പ്രസിഡന്‍റുമാര്‍ക്കും സീറ്റ് നല്‍കേണ്ടെന്നാണ് കെ.പി.സി.സിയുടെ നിര്‍ദേശം. ഗ്രൂപ്പിന് അപ്പുറം വിജയസാധ്യതയായിരിക്കണം മാനദണ്ഡമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വാര്‍ഡുതലങ്ങളിലെ സമിതികളുടെ അഭിപ്രായത്തിനാണ് പരമാവധി മുന്‍ഗണന. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടത്തെുമ്പോള്‍ അവര്‍ക്ക് ജനങ്ങള്‍ക്കിടയിലെ അംഗീകാരവും പാര്‍ട്ടിയോടുള്ള കൂറും പ്രധാനമാണ്. ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫില്‍ കോണ്‍ഗ്രസാകും മത്സരിക്കുക. അതോടൊപ്പം കുട്ടനാട് പോലുള്ള പ്രദേശങ്ങളില്‍ കേരള കോണ്‍ഗ്രസ് -എമ്മിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കേണ്ടി വരും. കഴിഞ്ഞതവണ റിബലായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍െറ ആവശ്യം. വാര്‍ഡുകളുടെ സംവരണ പട്ടിക പുറത്തുവന്നതോടെ വാര്‍ഡുതലങ്ങളില്‍ തന്നെ ചര്‍ച്ചകളും സജീവമായി. സ്ഥാനാര്‍ഥിയാകുന്നതിന് വേണ്ടിയുള്ള പട്ടികയില്‍ ഇടംതേടുന്നതിന് മണ്ഡലം, ബ്ളോക്, ഡി.സി.സി തലങ്ങളിലെ നേതാക്കളെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പൊതു സ്വീകാര്യതയുള്ള വ്യക്തികളെയും ഇത്തവണ യു.ഡി.എഫ് പരിഗണിക്കുന്നുണ്ട്. സി.പി.എമ്മുമായി അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്ന എസ്.എന്‍.ഡി.പിയുടെ നിലപാടിനെ പരമാവധി ഉപയോഗപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എസ്.എന്‍.ഡി.പി യോഗത്തിനും ശാഖകള്‍ക്കും താല്‍പര്യമുള്ള സമുദായ അംഗങ്ങളെ മത്സരരംഗത്ത് എത്തിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ബി.ജെ.പിയും ശ്രമം തുടങ്ങി. ഇത്തവണ പരമാവധി സീറ്റുകളില്‍ മത്സരിച്ച് കഴിഞ്ഞതവണത്തേക്കാള്‍ മികച്ച വിജയം നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ടുകള്‍ നേടാനും സി.പി.എമ്മിന്‍െറയും കോണ്‍ഗ്രസിന്‍െറയും പാളയത്തില്‍നിന്ന് അണികളെ ചോര്‍ത്തിയെടുക്കാനും ബി.ജെ.പി ശ്രമം തുടങ്ങി. അതേസമയം ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഭാഗികമായി വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു. എസ്.എന്‍.ഡി.പി നേതൃത്വം ഉയര്‍ത്തുന്ന വെല്ലുവിളി അനുനയത്തിലൂടെ അതിജീവിച്ച് പരമാവധി വാര്‍ഡുകളില്‍ വിജയം കൈവരിക്കാനാണ് സി.പി.എം ആഗ്രഹിക്കുന്നത്. 30നകം സീറ്റുചര്‍ച്ച പൂര്‍ത്തിയാക്കി പ്രചാരണത്തിന് സജീവമാകും. ഇതിനോടകം ഇടതുമുന്നണി ഘടകകക്ഷികളുമായും ചര്‍ച്ചകള്‍ തുടങ്ങി. സി.പി.എം കൂടാതെ സി.പി.ഐ, ജനതാദള്‍ എന്നീ കക്ഷികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകും. ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള ജെ.എസ്.എസ്, സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം, ഐ.എന്‍.എല്‍, കേരള കോണ്‍ഗ്രസ് -ബി, പി.സി. ജോര്‍ജിന്‍െറ സെക്കുലര്‍ എന്നീ കക്ഷികള്‍ക്കും അര്‍ഹമായ പരിഗണന നല്‍കണമെന്നാണ് സി.പി.എമ്മിന്‍െറ നേതൃതല നിര്‍ദേശം. ഒരിടത്തും സ്ഥാനാര്‍ഥി നിര്‍ണയത്തിലും സീറ്റ് പങ്കുവെക്കുന്നതിലും അപസ്വരങ്ങള്‍ ഉണ്ടാക്കി യു.ഡി.എഫിന് ഗുണംചെയ്യുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇടതുമുന്നണി ജില്ലാ കമ്മിറ്റിയും സി.പി.എം ജില്ലാ കമ്മിറ്റിയും ജാഗ്രതപാലിക്കണം. ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്തുന്നതിന് സി.പി.എം വിവിധ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ ചുമതല ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. നാസറിനാണ്. ആലപ്പുഴ നഗരസഭയുടെ സ്ഥാനാര്‍ഥി നിര്‍ണയ ചുമതല നാസറും ഡി. ലക്ഷ്മണനും കൂടി നിര്‍വഹിക്കും. മാവേലിക്കര നഗരസഭയുടെ കാര്യത്തില്‍ കെ. രാഘവനും സി.എസ്. സുജാതയും ചെങ്ങന്നൂര്‍ നഗരസഭയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സജി ചെറിയാനും കായംകുളത്ത് എം.എ. അലിയാരും കെ.എച്ച്. ബാബുജാനും ഹരിപ്പാട് ടി.കെ. ദേവകുമാറും ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കും. ഒക്ടോബര്‍ രണ്ടുവരെ കുടുംബയോഗങ്ങള്‍ നടക്കും. ഒരു വാര്‍ഡില്‍ നാല് കുടുംബയോഗങ്ങള്‍ വീതം ചേരണമെന്നാണ് സി.പി.എമ്മിന്‍െറ നിര്‍ദേശം. ഒക്ടോബര്‍ മൂന്ന്, നാല് തീയതികളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി ആശയവിനിമയം നടത്തും. ആരൊക്കെ സ്ഥാനാര്‍ഥിയാകണമെന്ന ഏകദേശ രൂപം താഴത്തെട്ടില്‍ നിന്ന് പെട്ടെന്ന് തയാറാക്കി നല്‍കാനാണ് സി.പി.എമ്മിന്‍െറയും ഇടതുമുന്നണിയുടെയും നിര്‍ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.