ശ്രീനാരായണഗുരുവിനെ ഹൃദയപൂജ ചെയ്യുന്നത് ഈഴവര്‍ മാത്രം –വെള്ളാപ്പള്ളി

ചേര്‍ത്തല: ശ്രീനാരായണഗുരുവിനെ ഹൃദയപൂജ ചെയ്യുന്നത് ഈഴവര്‍ മാത്രമാണെന്നും മറ്റുപലരും അധരപൂജയാണ് ചെയ്യുന്നതെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേര്‍ത്തല എസ്.എന്‍ കോളജ് സുവര്‍ണ ജൂബിലി ഹാള്‍ ഗുരുവരത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുവിന്‍െറ നാമധേയത്തില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ‘എന്നാല്‍ കുട്ടിച്ചാത്തന്‍െറ പേരില്‍ ചെയ്യരുതോയെന്ന്’ ചോദിച്ചവരുള്ള നാടാണിത്. ഇ.എം.എസ് പോലും ഗുരുദേവന്‍ എന്നു പറയാതെ ശ്രീനാരായണന്‍ എന്നാണ് പറഞ്ഞിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജാതിയും മതവും ഭരണഘടനാപരമായി ഉള്ളതാണ്. ജാതിക്ക് അധിഷ്ഠിതമായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ നശിപ്പിച്ചത് ഈഴവസമുദായത്തെയാണ്. പ്രീ ഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ ആയിരക്കണക്കിന് സീറ്റാണ് നഷ്ടപ്പെട്ടത്. പ്രധാനമന്ത്രിയെ കാണാന്‍ പോകുന്നതും ചിലര്‍ വിവാദമാക്കുകയാണ്. അധികാരമുള്ളരെ കണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍ ട്രസ്റ്റ് നിര്‍വാഹക കമ്മിറ്റി അംഗം പി.എന്‍. നടരാജന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ. അനിരുദ്ധന്‍, ആര്‍.ഡി.സി ചെയര്‍മാന്‍ കെ.പി. നടരാജന്‍, എല്‍. ശിവാനന്ദന്‍, ഡോ. സി. അജയകുമാര്‍, ഡോ. ടി. പ്രദീപ്, വൈ. അജിത, ആതിര, പ്രഫ. പി. ഷേര്‍ളി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.