വൈപ്പിന്‍: പള്ളിപ്പുറം കോണ്‍വെന്‍റ് കടവില്‍ പാലത്തിനായി തീരദേശ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വീട്ടമ്മമാരുടെ അനിശ്ചിതകാല ഉപവാസസമരം ഒരു വര്‍ഷം തികയുന്നു. ഇതിന്‍െറ ഭാഗമായി 30ന് വീട്ടമ്മമാര്‍ ചെറായി ദേവസ്വം നടയില്‍ ഉപവാസം അനുഷ്ഠിക്കും. രാവിലെ ഒമ്പതിന് ചെറായി ബീച്ച് റോഡിലെ വലിയവീട്ടില്‍ക്കുന്ന് മൈതാനിയില്‍നിന്ന് പ്രകടനമായി ദേവസ്വം നടയില്‍ എത്തിയാണ് ഉപവാസം. ഒരു വര്‍ഷത്തിന്‍െറ പ്രതീകാത്മക ചിത്രീകരണത്തിന്‍െറ ഭാഗമായി 365 മെഴുകുതിരികള്‍ തെളിച്ചാണ് ഉപവാസം. കഴിഞ്ഞദിവസം കോണ്‍വെന്‍റ് കടപ്പുറത്ത് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. പാലം പണി തുടങ്ങാന്‍ ഇനിയും വൈകിയാല്‍ തീരദേശത്ത് നടത്തുന്ന ഉപവാസ സമരത്തിനൊപ്പം ചെറായി കവലയായ ദേവസ്വം നടയിലും ഉപവാസം ആരംഭിക്കും. ഓരോ ദിവസവും രണ്ടുപേര്‍ വീതം ഉപവാസം ഇരിക്കാനാണ് നീക്കമെന്ന് സമിതി കണ്‍വീനര്‍ ഡെയ്സി ജോണ്‍സണ്‍ അറിയിച്ചു. പാലത്തിനായി നബാര്‍ഡിന്‍െറ സഹായത്തോടെ 16.9 കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് സാങ്കേതികാനുമതിയും ഭരണാനുമതിയും നല്‍കിയെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ ഓഫിസില്‍നിന്നുള്ള വിവരം. ഉടന്‍ ടെന്‍ഡര്‍ നടപടികളാകുമെന്ന് മന്ത്രിയുടെ ഭരണകക്ഷിക്കാരും മാസങ്ങളായി പറയുന്നു. എന്നാല്‍, ഇതുവരെ പാലം പണി ആരംഭിക്കാനായില്ല. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതാണ് ടെന്‍ഡര്‍ നടപടി വൈകാന്‍ കാരണമെന്നാണ് പൊതുമരാമത്ത് ഉന്നത ഉദ്യോഗസ്ഥന്‍െറ പ്രതികരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് സമരം തുടങ്ങിയ തീരദേശവാസികള്‍ ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പും ബഹിഷ്കരിക്കാനുള്ള ആലോചനയിലാണ്. മൂന്നു പതിറ്റാണ്ടായി തീരവാസികളുടെ ആവശ്യത്തിന് ഒരു സര്‍ക്കാറും ചെവികൊടുക്കാതിരിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഒന്നുമുതലാണ് വീട്ടമ്മമാര്‍ സമരം തുടങ്ങിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്ക്കകരിച്ച്, കായലില്‍ കഴുത്തറ്റം വെള്ളത്തില്‍ ഇറങ്ങി നിന്നുള്ള വനിതകളുടെ പ്രതിഷേധസമരം ദൃശ്യമാധ്യമങ്ങളിലടക്കം വാര്‍ത്താപ്രാധാന്യം ലഭിച്ചിരുന്നു. പുതുവര്‍ഷവും തിരുവോണവും ക്രിസ്മസും തുടങ്ങി എല്ലാ വിശേഷദിവസങ്ങളിലും വനിതകള്‍ ധീരമായി സമരപ്പന്തലില്‍ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.