ഡോക്ടര്‍മാരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന

ആലപ്പുഴ: സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്ന മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന. ഓര്‍ത്തോ വിഭാഗത്തിലെ ഡോ. സലീം, ഓങ്കോളജിസ്റ്റ് ഡോ. പ്രവീണ്‍ ജെ. നൈനാന്‍, ഗൈനക്കോളജിസ്റ്റ് ഡോ. തങ്കു തോമസ് കോശി, സര്‍ജന്‍ ഡോ. ഷാജഹാന്‍ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. എല്ലാവരുടെയും വീടുകളില്‍ ഒരേസമയം വൈകുന്നേരം അഞ്ചോടെയാണ് പരിശോധന ആരംഭിച്ചത്. വിജിലന്‍സ് സംഘം പരിശോധക്ക് എത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ 30 മുതല്‍ 40 വരെ സന്ദര്‍ശകര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ചിലരുടെ വീടുകളില്‍ ഉച്ചക്ക് രണ്ടോടെതന്നെ രോഗികളെ പരിശോധിക്കുന്നത് ആരംഭിച്ചിരുന്നതായി ഡിവൈ.എസ്.പി അശോക്കുമാര്‍ പറഞ്ഞു. സന്ദര്‍ശകരില്‍നിന്ന് വാങ്ങിയ പണം, മരുന്ന് കുറിച്ചുനല്‍കിയ ശീട്ട്, സന്ദര്‍ശകരുടെ പേര് എഴുതുന്ന ബുക് എന്നിവ പിടിച്ചെടുത്തു. ആശുപത്രി ജോലിയില്‍ ഡോക്ടര്‍മാര്‍ വീഴ്ചവരുത്തുന്നതായും രോഗികളെ വീട്ടില്‍ വന്ന് കാണാന്‍ നിര്‍ബന്ധിക്കുന്നതായും ഉള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് 2009ല്‍ സര്‍ക്കാര്‍ നിരോധിച്ചതാണ്. ഇതിന് നഷ്ടപരിഹാരമായി നോണ്‍പ്രാക്ടീസിങ് അലവന്‍സും നല്‍കുന്നുണ്ട്. പരിശോധന സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കും. പരിശോധനയില്‍ സി.ഐ മാരായ ഹരിവിദ്യാധരന്‍, കെ.എ. തോമസ്, ഋഷികേശന്‍ നായര്‍, സ്പെഷല്‍ തഹസില്‍ദാര്‍മാരായ ജയചന്ദ്രകുറുപ്പ്, പി. ഉണ്ണികൃഷ്ണന്‍, പ്രകാശന്‍, വിജയന്‍, എസ്.ഐമാരായ ജോസ്കുട്ടി, സുധാകരന്‍, രാജീവ്, ലാല്‍ജി, ആന്‍റണി, മുരളീധരന്‍, ഇഗ്നേഷ്യസ്, മോഹന്‍, റോബിന്‍സണ്‍, ഇക്ബാല്‍, സഞ്ജീവ്, ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.