അനധികൃത പാര്‍ക്കിങ്: ചാരുംമൂട്ടില്‍ ഇന്നുമുതല്‍ കര്‍ശന പരിശോധന

ചാരുംമൂട്: ചാരുംമൂട് ജങ്ഷനിലെ അനധികൃത വാഹന പാര്‍ക്കിങ്ങിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ബുധനാഴ്ച മുതല്‍ പരിശോധന ശക്തമാക്കും. ജങ്ഷനിലെ അനധികൃത പാര്‍ക്കിങ് മൂലം ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പതിവായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചത്. ആര്‍. രാജേഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജങ്ഷനിലെ ഗതാഗതക്കുരുക്കടക്കം വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കാന്‍ മാസങ്ങള്‍ക്കുമുമ്പ് യോഗം വിളിച്ചിരുന്നു. എന്നാല്‍, വിവിധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ എടുത്ത തീരുമാനങ്ങളൊന്നും നടപ്പാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നീക്കം ഉണ്ടായില്ല. ജങ്ഷനില്‍നിന്ന് നാലുഭാഗത്തേക്കുമുള്ള റോഡില്‍ 100 മീറ്റര്‍ ചുറ്റളവില്‍ എല്ലാവിധ അനധികൃത പാര്‍ക്കിങ്ങും നിരോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിയാല്‍ റോഡിലായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലമാണ് ജങ്ഷനില്‍ ഗതാഗതക്കുരുക്ക് കൂടുതലും അനുഭവപ്പെടുന്നത്. ജങ്ഷനില്‍ നാലുഭാഗത്ത് ബസ് സ്റ്റോപ്പുകള്‍ ഉണ്ടെങ്കിലും യാത്രക്കാരെ സിഗ്നല്‍ ലൈറ്റിന് സമീപത്ത് ഇറക്കുന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. ഇങ്ങനെ ബസില്‍നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍ക്ക് ഇരുചക്രവാഹനങ്ങള്‍ ഇടിച്ച് പരിക്കേല്‍ക്കുന്നതും പതിവുസംഭവമാണ്. ഗതാഗതക്കുരുക്ക് രൂക്ഷമായ സമയങ്ങളില്‍ പോലും ജങ്ഷനില്‍ ബസുകള്‍ തിരിച്ചുപോകുന്നതും അപകടങ്ങള്‍ക്കും ഗതാഗതസ്തംഭനത്തിനും കാരണമാകുന്നു. ജങ്ഷനില്‍ കാല്‍നടക്കാര്‍ക്ക് ഒഴിച്ചിട്ടിരിക്കുന്ന നടപ്പാത ചില വ്യാപാര സ്ഥാപനങ്ങള്‍ കൈയടക്കുന്നതുമൂലം യാത്രക്കാര്‍ റോഡിലൂടെ ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സമയങ്ങളില്‍ സിഗ്നല്‍ ലൈറ്റുകള്‍ കാര്യമാക്കാതെ വാഹനങ്ങള്‍ ചീറിപ്പായുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. ജങ്ഷനിലെ ഗതാഗതക്കുരുക്കിനെ സംബന്ധിച്ച വ്യാപകപരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കഴിഞ്ഞദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നൂറിലധികം വാഹനങ്ങളാണ് ഒരുമാനദണ്ഡവും ഇല്ലാതെ റോഡില്‍ പാര്‍ക്ക്ചെയ്യുന്നതായി കണ്ടത്തെിയത്. അനധികൃത പാര്‍ക്കിങ്ങും നടപ്പാതകള്‍ കൈയേറിയുള്ള കച്ചവടവും ഒഴിപ്പിക്കാന്‍ നടപടികളും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മറ്റ് വകുപ്പ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് നടപ്പാക്കാനാണ് തീരുമാനം. സിഗ്നല്‍ ലൈറ്റുകളോട് ചേര്‍ന്ന് കാമറ സ്ഥാപിക്കുകയും അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ പ്രത്യേകസ്ഥലം കണ്ടത്തെി പാര്‍ക്കിങ് ഏരിയായി പ്രഖ്യാപിക്കുകയും ചെയ്താല്‍ മാത്രമെ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. ജങ്ഷന് തെക്കേ ബസ് സ്റ്റോപ്പില്‍ ബസുകള്‍ പാര്‍ക്കുചെയ്യാന്‍ സൗകര്യം ഒരുക്കാനും അധികൃതര്‍ തയാറാകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.