ഹോംകോ രണ്ടാംഘട്ട വികസനം: ഭൂമി കൈമാറ്റം നാളെ

ആലപ്പുഴ: ഹോംകോയുടെ (കേരളാ സ്റ്റേറ്റ് ഹോമിയോപതിക് കോഓപറേറ്റിവ് ഫാര്‍മസി ലിമിറ്റഡ്) രണ്ടാംഘട്ട വികസനത്തിന് ഭൂമി കൈമാറ്റം ബുധനാഴ്ച നടക്കും. വൈകുന്നേരം നാലിന് മന്ത്രി വി.എസ്. ശിവകുമാറിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭൂമി കൈമാറ്റം നിര്‍വഹിക്കുമെന്ന് ഹോംകോ ചെയര്‍മാന്‍ ഡോ. കെ. ജെമുനയും മാനേജിങ് ഡയറക്ടര്‍ ഡോ. പി.വി. സന്തോഷും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂമിയുടെ രേഖകള്‍ ഡോ. തോമസ് ഐസക് എം.എല്‍.എ ഏറ്റുവാങ്ങും. കെട്ടിടത്തിന്‍െറ പുതുക്കിയ രൂപരേഖ കെ.സി. വേണുഗോപാല്‍ എം.പി പ്രകാശനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാഹരി, കലക്ടര്‍ എന്‍. പത്മകുമാര്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജി. രാജേശ്വരി, ആര്യാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.എസ്. ജോര്‍ജ്, ജില്ലാപഞ്ചായത്ത് അംഗം പി.പി. സംഗീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എ. ജുമൈലത്ത്, പി.വി. സത്യനേശന്‍, അഡ്വ. എം. രവീന്ദ്രദാസ് തുടങ്ങിയവര്‍ പങ്കെടുക്കും. അന്താരാഷ്ട്ര നിലവാരത്തിലുള്ള മരുന്നുല്‍പാദന കേന്ദ്രത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 57 സെന്‍റ് ഭൂമിയാണ് ഹോംകോക്ക് കൈമാറുന്നത്. 30 രൂപയുടെ പദ്ധതിയാണ് രണ്ടാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ 150 പേര്‍ക്ക് നേരിട്ടും നൂറോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. കയറ്റുമതി ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര നിലവാരത്തില്‍ ഒൗഷധനിര്‍മാണം ഹോംകോയില്‍ തുടങ്ങുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഹോമിയോപ്പതി ഒൗഷധ നിര്‍മാണശാലയായി ഹോംകോ മാറുമെന്നും ചെയര്‍മാനും മാനേജിങ് ഡയറക്ടറും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.