തട്ടിപ്പുകേസില്‍ പിടിയിലായ യുവതി മാക്ട ഓഫിസ് സെക്രട്ടറി

പറവൂര്‍: വീട്ടമ്മമാരോട് സൗഹൃദം നടിച്ച് സ്വര്‍ണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ യുവതി മാക്ട ഫെഡറേഷന്‍െറ ഓഫിസ് സെക്രട്ടറിയായിരുന്നെന്ന് പൊലീസ്. പാലാരിവട്ടം പി.ജെ. ആന്‍റണി റോഡില്‍ കോളാര്‍പ്പിള്ളി ദീപയെന്ന ദീപ വിനയനാണ് (43) തട്ടിപ്പിന് അറസ്റ്റിലായത്. മാക്ടയിലെ ജോലിയാണ് തട്ടിപ്പിനായി യുവതി ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. പറവൂര്‍ പള്ളിത്താഴം സ്വദേശിയും വീട്ടമ്മയുമായ ബിന്നി ജോര്‍ജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പറവൂര്‍ പൊലീസ് ദീപയെ അറസ്റ്റ് ചെയ്തത്. ഇവരോടൊപ്പം സുഹൃത്തും സഹായിയുമായ കൊടുങ്ങല്ലൂര്‍ മതിലകം പള്ളിവളവ് ശ്രീകല വിശ്വനാഥിനെയും (41) പിടികൂടിയിരുന്നു. ശ്രീകലയുടെ സഹായത്തോടെയാണ് ദീപ കൂടുതലും തട്ടിപ്പ് നടത്തിയത്. ബിന്നി ജോര്‍ജില്‍നിന്ന് 4.60 ലക്ഷവും എട്ടേകാല്‍ പവന്‍ സ്വര്‍ണവുമാണ് ദീപ തട്ടിയെടുത്തത്. ഒരുമാസത്തെ അവധിക്കായി വായ്പയായാണ് പണവും സ്വര്‍ണവും വാങ്ങിയത്. ദീപയുമായി നേരിട്ട് പരിചയമില്ലാത്ത വീട്ടമ്മയെ പറഞ്ഞു വഞ്ചിച്ച് പാലക്കാടുള്ള അഞ്ചേക്കര്‍ സ്വന്തം പേരിലാക്കാനായിരുന്നു തട്ടിപ്പ്. ഇതില്‍നിന്ന് 15 സെന്‍റ് ശ്രീകലക്ക് സൗജന്യമായി നല്‍കാമെന്നായിരുന്നു വാഗ്ദാനം. സിനിമാരംഗത്തെ പ്രമുഖരായുള്ള ബന്ധവും തട്ടിപ്പിന് ഉപയോഗിച്ചു. മാക്ട ഓഫിസിന് സമീപമുള്ള പുഷ്പയെന്ന യുവതിയുടെ പക്കല്‍നിന്ന് ഒമ്പതുലക്ഷവും തട്ടിയിരുന്നു. വെണ്ണല സ്വദേശി കുമാരിയില്‍നിന്ന് 15 പവന്‍ സ്വര്‍ണം, ദീപയുടെ വീട്ടിലെ വേലക്കാരി കുട്ടിയമ്മ എന്ന ഫിലോമിനയില്‍നിന്ന് ഏഴുലക്ഷം എന്നിവയും തട്ടിയെടുത്തു. പാലാരിവട്ടം, കൊടുങ്ങല്ലൂര്‍, കടവന്ത്ര എന്നീ പൊലീസ് സ്റ്റേഷനുകളിലും ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. ദീപ വിനയന്‍, ദീപ രഞ്ജിത്ത് എന്നീ പേരുകളിലും ഇവര്‍ ബന്ധപ്പെട്ടിരുന്നു. പിടിയിലായതോടെ തട്ടിപ്പിനിരയായ നിരവധി പേര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.