റോഡരികിലെ മലിനജലം സമുദ്രോല്‍പന്ന സംസ്കരണ ശാലകളില്‍നിന്നെന്ന് നാട്ടുകാര്‍

അരൂര്‍: വ്യവസായ കേന്ദ്രത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നു. നാല് ടാങ്കര്‍ ലോറികളില്‍ നിറച്ച് മാറ്റിയിട്ടും ബാക്കിയാകുന്നു. അരൂര്‍-തോപ്പുംപടി റോഡില്‍ എലൈറ്റ് ഫുഡ്സ് കമ്പനിയുടെ മുന്നിലെ പൊട്ടിയ കാനയിലും റോഡിലുമാണ് കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ച് മലിനജലം നിറയുന്നത്. അസഹ്യ ദുര്‍ഗന്ധത്തോടെയുള്ള മാലിന്യം പരിസരങ്ങളിലെ വിവിധ സമുദ്രോല്‍പന്ന കയറ്റുമതി ശാലകളില്‍നിന്നും എത്തുന്നതാണെന്ന് പരിസരവാസികള്‍ പറഞ്ഞു. എലൈറ്റ് ഫാക്ടറിയുടെ മുന്നിലെ കാനയില്‍നിന്ന് കൈതപ്പുഴക്കായലിലേക്ക് വെള്ളം ഒഴുക്കുന്നതില്‍ തോടും കലുങ്കും ഉണ്ടായിരുന്നതാണ്. റോഡിന് കുറുകെയുണ്ടായിരുന്ന കാനയില്‍ ഒഴുക്ക്് നിലച്ചതാണ് വെള്ളക്കെട്ടിന് കാരണം. റോഡ് കുത്തിപ്പൊളിച്ച് കാനയുടെ നിലവിലുള്ള സ്ഥിതി പരിശോധിക്കാനും അറ്റകുറ്റപ്പണി നടത്താനും പൊതുമരാമത്ത് വകുപ്പിന്‍െറ അനുമതി ആവശ്യമുണ്ട്. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വിസ് നടത്തുന്ന റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി കാന നിര്‍മാണം അസാധ്യമാണ്. പകുതി റോഡിലൂടെ നിയന്ത്രിത ഗതാഗതം സാധ്യമാക്കി കാനയുടെ പുനര്‍നിര്‍മാണം നടത്താനുള്ള നടപടിയാണ് ആവശ്യം. വ്യവസായികളുടെ കൂട്ടായ പരിശ്രമം ആവശ്യമുള്ള ഇക്കാര്യത്തില്‍ അടിയന്തരമായി പഞ്ചായത്ത് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കമ്പനികളില്‍നിന്ന് കാനയിലേക്ക് മാലിന്യം ഒഴുകാതിരിക്കാന്‍ നടപടി വേണം. ഇക്കാര്യത്തില്‍ മലിനീകരണ നിയന്ത്രണബോര്‍ഡും ആരോഗ്യവകുപ്പ് അധികൃതരും ശ്രദ്ധിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.