ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ നവീകരണത്തിന് സമഗ്രപദ്ധതി –എം.പി

ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍െറ നവീകരണത്തിന് സമഗ്രപദ്ധതി നടപ്പാക്കുമെന്ന് കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. ജില്ലയുടെ വിനോദസഞ്ചാരസാധ്യതകള്‍ പരിഗണിച്ച് ടൂറിസം വകുപ്പിന്‍െറ സഹകരണത്തോടെയാകും പദ്ധതി. എം.പിയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് തുക ചെലവഴിച്ച് നിര്‍മിക്കുന്ന പാസഞ്ചര്‍ അമിനിറ്റി സെന്‍ററിന്‍െറ ശിലാസ്ഥാപന ചടങ്ങിന്‍െറ സ്വാഗതസംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദസഞ്ചാരികളുടെ ഗേറ്റ് വേ എന്ന നിലയില്‍ രാജ്യാന്തര നിലവാരത്തിലുള്ള ബസ് സ്റ്റേഷനാണ് വിഭാവനം ചെയ്തിട്ടുള്ളത്. ബസ് സ്റ്റേഷന്‍ വികസനത്തിന്‍െറ രൂപരേഖ തയാറാക്കുന്നതിന് ഈ രംഗത്തെ പരിചയസമ്പന്നരായ കണ്‍സള്‍ട്ടന്‍റുകളുടെ സഹായം തേടും. യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രം, ബസ് ലെയ്നുകള്‍, പാര്‍ക്കിങ്, ബേ ഗാരേജ്, ഓഫിസ്, ടോയ്ലറ്റുകള്‍, ഭക്ഷണശാല, വ്യാപാരസ്ഥാപനങ്ങള്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ഓട്ടോമേറ്റഡ് അനൗണ്‍സ്മെന്‍റ് സിസ്റ്റം, കണ്‍ട്രോള്‍ സ്റ്റേഷന്‍, ഹെല്‍പ് ഡെസ്ക് തുടങ്ങിയവ ഏറ്റവും ആധുനികമായി സമന്വയിപ്പിക്കുന്ന വിധത്തിലാകും വികസന പദ്ധതിയെന്ന് എം.പി അറിയിച്ചു. ബസ് സ്റ്റേഷന്‍ നവീകരണത്തിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു. 50 ലക്ഷം രൂപ കൈമാറി. അടുത്തഘട്ടമായി ബാക്കി 50 ലക്ഷം രൂപകൂടി നല്‍കും. അമിനിറ്റി സെന്‍ററിന്‍െറ ശിലാസ്ഥാപനം 27ന് വൈകുന്നേരം മൂന്നിന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനിലെ കാന്‍റീന്‍, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടത്തെിയ സ്ഥലം എന്നിവിടങ്ങള്‍ എം.പി സന്ദര്‍ശിച്ചു. യോഗത്തില്‍ കൗണ്‍സിലര്‍മാരായ എം.ജി. സതീദേവി, തോമസ് ജോസഫ്, ഡി.ടി.ഒ എസ്.കെ. സുരേഷ് കുമാര്‍, രവി പാലത്തുങ്കല്‍, വിവിധ ട്രേഡ് യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.