പീലിങ് തൊഴിലാളികള്‍ യഥാര്‍ഥ്യം മനസ്സിലാക്കണം –സംസ്കരണ യൂനിയന്‍

ആലപ്പുഴ: ചെമ്മീന്‍ പീലിങ് മേഖലയില്‍ ഒത്തുതീര്‍പ്പ് ഉണ്ടായിട്ടും വീണ്ടും തൊഴിലാളി സമരം ഉണ്ടായത് ഒരുവിഭാഗം തൊഴിലാളികള്‍ യാഥാര്‍ഥ്യം മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് കേരള മത്സ്യസംസ്കരണ തൊഴിലാളി യൂനിയന്‍ (എ.ഐ.യു.ടി.യു.സി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറ ഞ്ഞു. കഴിഞ്ഞ 11ന് കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഒത്തുതീര്‍പ്പ് തീരുമാനമുണ്ടായത്. യൂനിയന്‍ പ്രസിഡന്‍റ് രേവമ്മ ചന്ദ്രന്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതുകൊണ്ടാണ് ദിവസങ്ങളായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് അധികാരികള്‍ക്ക് തോന്നിയത്. അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ തൊഴിലാളികളുടെ പ്രശ്നങ്ങളാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം കൂലി നിലവിലെ കൂലിയുമായി വളരെ വ്യത്യാസമുള്ളതിനാല്‍ അത് നടപ്പാക്കാന്‍ കുറച്ചുസമയം ആവശ്യമാണെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചതുകൊണ്ടാണ് ഒത്തുതീര്‍പ്പിന് തയാറായത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന അളവുതൂക്കത്തില്‍ വന്ന മാറ്റംമൂലം വേണ്ടരീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കാത്ത ചില തൊഴിലാളികള്‍ ഒത്തുതീര്‍പ്പിലൂടെ തങ്ങള്‍ക്ക് കൂലി കുറഞ്ഞതായി തെറ്റിദ്ധരിച്ചു. ചിലര്‍ യൂനിയനെതിരെ തൊഴിലാളികളെ തിരിച്ചുവിടുകയാണ്. സ്ത്രീതൊഴിലാളികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനും സംഘടിത ശക്തിയെ തകര്‍ക്കാനുമാണ് ഇക്കൂട്ടരുടെ ശ്രമം. യാഥാര്‍ഥ്യം മനസ്സിലാക്കി നുണപ്രചാരണങ്ങള്‍ തൊഴിലാളികള്‍ തള്ളണം. വാര്‍ത്താസമ്മേളനത്തില്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി എസ്. സീതിലാല്‍, ജില്ലാ സെക്രട്ടറി ആര്‍. അര്‍ജുനന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.