പതിറ്റാണ്ടുകള്‍ക്ക്ശേഷം ശാപമോക്ഷം: ആലപ്പുഴ ബൈപാസ്; പൈലിങ് പുരോഗമിക്കുന്നു

ആലപ്പുഴ: പതിറ്റാണ്ടുകള്‍ മൃതാവസ്ഥയില്‍ കിടന്ന നിര്‍ദിഷ്ട ആലപ്പുഴ ബൈപാസിന്‍െറ നിര്‍മാണം വേഗത്തിലായി. ഭരണപരവും സാങ്കേതികവുമായ തടസ്സങ്ങള്‍ ഒഴിവായതിനാല്‍ പ്രാഥമികഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. ഒരിക്കലും സാധ്യമാകില്ളെന്ന് കരുതിയ ബൈപാസിന്‍െറ നിര്‍മാണത്തുടക്കം കുറ്റമറ്റരീതിയില്‍ നീങ്ങുകയാണ്. കൊമ്മാടി മുതല്‍ കളര്‍കോട് വരെ 6.8 കി.മീ. നീളമുള്ള ബൈപാസ് ഗതികിട്ടാപ്രേതം പോലെ കിടക്കുകയായിരുന്നു. ഓരോ ഭരണകൂടവും കൈയൊഴിഞ്ഞ പദ്ധതിക്ക് കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്‍െറ അവസാനകാലത്താണ് അല്‍പമെങ്കിലും ജീവന്‍വെച്ചത്. പലതരത്തിലെ തടസ്സങ്ങളായിരുന്നു അഭിമുഖീകരിക്കേണ്ടി വന്നത്. പ്രധാനമായും സാമ്പത്തികംതന്നെ. കേന്ദ്ര-സംസ്ഥാന ഫണ്ടുകളുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴയുടെ പ്രത്യേകസാഹചര്യവും ജനസാന്ദ്രതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും തടസ്സങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. റെയില്‍വേയുമായി ബന്ധപ്പെട്ട ജോലിയുടെ കാര്യത്തില്‍ വന്ന അനിശ്ചിതത്വവും തടസ്സത്തിന് ആക്കംകൂട്ടി. കെ.സി. വേണുഗോപാല്‍ കേന്ദ്രസഹമന്ത്രിയായിരിക്കെ നടത്തിയ ഇടപെടലുകളാണ് കേന്ദ്ര അംഗീകാരത്തിന് വഴിവെച്ചത്. ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകാതിരുന്നത് കെ.സി. വേണുഗോപാലിന് എതിരെയുള്ള വലിയ ആരോപണമായി നിലനിന്നു. വെല്ലുവിളി രാഷ്ട്രീയഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് എല്ലാ ബന്ധപ്പെട്ട വകുപ്പുകളുടെയും മുന്നില്‍ നടത്തിയ സമ്മര്‍ദമാണ് അവസാന നിമിഷത്തിലെങ്കിലും ബൈപാസിന് പച്ചക്കൊടി കാണാനായത്. സംസ്ഥാനസര്‍ക്കാറും ഇക്കാര്യത്തില്‍ കാണിച്ച താല്‍പര്യം കാര്യങ്ങള്‍ വേഗത്തിലാക്കി. പുതിയ കേന്ദ്രസര്‍ക്കാറും ബൈപാസ് നിര്‍മാണത്തിന് വേണ്ടസഹായം വാഗ്ദാനം ചെയ്തതോടെ നടപടികള്‍ക്കൊപ്പം നിര്‍മാണവും തുടങ്ങാനായി. ആലപ്പുഴ നഗരത്തിന്‍െറ തീരാശാപമായ ഗതാഗതക്കുരുക്കും ചരക്കുകയറ്റി പോകുന്ന വാഹനങ്ങളുടെ ബാഹുല്യവും പരിഹരിക്കാന്‍ ബൈപാസ് കൂടിയേതീരു. അതറിഞ്ഞുകൊണ്ടാണ് നിര്‍മാണത്തിന് വേഗം കൈവന്നത്. 348.43 കോടി രൂപ ചെലവുള്ള ബൈപാസിന്‍െറ പ്രധാന ആകര്‍ഷണം കുതിരപ്പന്തിയിലും മാളികമുക്കിലുമുള്ള രണ്ട് റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിക്കുന്ന 3200 മീറ്റര്‍ നീളത്തിലെ എലിവേറ്റഡ് ഹൈവേയാണ്. ഇതുമായി ബന്ധപ്പെട്ട പൈലുകളുടെ ലോഡ് ടെസ്റ്റ് വിജയകരമായി. വര്‍ക്കിങ് പൈലുകളുടെ നിര്‍മാണപ്രവൃത്തി ബീച്ചിന് സമീപം നടക്കുകയാണ്. മാളികമുക്ക് റെയില്‍വേ ക്രോസിന് സമീപം നടത്തിയ ടെസ്റ്റ് പൈലിന്‍െറ ലോഡ് ടെസ്റ്റ് വിജയകരമായിരുന്നു. 43 മീറ്റര്‍ താഴ്ചയില്‍ 1200 എം.എം വ്യാസമുള്ള ടെസ്റ്റ് പൈലായിരുന്നു ലോഡ് ടെസ്റ്റിന് ഇവിടെ നിര്‍മിച്ചത്. പിന്നീട് 2500 കിലോ ഭാരമുള്ള അഞ്ഞൂറോളം കോണ്‍ക്രീറ്റ് ബ്ളോക്കുകള്‍ ക്രമമായി അടുക്കിവെച്ചാണ് ലോഡ് ടെസ്റ്റ് നടത്തിയത്. 26 മണിക്കൂറിലേറെ പൈലിന് മുകളില്‍ ഭാരം കയറ്റിയശേഷമാണ് നടപടി പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ വര്‍ക്കിങ് പൈലുകളുടെ ജോലി ദ്രുതഗതിയിലാണ്. എലിവേറ്റഡ് ഹൈവേക്ക് നാനൂറോളം പൈലുകളാണ് വേണ്ടിവരുന്നത്. പൈലുകള്‍ ക്രമീകരിക്കുന്നതിന്‍െറ ഭാഗമായി ഓരോ 35 മീറ്റര്‍ ഇടവിട്ടും ഓരോ പില്ലര്‍ പോയന്‍റുകള്‍ നിര്‍മിക്കുന്നുണ്ട്. അതില്‍ ഓരോന്നിലും നാലുവരെ പൈലുകളുണ്ടാകും. പാറ കണ്ടത്തെുന്ന പൈലിങ് രീതി ആലപ്പുഴയിലെ മണ്ണിന്‍െറ സ്വഭാവം അനുസരിച്ച് പ്രായോഗികമല്ല. അതിനാല്‍ ഫ്രിക്ഷന്‍ പൈലിങ്ങാണ് നടത്തുന്നത്. എലിവേറ്റഡ് ഹൈവേ വരുമ്പോള്‍ സ്ഥലവാസികള്‍ക്ക് നിലവിലെ സൗകര്യങ്ങള്‍ കുറയില്ല. എറണാകുളം കേന്ദ്രമാക്കിയുള്ള ആര്‍.ഡി.എസ് പ്രോജക്ടാണ് ബൈപാസിന്‍െറ നിര്‍മാണം നടത്തുന്നത്. 90 ദിവസം കൊണ്ട് പൈലുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി അടുത്തഘട്ടത്തിലേക്ക് കടക്കാന്‍ കഴിയുമെന്ന് പ്രോജക്ട് കോഓഡിനേറ്റര്‍ കെ. മനീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.