ഒഴിവുകള്‍ നികത്താന്‍ നടപടിയില്ല; ആലപ്പുഴ മെഡിക്കല്‍ കോളജിനോട് വിവേചനം

ആലപ്പുഴ: ഡോക്ടര്‍മാരുടെ കുറവുമൂലം ചികിത്സ ലഭിക്കാതെ രോഗികള്‍ മരിക്കുന്നത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിത്യസംഭവമായിട്ടും ആലപ്പുഴ മെഡിക്കല്‍ കോളജിനോട് വിവേചനം തുടരുന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധികളും മെഡിക്കല്‍ കോളജ് ഉദ്യോഗസ്ഥരും നടത്തിയ പ്രഖ്യാപനങ്ങളില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയുമില്ല. നിലവില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫിന്‍െറയും കുറവ് വളരെ കൂടുതലാണ്. എന്നിട്ടും ഡോക്ടര്‍മാരെ ആലപ്പുഴയില്‍നിന്ന് സ്ഥലംമാറ്റുന്നത് തുടരുന്നു. പ്രമോഷന്‍െറയും മറ്റും പേരില്‍ ആശുപത്രിയില്‍നിന്ന് ഡോക്ടര്‍മാരെ മറ്റ് ജില്ലകളിലേക്ക് മാറ്റുമ്പോള്‍ ആ ഒഴിവുകള്‍ നികത്തപ്പെടുന്നില്ല. ആവശ്യത്തിന് കെട്ടിടങ്ങളും വിശാലമായ സ്ഥലസൗകര്യങ്ങളും ഉണ്ടെങ്കിലും സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളജുകള്‍ക്ക് ലഭിക്കുന്ന പരിഗണനയുടെ അടുത്തുപോലും ആലപ്പുഴ മെഡിക്കല്‍ കോളജിന് ലഭിക്കുന്നില്ല. കാലാകാലങ്ങളായി ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങള്‍ എം.പിയും എം.എല്‍.എയും സര്‍ക്കാറിന് നല്‍കിയിട്ടുണ്ട്. ജില്ലയിലെ പാവപ്പെട്ടവരും ഇടത്തരക്കാരുമായ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രിയാണിത്. എന്നാല്‍, അവിടെ എത്തിയാല്‍ ജീവനോടെ തിരിച്ചുപോകില്ളെന്ന പ്രചാരണമാണ് ഇന്നുള്ളത്. പ്രഗല്ഭരായ ഡോക്ടര്‍മാരെ മെഡിക്കല്‍ കോളജില്‍നിന്ന് മാറ്റിക്കഴിഞ്ഞു. മെഡിക്കല്‍ കൗണ്‍സിലിന്‍െറ നിര്‍ദേശപ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ ഇല്ല. കൗണ്‍സിലിന്‍െറ പരിശോധനസമയത്ത് നിയമനങ്ങള്‍ തട്ടിക്കൂട്ടുകയും അതിനുശേഷം അത് പിന്‍വലിക്കുകയും ചെയ്യുന്നു. 304 നഴ്സുമാരാണ് വേണ്ടത്. എന്നാല്‍, 181 പേര്‍ മാത്രമേ ഉള്ളൂ. 309 ഡോക്ടര്‍മാരുടെ സ്ഥാനത്ത് 227 പേര്‍ മാത്രമേയുള്ളൂ. ഉള്ളവര്‍ തന്നെ സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം സ്ഥലംമാറ്റത്തിന് വിധേയമാകുമ്പോള്‍ ഈ എണ്ണത്തില്‍ തന്നെ ഏറ്റക്കുറച്ചില്‍ ഉണ്ടാകും. പാരാമെഡിക്കല്‍ സ്റ്റാഫിന്‍െറയും അവസ്ഥ ഇതുതന്നെ. രോഗികള്‍ കൂടുതല്‍ എത്തുന്ന വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ കുറവുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഏറെയാണ്. പലപ്പോഴും അത് സംഘര്‍ഷത്തിലേക്ക് വഴിമാറുന്നു. ചികിത്സാ പിഴവുമൂലം രോഗി മരിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രതിഷേധവും അത് തണുപ്പിക്കാനുള്ള ചെപ്പടി പ്രഖ്യാപനങ്ങളും മാത്രമാണ് ബാക്കിയായുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.