ജില്ലാ പഞ്ചായത്തിന്‍െറ സ്ത്രീസൗഹൃദ കേന്ദ്രം തുറന്നു

ആലപ്പുഴ: അഴിമതിയുടെ പുകമറ സൃഷ്ടിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം ശ്രമിക്കുന്നതെന്ന് ജി. സുധാകരന്‍ എം.എല്‍.എ. ജില്ലാ പഞ്ചായത്ത് വികസനം പദ്ധതിയില്‍പെടുത്തി നിര്‍മിച്ച സ്ത്രീസൗഹൃദ കേന്ദ്രത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ യു.ഡി.എഫ് നേതൃത്വം വികസനപ്രവര്‍ത്തനങ്ങളോട് സ്വീകരിക്കുന്ന സമീപനം ശരിയല്ളെന്ന് സുധാകരന്‍ പറഞ്ഞു. യു.ഡി.എഫ് അംഗങ്ങള്‍ ഉള്‍പ്പെട്ട യോഗമാണ് സൗഹൃദ കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിന്‍െറ ഉദ്ഘാടന ചടങ്ങില്‍ അവര്‍ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് അന്വേഷിക്കണം. അഴിമതി ആരോപണം ഉണ്ടെങ്കില്‍ അന്വേഷിച്ച് യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുകയാണ് വേണ്ടത്. വികസനപ്രവര്‍ത്തനങ്ങളെ രാഷ്ട്രീയ വാദപ്രതിവാദങ്ങളിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. പൊടിക്കൈകള്‍കൊണ്ട് ജനങ്ങളെ പറ്റിക്കാനാകില്ളെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീസൗഹൃദ കേന്ദ്രം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സി.പി.ഐ പ്രതിനിധികള്‍ ചില എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. അവര്‍ ആ കാര്യത്തില്‍ ഇപ്പോഴും സത്യസന്ധത പുലര്‍ത്തുന്നുണ്ട്. സ്ത്രീസൗഹൃദ കേന്ദ്രവുമായി ബന്ധപ്പെട്ട് സി.പി.ഐക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടതാണ്. സി.പി.ഐ യില്ലാതെ ആലപ്പുഴയില്‍ ഇടതുമുന്നണിയില്ല. ചടങ്ങില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തം കുറഞ്ഞതില്‍ സംഘാടകരെ സുധാകരന്‍ വിമര്‍ശിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. പ്രതിഭാ ഹരി അധ്യക്ഷത വഹിച്ചു. ജെന്‍ഡര്‍ പാര്‍ക്ക് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ നേരിടേണ്ടിവന്ന എതിര്‍പ്പും അഴിമതിയാരോപണവും വിശദീകരിച്ച പ്രതിഭാ ഹരി പ്രസംഗത്തിനിടെ വികാരാധീനയായി. ഇടക്ക് സാരിത്തലപ്പുകൊണ്ട് കണ്ണ് തുടക്കുന്നതും കാണാമായിരുന്നു. ആലപ്പുഴ നഗരസഭാ അധ്യക്ഷ മേഴ്സി ഡയാന മാസിഡോ, സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കുഞ്ഞുമോള്‍ സജീവ്, എ.എം. ഷാഹിര്‍, മനു സി. പുളിക്കല്‍, വി.ജി. മോഹനന്‍, എല്‍. ഓമനക്കുട്ടിയമ്മ, വിപ്ളവഗായിക പി.കെ. മേദിനി, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ അരവിന്ദാക്ഷന്‍, കൗണ്‍സിലര്‍ വി.പി. പ്രഭാത് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കുഞ്ഞുമോള്‍ സജീവ് സ്വാഗതവും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വിഷ്ണുകുമാര്‍ നന്ദിയും പറഞ്ഞു. ആറുകോടി രൂപ ചെലവഴിച്ചാണ് 65 സെന്‍റ് സ്ഥലത്തിനുള്ളില്‍ ജില്ലാ പഞ്ചായത്ത് സ്ത്രീസൗഹൃദ കേന്ദ്രം നിര്‍മിച്ചത്. പൊതു വിഭാഗത്തില്‍നിന്നും പട്ടികജാതി വിഭാഗത്തില്‍നിന്നുമുള്ള പണമുപയോഗിച്ചായിരുന്നു സൗഹൃദകേന്ദ്ര നിര്‍മാണം നടത്തിയത്. ഉദ്ഘാടന ചടങ്ങ് യു.ഡി.എഫും സി.പി.ഐയും ബഹിഷ്കരിച്ചു. കലക്ടറും പരിപാടിക്ക് എത്തിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.