പുറക്കാട്ടെ കടല്‍ക്ഷോഭം: നിരവധി കുടുംബങ്ങള്‍ ദുരിതത്തില്‍

അമ്പലപ്പുഴ: പുറക്കാട് കരൂരിലും സമീപപ്രദേശത്തുമുണ്ടായ കടല്‍ക്ഷോഭം നിരവധി കുടുംബങ്ങളെ ദുരിതത്തിലാക്കി. നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. പുറക്കാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡിലാണ് തിങ്കളാഴ്ച രാത്രി മുതല്‍ കടലാക്രമണത്തിന്‍െറ ദുരിതമുണ്ടായത്. ചൊവ്വാഴ്ച രാവിലെ അതിശക്തമായി വീടുകളിലേക്ക് വെള്ളം അടിച്ചുകയറി ഇലക്ട്രിക് ഉപകരണങ്ങള്‍ക്കുള്‍പ്പെടെ കേടുപാട് സംഭവിച്ചു. രാത്രി ഉറക്കമിളച്ച് കുടുംബങ്ങള്‍ ഉപകരണങ്ങള്‍ മാറ്റുന്ന ജോലിയിലായിരുന്നു. വേലിയേറ്റമാണ് കടുത്ത വേനലിലും കടല്‍ക്ഷോഭത്തിന് കാരണമെന്ന് പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ അത് തുടര്‍ന്നു. വെള്ളം ഒഴുകിപ്പോകുന്നതിന് രണ്ടിടത്ത് പൊഴി മുറിച്ചു. പുറക്കാട് പഴയങ്ങാടി ഭാഗത്താണ് പൊഴി മുറിച്ചത്. മൂന്നുവീടുകള്‍ക്ക് ഭാഗികമായി നാശം സംഭവിച്ചു. പുറക്കാട് അഞ്ചാലുംകാവില്‍ പുതുവല്‍ വേണുവിന്‍െറ വീടിന്‍െറ അടിത്തറക്ക് ചുറ്റുമുള്ള മണ്ണ് ഒഴുകിപ്പോയി. നൂറുകണക്കിന് തെങ്ങുകള്‍, കരകൃഷി എന്നിവ ഭീഷണിയിലാണ്. സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ ആലപ്പുഴ സബ് കലക്ടര്‍ ബാലമുരളി, എ.ഡി.എം ആസാദ്, തഹസില്‍ദാര്‍ സുനില്‍കുമാര്‍, വില്ളേജ് ഓഫിസര്‍ എ. ആഷിഖ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.