തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ കടലാക്രമണം

ആറാട്ടുപുഴ: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളില്‍ കടലാക്രമണം ദുരിതംവിതച്ചു. തീരദേശ റോഡ് പലയിടങ്ങളിലും മണ്ണിനടിയിലായി. നിരവധി വീടുകളില്‍ വെള്ളംകയറി. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കടല്‍ ശക്തമായിരുന്നെങ്കിലും തിങ്കളാഴ്ച രാത്രി മുതലാണ് കരയിലേക്ക് അടിച്ചുകയറാന്‍ തുടങ്ങിയത്. ആറാട്ടുപുഴ പഞ്ചായത്തിലെ തറയില്‍ കടവ്, പെരുമ്പള്ളി, കള്ളിക്കാട്, ബസ്സ്റ്റാന്‍ഡ്. എം.ഇ.എസ് ജങ്ഷന്‍ എന്നിവിടങ്ങളിലും തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മതുക്കല്‍, എം.ടി.യു.പി സ്കൂള്‍ ജങ്ഷന്‍, പാനൂര്‍, പല്ലന തുടങ്ങിയ സ്ഥലങ്ങളിലുമാണ് തിരമാലകള്‍ ദുരിതംവിതച്ചത്. പലയിടങ്ങളിലും തീരദേശ റോഡും കവിഞ്ഞ് കടല്‍വെള്ളം കിഴക്കോട്ടൊഴുകി. നിരവധി വീടുകളില്‍ വെള്ളം കയറി. ധാരാളമായി മണല്‍ കരയിലേക്ക് തിരമാലക്കൊപ്പം അടിച്ച് കയറുന്നുണ്ട്. ഇതുമൂലം തീരദേശ റോഡ് പലയിടങ്ങളിലും മണ്ണ് മൂടി. കടല്‍ഭിത്തിയും മണ്ണിനടിയിലായി. കടല്‍ഭിത്തി മണ്ണിനടിയിലായതോടെ ഒരു തടസ്സവുമില്ലാതെ തിരമാലകള്‍ ശക്തമായാണ് തീരത്തേക്ക് അടിച്ചുകയറുന്നത്. കടല്‍ത്തീരത്ത് നില്‍ക്കുന്ന വീടുകളുടെ ജനല്‍ പൊക്കംവരെ മണ്ണ് അടിഞ്ഞിട്ടുണ്ട്. തൃക്കുന്നപ്പുഴ കോട്ടേമുറി പട്ടന്‍െറ തറയില്‍ ദേവിയുടെ ചുവരിന്‍െറ പകുതിയോളം പൊക്കത്തില്‍ മണ്ണ് അടിഞ്ഞതുമൂലം അപകട ഭീഷണിയിലാണ്. അടിച്ചുകയറുന്ന തിരമാലകള്‍ വീട്ടിനുള്ളിലേക്കാണ് ഇരച്ചുകയറുന്നത്. വീട് അപകടത്തിലാകാതിരിക്കാന്‍ എക്സ്കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനുള്ള ശ്രമം വീട്ടുകാര്‍ നടത്തുന്നുണ്ട്. ആറാട്ടുപുഴ ബസ്സ്റ്റാന്‍ഡ് മുതല്‍ തെക്കോട്ട് കള്ളിക്കാട് എ.കെ.ജി നഗര്‍ വരെയുള്ള അരകിലോമീറ്ററില്‍ റോഡ് നാശത്തിന്‍െറ വക്കിലാണ്. ചെറുതും വലുതുമായ കരിങ്കല്ലുകള്‍ റോഡില്‍ ചിതറിക്കിടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമാണ്. കടലാക്രമണം ശക്തമായി തുടര്‍ന്നാല്‍ തീരദേശ റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.