സ്ഥാനാര്‍ഥികള്‍ പുതുമുഖമെങ്കിലും പ്രചാരണത്തില്‍ മുന്നില്‍തന്നെ

ആലപ്പുഴ: നഗരസഭയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ പുതുമുഖങ്ങള്‍ ഏറെയാണ്. അതില്‍ സ്ത്രീകളാണ് കൂടുതല്‍. വീട്ടമ്മമാരേക്കാള്‍ എന്തെങ്കിലും ചെറിയ തൊഴില്‍ ഉള്ളവരെയാണ് പരിഗണിച്ചത്. പൊതുപ്രവര്‍ത്തനത്തില്‍ ആദ്യമാണെങ്കിലും തെരഞ്ഞെടുപ്പ് ഗോദയില്‍ എത്തിയതോടെ തങ്ങള്‍ പ്രചാരണത്തില്‍ മുന്നില്‍തന്നെയാണെന്ന് ഓരോരുത്തരും തെളിയിക്കുകയാണ്. കളര്‍കോട് വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിലെ ജ്യോതിലക്ഷ്മിയും എല്‍.ഡി.എഫിലെ പ്രീതകുമാരിയും ശക്തമായ പ്രചാരണത്തിലാണ്. ഇവിടെ തങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് അവകാശപ്പെട്ട് ബി.ജെ.പിയുടെ സലിലകുമാരിയും രംഗത്തുണ്ട്. കൈതവനയില്‍ സി.പി.എമ്മിലെ പ്രസന്ന ചിത്രകുമാറും കോണ്‍ഗ്രസിലെ വത്സല രാമചന്ദ്രനും തമ്മിലാണ് പോരാട്ടം. മുല്ലക്കല്‍ വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ സതീദേവി സ്വതന്ത്രയായി മത്സരിക്കുന്നു. കഴിഞ്ഞതവണ അവര്‍ കോണ്‍ഗ്രസ് വിമതയായാണ് ജയിച്ചത്. പിന്നീട് ഇടതിന് പിന്തുണ നല്‍കുകയായിരുന്നു. ഇത്തവണ രണ്ട് മുന്നണികളും അവര്‍ക്ക് സീറ്റ് നല്‍കിയില്ല. അതിനാല്‍ സ്വതന്ത്രയായി. സതീദേവിയുടെ സാന്നിധ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എല്‍സമ്മ മാത്യുവിനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സെല്‍റ്റി മെന്‍ഡിസിനും ഭീഷണിയാണ്. ബി.ജെ.പിയുടെ റാണി രാമകൃഷ്ണനും രംഗത്തുണ്ട്. തിരുവമ്പാടി വാര്‍ഡില്‍ കോണ്‍ഗ്രസിലെ സി. ജ്യോതിമോളും സി.പി.ഐയുടെ വിജി കണ്ണനും തമ്മിലാണ് പ്രധാന മത്സരം. എസ്. സുസ്മിതയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ഹൗസിങ് കോളനിയില്‍ സി.പി.എമ്മിലെ പ്രതാപനും കോണ്‍ഗ്രസിലെ സജേഷ് ചാക്കുപറമ്പും തമ്മില്‍ ഉശിരന്‍ മത്സരമാണ്. സനാതനപുരം വാര്‍ഡില്‍ കോണ്‍ഗ്രസിലെ മോഹന്‍ദാസും സി.പി.എമ്മിലെ വിജയകുമാറും ഏറ്റുമുട്ടുന്നു. ഇവിടെ ജയചന്ദ്രന്‍, ശശിലാല്‍, ശാര്‍ങ്ഗധരന്‍, ഷൈബു കെ. ജോണ്‍ എന്നിവരും മത്സരരംഗത്തുണ്ട്. ജനതാദള്‍ -എസിന്‍െറ സ്ഥാനാര്‍ഥിയാണ് ഷൈബു. ബീച്ച് വാര്‍ഡില്‍ നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിലെ മോളി ജേക്കബും സി.പി.എമ്മിലെ രാജേശ്വരിയും തമ്മിലാണ് പ്രധാന മത്സരം. റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ സി.പി.എമ്മിലെ മോഹന്‍ലാലും കോണ്‍ഗ്രസിലെ മനോജും ബി.ജെ.പിയുടെ കെ. പ്രദീപും എച്ച്. നവാസും ശക്തമായ പോരാട്ടത്തിലാണ്. സീവ്യൂ വാര്‍ഡില്‍ കോണ്‍ഗ്രസിലെ കരോളിന്‍ പീറ്ററും എല്‍.ഡി.എഫിലെ ലീലാമ്മ കുരുവിളയും തമ്മിലാണ് പ്രധാന പോരാട്ടം. വാടക്കനാല്‍ വാര്‍ഡില്‍ സി.പി.എമ്മിലെ കൃഷ്ണമൂര്‍ത്തിയും കോണ്‍ഗ്രസിലെ പ്രദീപ്കുമാറും തമ്മിലും ശക്തമായ മത്സരത്തിലാണ്. ചാത്തനാട് വാര്‍ഡ് വനിതകളുടെ ഉശിരന്‍ മത്സരത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. നിലവില്‍ കൗണ്‍സിലറായ കോണ്‍ഗ്രസിലെ അഡ്വ. ബിയാട്രിസ് ഫെറിയയും സി.പി.ഐയുടെ റമി നാസിറും തമ്മിലാണ് പ്രധാന മത്സരം. സി.പി.എമ്മിന്‍െറ സിറ്റിങ് വാര്‍ഡാണിത്. അത് പിടിച്ചെടുക്കാനും നിലനിര്‍ത്താനുമുള്ള പോരാട്ടമാണ് നടക്കുന്നത്. ബി.ജെ.പിയുടെ സൗമ്യ പൊടിയനും രംഗത്തുണ്ട്. കാഞ്ഞിരംചിറയില്‍ കോണ്‍ഗ്രസിലെ ബേബി ലൂയിസ് സി.പി.ഐയുടെ കെ.എസ്. ഷിബുവുമായി ഇഞ്ചോടിഞ്ച് മത്സരമാണ്. ബി.ജെ.പിയുടെ മാനസ് മധുവും രംഗത്തുണ്ട്. മംഗലം വാര്‍ഡില്‍ സി.പി.ഐ നേതാവ് ആര്‍. സുരേഷും കോണ്‍ഗ്രസിലെ ബെന്നിയും തമ്മിലാണ് പ്രധാന മത്സരം. എ.എ. അബ്ബാസ്, ജോസ്, എ.പി. മോഹനന്‍ എന്നിവരും മത്സരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.