പ്രമുഖരുടെ വാര്‍ഡുകളില്‍ പ്രവചനാതീത പോരാട്ടം

ആലപ്പുഴ: നഗരസഭയില്‍ ശക്തമായ മത്സരവും അടിയൊഴുക്കിന്‍െറ സാധ്യതയും നിലനില്‍ക്കുന്ന നിരവധി വാര്‍ഡുകളുണ്ട്. ഇരുമുന്നണിയും തുടക്കത്തില്‍ അനായാസമെന്ന് കരുതിയ വാര്‍ഡുകളില്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നഗരസഭയില്‍ അധികാരത്തിലത്തെിയാല്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥികളാണ് ശക്തമായ മത്സരത്തിന് സാക്ഷ്യംവഹിക്കുന്നത്. അത് ഇരുമുന്നണിയിലുമുണ്ട്. പല സ്ഥലത്തും സ്വതന്ത്രരും ബി.ജെ.പി സ്ഥാനാര്‍ഥികളും വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി കക്ഷികളുമെല്ലാം പ്രമുഖ മുന്നണികള്‍ക്ക് ഭീഷണിയാകുന്നുണ്ട്. 52 വാര്‍ഡുകളില്‍ പകുതിയിലേറെ വാര്‍ഡുകളിലും മുന്നണിസ്ഥാനാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം ഇതാണ്. രാപകല്‍ ഭേദമന്യേ സ്ഥാനാര്‍ഥികള്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ്. നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ മത്സരിക്കുന്ന കളപ്പുര വാര്‍ഡില്‍ ഇരുമുന്നണിയും പ്രതീക്ഷയോടെ വിജയം കാണുന്നു. സി.പി.എം സ്ഥാനാര്‍ഥിയായ മേഴ്സി ടീച്ചറിനെതിരെ കോണ്‍ഗ്രസിലെ രാജു താന്നിക്കലാണ് മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പിയുടെ വി.ഡി. സതീശനുമുണ്ട്. പവര്‍ഹൗസ് വാര്‍ഡില്‍ സി.പി.എമ്മിലെ ഒ. അഷ്റഫും കോണ്‍ഗ്രസിലെ എം.കെ. നിസാറും ശക്തമായ പോരാട്ടത്തിലാണ്. മുന്‍ കൗണ്‍സിലര്‍ കൂടിയാണ് ഒ. അഷ്റഫ്. എം.കെ. നിസാര്‍ ഐ.എന്‍.ടി.യു.സിയുടെയും കോണ്‍ഗ്രസിന്‍െറയും സജീവ പ്രവര്‍ത്തകനാണ്. പള്ളാത്തുരുത്തിയില്‍ സി.പി.എമ്മിലെ ഡി. ലക്ഷ്മണനാണ് സ്ഥാനാര്‍ഥി. ഇടതുമുന്നണിക്ക് അധികാരം ലഭിച്ചാല്‍ ചെയര്‍മാനാകുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനാര്‍ഥി. സി.പി.എമ്മിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് മുന്‍ കൗണ്‍സിലര്‍ കൂടിയായ ലക്ഷ്മണന്‍. ഇവിടെ കെ. നൂറുദ്ദീനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് അട്ടിമറി പ്രതീക്ഷയോടെയാണ് ഇവിടെ പ്രചാരണം നടത്തുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡുകളിലൊന്നാണ് എ.എന്‍ പുരം. ഇവിടെ സി.പി.ഐയും കോണ്‍ഗ്രസും ബി.ജെ.പിയും വിശ്രമമില്ലാത്ത ഓട്ടത്തിലാണ്. നിലവില്‍ കൗണ്‍സിലര്‍മാരായ ആര്‍. രമേശ് സി.പി.ഐയുടെയും ജി. സഞ്ജീവ്ഭട്ട് കോണ്‍ഗ്രസിന്‍െറയും സ്ഥാനാര്‍ഥികള്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ആര്‍. ഹരിയാണ് ബി.ജെ.പി സ്ഥാനാര്‍ഥി. ബി.ജെ.പിക്ക് മണ്ഡലത്തിന്‍െറ പലഭാഗത്തും സ്വാധീനമുണ്ട്. എന്നാല്‍, ഒരു പിടിച്ചെടുക്കല്‍ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്. സ്ഥാനാര്‍ഥികളുടെ പൊതുസ്വീകാര്യതക്കും പ്രവര്‍ത്തനപാരമ്പര്യത്തിനും ഇവിടെ മുന്‍തൂക്കമുണ്ട്.മന്നത്ത് വാര്‍ഡിലും പോരാട്ടത്തിന് അയവില്ല. നിലവില്‍ കൗണ്‍സിലറായ അഡ്വ. എ.എ. റസാഖ് മുസ്ലിംലീഗ് നേതാവും ലിറ്ററസി മിഷന്‍െറ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്കും വഹിക്കുന്നു. കൗണ്‍സിലര്‍ എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തനം ഗുണംചെയ്യുമെന്നാണ് യു.ഡി.എഫിന്‍െറ പ്രതീക്ഷ. എന്നാല്‍, മുന്‍ കൗണ്‍സിലറായ സി.പി.ഐയുടെ ജോഷി എബ്രഹാമും സ്വതന്ത്രരായ പി.പി. വേണുഗോപാലും ഓസ്റ്റിന്‍ മാസിഡോയും ഷഹീദും രംഗത്തുണ്ട്.മുനിസിപ്പല്‍ ഓഫിസ് വാര്‍ഡിലെ മത്സരവും കടുത്തതാണ്. നിലവില്‍ കൗണ്‍സിലറായ കോണ്‍ഗ്രസിലെ ബേബിയും സി.പി.എമ്മിലെ കവിതയും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ഏറക്കുറെ ബന്ധമുള്ള വാര്‍ഡാണിത്. ബി.ജെ.പിയിലെ എ. ജയയാണ് മൂന്നാമത്തെ സ്ഥാനാര്‍ഥി. നഗരസഭാ വൈസ് ചെയര്‍മാന്‍ ബി. അന്‍സാരി മത്സരിക്കുന്ന അവലൂക്കുന്ന് വാര്‍ഡും ശ്രദ്ധേയമാണ്. സി.പി.ഐ സ്ഥാനാര്‍ഥിയായ ബി. അന്‍സാരി കോണ്‍ഗ്രസിലെ അഡ്വ. ജി. മനോജ്കുമാറിനെയാണ് നേരിടുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍. രുദ്രനും പി.ഡി.പിയുടെ ഷബീര്‍ അക്ബറും രംഗത്തുണ്ട്. തോണ്ടന്‍കുളങ്ങര വാര്‍ഡിലെ മത്സരവും ശ്രദ്ധിക്കപ്പെടുന്നു. ബി.ജെ.പിയില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് സി.പി.എമ്മില്‍ എത്തിയ കെ. ബാബുവാണ് അവരുടെ സ്ഥാനാര്‍ഥി. സിറ്റിങ് കൗണ്‍സിലര്‍ കൂടിയാണ് ബാബു. കോണ്‍ഗ്രസിലെ കെ. വേണുഗോപാലും ബി.ജെ.പിയുടെ ടി. മോഹനനും ശക്തമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. സ്വതന്ത്രനായി വി.ഡി. രതീഷുമുണ്ട്. ആശ്രമം വാര്‍ഡില്‍ സി.പി.എമ്മിലെ എം.ആര്‍. പ്രേമും കോണ്‍ഗ്രസിലെ പി. രാജേന്ദ്രനും തമ്മിലാണ് പ്രധാന പോരാട്ടം. ബി.ജെ.പിയുടെ പി. സുരേഷും സ്വതന്ത്രനായി ഷാബുവും മത്സരിക്കുന്നു. നിലവില്‍ കൗണ്‍സിലറായ എം.ആര്‍. പ്രേമിന്‍െറ കഴിഞ്ഞകാല സേവനപ്രവര്‍ത്തനങ്ങള്‍ വിജയസാധ്യത വര്‍ധിപ്പിക്കുമെന്നാണ് സി.പി.എമ്മിന്‍െറ കണക്കുകൂട്ടല്‍. എന്നാല്‍, വാര്‍ഡിലെ യു.ഡി.എഫ് ആധിപത്യം നിലനിര്‍ത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസും കരുതുന്നു. ഇവിടെയും പോരാട്ടം കടുത്തതാണ്.യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ചെയര്‍മാനാകാന്‍ സാധ്യതയുള്ള തോമസ് ജോസഫ് മത്സരിക്കുന്ന തത്തംപള്ളി വാര്‍ഡും ശ്രദ്ധിക്കപ്പെടുന്നു. നിലവിലെ നഗരസഭയിലെ പ്രതിപക്ഷനേതാവാണ് കോണ്‍ഗ്രസിലെ തോമസ് ജോസഫ്. ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥിയായി ജനതാദള്‍-എസിലെ പി.ജെ. കുര്യനാണ്. നഗരത്തിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയും അത് അധികാരികളുടെ ശ്രദ്ധയില്‍ എത്തിക്കുകയും ചെയ്യുന്ന പി.ജെ. കുര്യന്‍ ശക്തമായ മത്സരം കാഴ്ചവെക്കുന്നു. ചാക്കോ താഴ്ചയില്‍, സന്തോഷ് എന്നീ സ്വതന്ത്രന്മാരുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.