സ്ഥാനാര്‍ഥി പ്രശ്നം: സി.പി.എം നേതാവ് രാജിവെച്ചു

ആലപ്പുഴ: ആലപ്പുഴ നഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അതൃപ്തി മൂലം സി.പി.എം നേതാവ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. സി.പി.എം ആലിശേരി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും മത്സ്യത്തൊഴിലാളി യൂനിയന്‍ മുന്‍ ഏരിയ സെക്രട്ടറിയും സി.ഐ.ടി.യു നേതാവുമായ കെ.പി. ഭുവനേന്ദ്രനാണ് പാര്‍ട്ടിയില്‍നിന്നും വര്‍ഗസംഘടന സ്ഥാനങ്ങളില്‍നിന്നും രാജിവെച്ചത്. 28 വര്‍ഷം സി.പി.എമ്മിന്‍െറ സജീവ പ്രവര്‍ത്തകനായിരുന്നു. ആലിശേരി ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന പരിധിയിലുള്ള റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ ഏകപക്ഷീയമായി സി.പി.എം സ്ഥാനാര്‍ഥിയെ നിശ്ചയിച്ച നടപടിയാണ് ഭുവനേന്ദ്രനെ ചൊടിപ്പിച്ചത്. നേരത്തേ ഈ വാര്‍ഡില്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ മത്സരിക്കുമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതിയത്. ചിത്തരഞ്ജന്‍ പിന്മാറിയതോടെ മറ്റൊരാളെ കൊണ്ടുവന്നു. ആലിശേരിയില്‍ ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനായ തന്നോടുപോലും ആലോചിക്കാതെയാണ് പ്രാദേശിക തീരുമാനം ഉണ്ടായതെന്ന് പറയുന്നു. നേതൃത്വത്തിന്‍െറ തെറ്റായ ഇടപെടലുകളില്‍ മനംനൊന്താണ് രാജിയെന്ന് ഭുവനേന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥി രാഷ്ട്രീയം മുതല്‍ സി.പി.എം സഹയാത്രികനായ ഭുവനേന്ദ്രന്‍ തീരദേശ മേഖലയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളി രംഗത്ത് വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഭുവനേന്ദ്രന്‍ പ്രദേശത്തെ മുതിര്‍ന്ന എല്‍.സി അംഗമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.