ചെറുകിട വ്യവസായങ്ങള്‍ക്കും ഏകജാലകം വഴി അനുമതിപത്രം നല്‍കണം –വി.എസ്

ആലപ്പുഴ: ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനും ഏകജാലകം വഴി അനുമതിപത്രം നല്‍കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. സംസ്ഥാന ചെറുകിട വ്യവസായി അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വ്യവസായി സംഗമം-2015 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിട വ്യവസായങ്ങളെ സഹായിക്കുന്നതില്‍ അലംഭാവം കാട്ടുന്ന സര്‍ക്കാര്‍ കുത്തക വ്യവസായികള്‍ക്ക് വലിയ സഹായമാണ് നല്‍കുന്നത്. സംസ്ഥാനത്ത് ഒന്നരലക്ഷം ചെറുകിട വ്യവസായ യൂനിറ്റുകളിലായി 15ലക്ഷം തൊഴിലാളികള്‍ നേരിട്ടും 50 ലക്ഷം തൊഴിലാളികള്‍ പരോക്ഷമായും തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. കാര്‍ഷിക മേഖലക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി ചെറുകിട വ്യവസായങ്ങള്‍ക്കും നല്‍കണമെന്നും വി.എസ് ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷിച്ചുള്ള ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സഹായം നല്‍കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. കയര്‍ ബോര്‍ഡിന്‍െറ റിമോട്ട് സ്കീം തകര്‍ന്ന് ഈ മേഖല ജപ്തി ഭീഷണിയിലാണെന്നും വേണുഗോപാല്‍ പറഞ്ഞു. കേരള സ്റ്റേറ്റ് ചെറുകിട വ്യവസായി അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഡോ. എം.എസ്. അനസ് അധ്യക്ഷത വഹിച്ചു. നല്ല വ്യവസായിക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍െറ അവാര്‍ഡ് ലഭിച്ച എ. മുഹമ്മദുകുഞ്ഞ്, വ്യവസായികളായ ഹിമാലയ ഗ്രൂപ് ഉടമ സുധീഷ്, മംഗളാ സ്റ്റോഴ്സ് പ്രേമാനന്ദഭട്ട്, വര്‍ഗീസ് ജോണ്‍ എന്നിവര്‍ക്ക് പ്രതിപക്ഷ നേതാവ് ഉപഹാരം നല്‍കി. സംസ്ഥാന പ്രസിഡന്‍റ് കെ.പി. രാമചന്ദ്രന്‍ നായര്‍ അംഗത്വവിതരണം നടത്തി. കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, പി. ജോയി ഉമ്മന്‍, പി.സി. ശാന്ത, ജി. രവികുമാര്‍, കെ.കെ. രമേശന്‍, എസ്. ബിജുകുമാര്‍, ബെന്നി പാറയില്‍ പി.ജെ. ജോസഫ്, വി.കെ. ഹരിലാല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.