കള്ളില്‍ സ്പിരിറ്റ് കലര്‍ത്തുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

കായംകുളം: കള്ളില്‍ സ്പിരിറ്റ് കലര്‍ത്തുന്നതിനിടയില്‍ രണ്ടുപേര്‍ എക്സൈസ് സംഘത്തിന്‍െറ പിടിയില്‍. ഇതില്‍ രോഷാകുലരായ സ്പിരിറ്റ് മാഫിയ എക്സൈസ് സംഘത്തെ ആക്രമിച്ചു. തട്ടാവഴിയിലെ ഷാപ്പിലെ കള്ളില്‍ സ്പിരിറ്റ് കലര്‍ത്തുന്നതിനിടെ കരുനാഗപ്പള്ളി മഞ്ഞിപ്പുഴയില്‍ വീട്ടില്‍ റിയാസ് (33), പത്തിയൂര്‍ കിഴക്ക് കൊച്ചുപറമ്പില്‍ ബാബു (52) എന്നിവരാണ് അറസ്റ്റിലായത്. 30 ലിറ്ററോളം സ്പിരിറ്റാണ് കള്ളില്‍ കലര്‍ത്താന്‍ ശ്രമിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇതിനുശേഷം രാത്രി ഒമ്പത് മണിയോടെ റെയ്ഡിന് നേതൃത്വം നല്‍കിയ എക്സൈസ് സബ് ഇന്‍സ്പെക്ടര്‍ ഗിരീഷ്കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം ലിങ്ക്റോഡിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ആക്രമണം ഉണ്ടായത്. കള്ളുഷാപ്പുകളില്‍ സ്പിരിറ്റ് എത്തിക്കുന്ന അരുണിന്‍െറ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഭീഷണിമുഴക്കി ആക്രമിച്ചശേഷം രക്ഷപ്പെട്ടത്. ബഹളവും ഉന്തും തള്ളും തുടങ്ങിയതോടെ പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടി. ഇതോടെ രംഗം പന്തിയല്ളെന്ന് കണ്ട് അക്രമിസംഘം സ്ഥലം വിടുകയായിരുന്നു. ഹോട്ടലിലെ സി.സി ടിവിയില്‍ പതിഞ്ഞ കാമറാ ദൃശ്യങ്ങള്‍ തെളിവിനായി ശേഖരിച്ചിട്ടുണ്ട്. പെരിങ്ങാല സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള ഷാപ്പിലാണ് സ്പിരിറ്റ് കലര്‍ത്താന്‍ ശ്രമിച്ചത്. ഇതുസംബന്ധിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം എത്തിയത്. കാക്കനാട് ലെവല്‍ക്രോസ് വരെ അരുണാണ് സ്പിരിറ്റ് എത്തിച്ചത്. റിയാസാണ് ഏറ്റുവാങ്ങി ഷാപ്പിലത്തെിച്ചത്. സ്ഥിരമായി നടക്കുന്ന സംഭവം നിരീക്ഷിച്ച ശേഷമാണ് പിടികൂടിയത്. ഷാപ്പ് പൂട്ടി സീല്‍ചെയ്തു. എസ്.ഐ ഗിരീഷ്കുമാറിനെ കൂടാതെ ഗാര്‍ഡുമാരായ ഗോപകുമാര്‍, റെനി, ശ്രീജിത്ത്, രാഗേഷ്, സത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.