ജപ്പാന്‍ കുടിവെള്ള പദ്ധതി: പൈപ്പ് ലൈന്‍ നീട്ടല്‍ ആദ്യഘട്ടത്തിന് തുടക്കമായി

പൂച്ചാക്കല്‍: ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് ലൈന്‍ നീട്ടല്‍ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഉളവെയ്പ് അംബേദ്കര്‍ ഗ്രാമത്തിലാണ് പൈപ്പ്ലൈന്‍ നീട്ടല്‍ നിര്‍മാണത്തിന് തുടക്കമായത്. ചേര്‍ത്തല താലൂക്കിലെ മുഴുവന്‍ ഗ്രാമപഞ്ചായത്ത് പരിധികളിലും ജപ്പാന്‍ കുടിവെള്ള പൈപ്പ്ലൈന്‍ ഇതോടെ എത്തിത്തുടങ്ങും. നബാര്‍ഡിന്‍െറ 60 കോടി രൂപയുടെ ധനസഹായത്തില്‍ എട്ട് പാക്കേജുകളിലായാണ് പദ്ധതി. അഞ്ച് പഞ്ചായത്തുകളിലാണ് ആദ്യഘട്ടം നീട്ടുന്നതിന് അനുമതി. തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഒരു പാക്കേജായും എഴുപുന്ന, അരൂര്‍, തുറവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ രണ്ടാമത്തെ പാക്കേജിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരു പഞ്ചായത്തില്‍ പത്ത്ലോഡ് പൈപ്പുകള്‍ എത്തിച്ചിട്ടുണ്ട്. തീരദേശങ്ങളിലും മറ്റ് ഇടവഴികളിലും ഇടറോഡുകളിലും ജപ്പാന്‍ കുടിവെള്ളം കിട്ടാനില്ലായിരുന്നു. ഇതേതുടര്‍ന്ന് നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. പരാതി വ്യാപകമായപ്പോള്‍ ജലവിഭവ വകുപ്പ് സബ്ജക്റ്റ് കമ്മിറ്റി അംഗം അഡ്വ. എ.എം. ആരിഫ് എം.എല്‍.എ ഇടപെട്ട് ജപ്പാന്‍ കുടിവെള്ളം എത്താത്ത സ്ഥലങ്ങളും കുടിവെള്ളപ്രശ്നം രൂക്ഷമായ പ്രദേശങ്ങളും സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരോട് വിവരശേഖരണം നടത്താന്‍ ആവശ്യപ്പെട്ടു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കുടിവെള്ളം എത്തിക്കാനുള്ള നടപടിക്ക് തുടക്കം കുറിച്ചത്. 18 പഞ്ചായത്തുകളിലായി 800 കിലോമീറ്റര്‍ പൈപ്പ് ലൈനുകളാണ് നീട്ടുന്നത്. ജപ്പാന്‍ കുടിവെള്ള പൈപ്പ് ലൈനുകള്‍ ഇല്ലാത്ത റോഡുകള്‍, പൊതുവഴികള്‍ എന്നിവിടങ്ങളിലും പൈപ്പ് ലൈന്‍ സ്ഥാപിക്കും. ഈ ഭാഗത്തെ ജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ രീതിയില്‍ ഗാര്‍ഹിക കണക്ഷനുകള്‍ എടുക്കാന്‍ കഴിയും. ആവശ്യമായ പൊതുടാപ്പുകളും സ്ഥാപിക്കും. പൈപ്പ് ലൈന്‍ നീട്ടല്‍ ആദ്യഘട്ട നിര്‍മാണോദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ബ്ളോക് മെംബര്‍ നീതു രഞ്ജിത്, പഞ്ചായത്ത് അംഗങ്ങളായ അംബിക ശശിധരന്‍, മിനി രമേശന്‍, സരിന്‍ പി. രാജ്, ശശിധരന്‍, സിബി ഗീതാഞ്ജലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.