ആലപ്പുഴ: സി.ബി.എസ്.ഇ ജില്ലാ കലോത്സവത്തില്‍ ആലപ്പുഴ സെന്‍റ് മേരീസ് റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂള്‍ കലാകിരീടം കരസ്ഥമാക്കി. കളര്‍കോട് ചിന്മയ വിദ്യാലയത്തില്‍ ഏഴ് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ ആദ്യദിനം മുതല്‍ മുന്നിട്ടുനിന്ന ആലപ്പുഴ എസ്.ഡി.വി ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അവസാനദിവസം പിന്നിലാക്കിയാണ് സെന്‍റ് മേരീസ് ഒന്നാമതത്തെിയത്. സെന്‍റ് മേരീസിന് 743ഉം എസ്.ഡി.വി.ക്ക് 732ഉം പോയന്‍റ് ലഭിച്ചു. 632 പോയന്‍റ് നേടിയ ആലപ്പുഴ മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിനാണ് മൂന്നാം സ്ഥാനം. കാറ്റഗറി ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ മാതാ സ്കൂളിനാണ് മുന്‍തൂക്കം. കാറ്റഗറി മൂന്നില്‍ എസ്.ഡി.വിയും നാലില്‍ സെന്‍റ് മേരീസും മുന്നിലത്തെി. പൊതുവിഭാഗത്തില്‍ സെന്‍റ് മേരീസാണ് മുന്നില്‍. ആര്‍ട്ട്, ന്യൂജനറേഷന്‍ എന്നീ വിഭാഗങ്ങളില്‍ എസ്.ഡി.വി മേല്‍ക്കൈ നേടി. ആലപ്പുഴ സഹോദയയുടെ കീഴിലെ 55 സി.ബി.എസ്.ഇ സ്കൂളുകളില്‍നിന്നായി 3200ലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 141 ഇനങ്ങളിലായിരുന്നു മത്സരം. കളര്‍കോട് ചിന്മയ വിദ്യാലയത്തിലെ ആറ് വേദികളിലായാണ് കലോത്സവം നടന്നത്. ചിട്ടയിലും സംഘാടനത്തിലും അച്ചടക്കത്തിലും മികവുകാണിച്ച ചിന്മയ സ്കൂള്‍ മാനേജ്മെന്‍റ് സഹോദയ സ്കൂളുകളുടെ പ്രശംസ പിടിച്ചുപറ്റി. വ്യാഴാഴ്ച വൈകുന്നേരം സമാപനസമ്മേളനം എ.ഡി.ജി.പി കെ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് അദ്ദേഹം സമ്മാനങ്ങള്‍ നല്‍കി. നടന്‍ ഗിന്നസ് പക്രു, ടി.വി സീരിയല്‍ താരം ചാരുത ബൈജു എന്നിവര്‍ മുഖ്യാതിഥികളായി. സഹോദയ പ്രസിഡന്‍റ് രാജന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ചിന്മയ വിദ്യാലയ മാനേജര്‍ പി. വെങ്കിട്ടരാമയ്യര്‍, പ്രിന്‍സിപ്പല്‍ ഡോ. എസ്. ലാലി, സഹോദയ ഭാരവാഹികളായ ഇന്ദു ദത്ത്, ജൂബി പോള്‍, എന്‍. സോമശേഖരപണിക്കര്‍, ഡയാന ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിനുമുമ്പ് ചിന്മയ വിദ്യാലയത്തിലെ കുട്ടികളുടെ യോഗ പ്രദര്‍ശനവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.