അരൂര്‍: കോടംതുരുത്ത് പോഴിച്ചാലില്‍ പായല്‍ തിങ്ങി നിറഞ്ഞത് നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കുന്നു. അഞ്ചുമാസത്തിലേറെയായി മൂന്ന് കി.മീ. നീളത്തില്‍ ഒഴുക്ക് നിലച്ച് ദിവസേന വളര്‍ന്ന് പായല്‍ കായല്‍ നിറയുകയാണ്. ഉപ്പുവെള്ളമാണ് പായലിനെ നശിപ്പിക്കുന്നത്. എന്നാല്‍, ദിവസേനയുള്ള മഴ പായല്‍ വളര്‍ച്ചക്ക് സഹായകമാവുകയാണ്. മത്സ്യബന്ധനം, കക്കവാരല്‍ ജോലി ചെയ്ത് പോഴിച്ചാലിനരികില്‍ 300ഓളം കുടുംബങ്ങള്‍ കഴിയുന്നുണ്ട്. കായല്‍പ്പരപ്പിനുമീതെ തിങ്ങിനിറഞ്ഞ പായല്‍ ഓക്സിജനെ വെള്ളത്തിലേക്ക് കടത്തിവിടാതിരിക്കുന്നതുമൂലം മത്സ്യസമ്പത്തിന് കനത്തനാശം നേരിടുകയാണ്. ചീനവല, കോരുവല, നീട്ടുവല, അനക്കുവല തുടങ്ങി നിരവധി മത്സ്യബന്ധനോപകരണങ്ങള്‍ ഉപയോഗിക്കാതെ നശിക്കുകയാണ്. കടത്തുണ്ടായിരുന്ന ഇവിടെ വള്ളങ്ങളും വെള്ളം നിറഞ്ഞ് കിടക്കുകയാണ്. പോളക്കൂട്ടത്തിനിടയിലൂടെ വള്ളം തുഴയുന്നത് അസാധ്യമായിട്ട് മാസങ്ങള്‍ കഴിയുന്നു. തെരഞ്ഞെടുപ്പുസമയത്ത് വോട്ട് ചോദിക്കാനത്തെിയ എല്ലാ സ്ഥാനാര്‍ഥികളും ഒഴുക്കുനിലച്ച് കണ്ണെത്താദൂരത്ത് വ്യാപിച്ച പായല്‍ കണ്ട് അന്ധാളിച്ച് നിന്നെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ത്രിതല പഞ്ചായത്ത് പായല്‍ നീക്കത്തിന് ഉടന്‍ നടപടിയുണ്ടാക്കിയില്ളെങ്കില്‍ ഓരോ ദിവസവും ദുരിതജീവിതം തള്ളിനീക്കാന്‍ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ സംഘടിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുമെന്ന് മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.