പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴ: പുറക്കാട് പുന്തല പുത്തന്‍നടയിലെ പെട്രോള്‍ പമ്പില്‍ കാറിലത്തെി ജീവനക്കാരെ ആക്രമിച്ച് കീഴ്പെടുത്തി ഓഫിസ് കാബിനിലെ മേശയില്‍ സൂക്ഷിച്ച 41,000 രൂപ കവര്‍ച്ചചെയ്ത കേസില്‍ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 22ന് പുലര്‍ച്ചെയായിരുന്നു സംഭവം. കാസര്‍കോട് കുമ്പള കിദൂര്‍ ചെക്പോസ്റ്റ് വീട്ടില്‍ മുസ്താഖ് (21), എറണാകുളം പള്ളുരുത്തി ചിറക്കല്‍ വീട്ടില്‍ മനു ജോളി (22), മലപ്പുറം വേങ്ങര നടമ്മല്‍ പുതിയകത്ത് വീട്ടില്‍ മുഹമ്മദ് നവാസ് (20), പുറക്കാട് അനന്തംപറമ്പില്‍ വിപിന്‍ (30), ചെട്ടികാട് പാതിരപ്പള്ളി പുതുവല്‍ വീട്ടില്‍ ആന്‍റണി (30) എന്നിവരെയാണ് ആലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ എസ്.ഐ ജെ. നിസാമുദ്ദീന്‍, അഡീഷനല്‍ എസ്.ഐ എം.എസ്. ജയന്‍, സീനിയര്‍ സി.പി.ഒ സന്തോഷ്, സി.പി.ഒ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളില്‍നിന്ന് എറണാകുളത്ത് ജോലിക്കത്തെിയ പ്രതികള്‍ ഹോട്ടലുകളില്‍ ജോലിചെയ്യുന്നതിനിടെ പരിചയത്തിലായി. പുറക്കാട് സ്വദേശിയായ വിപിന്‍ ആസൂത്രണം ചെയ്ത പ്രകാരമാണ് താരതമ്യേന തിരക്കുകുറഞ്ഞതും സി.സി.ടി.വി കാമറ ഇല്ലാത്തതുമായ പെട്രോള്‍ പമ്പ് പ്രതികള്‍ കവര്‍ച്ചക്കായി തെരഞ്ഞെടുത്തത്. മലപ്പുറം തിരൂര്‍ രജിസ്ട്രേഷനിലുള്ള കെ.എല്‍ നാല് എസ്.എല്‍ 8367 നമ്പര്‍ കാറിലാണ് പ്രതികള്‍ എത്തിയത്. മണ്ണഞ്ചേരി കരിമുറ്റത്ത് മന്‍സൂറിന്‍െറ ഉമസ്ഥതയിലുള്ളതാണ് പെട്രോള്‍ പമ്പ്. കളമശ്ശേരിയില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. പുറക്കാട് സ്വദേശിയായ മധു എന്നയാളുടെ വീട്ടില്‍ 2015 ഫെബ്രുവരിയില്‍ അതിക്രമിച്ചുകയറി മോട്ടോര്‍ സൈക്ക്ളുകള്‍ കത്തിച്ച കേസിലും പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിപിന്‍െറ ബന്ധുവായ മധുവിനോട് വിപിനുള്ള വൈരാഗ്യത്താല്‍ മൂന്നംഗ സംഘമാണ് ഇയാളുടെ വീട്ടില്‍ ആക്രമണം നടത്തിയത്. അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.