ദേശീയ പുരസ്കാര ജേതാവ് അഭിരാമിന് നാടിന്‍െറ അനുമോദനം

പൂച്ചാക്കല്‍: ദേശീയ പുരസ്കാര ജേതാവ് അഭിരാം കെ. സുരേഷിന് നാടിന്‍െറ അനുമോദനം. പൂച്ചാക്കല്‍ യങ്മെന്‍സ് പബ്ളിക് ലൈബ്രറിയാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. കേരള ഗ്രന്ഥശാലാ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. പാണാവള്ളി ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയാണ് അഭിരാം. തേവര്‍വട്ടം ഗവ. ഹൈസ്കൂളില്‍ ഒമ്പതാം ക്ളാസില്‍ പഠിക്കുമ്പോള്‍ ഒരു ഉപന്യാസ മത്സരത്തില്‍ പങ്കെടുത്തതിന്‍െറ ഭാഗമായാണ് അഭിരാം കെ. സുരേഷിന് ദേശീയ പുരസ്കാരം ലഭിച്ചത്. ബംഗളൂരു കേന്ദ്രമായ ടാറ്റ ബില്‍ഡിങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ‘ശാസ്ത്ര പുരോഗതി’ വിഷയത്തില്‍ ഉപന്യാസ മത്സരം നടത്തിയിരുന്നു. ഇതിന് സ്കൂള്‍ തലത്തിലും സോണ്‍ തലത്തിലും സമ്മാനങ്ങള്‍ ലഭിച്ചിരുന്നു. പിന്നീടാണ് ഈ ഉപന്യാസം ദേശീയ തലത്തില്‍ ഗ്രേഡ് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ദേശീയ പുരസ്കാരം പ്രസിഡന്‍റ് പ്രണബ് മുഖര്‍ജിയില്‍നിന്ന് ഏറ്റുവാങ്ങിയത്. ചെറുപ്പംമുതലേ നല്ല വായനാശീലമുള്ള അഭിരാമിന് സ്കൂള്‍തലത്തില്‍ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ളസ് നേടിയ അഭിരാം ചേര്‍ത്തല ബാറിലെ അഭിഭാഷകനും തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ അഡ്വ. ഡി. സുരേഷ് ബാബുവിന്‍െറയും തേവര്‍വട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക വി.ആര്‍. രജിതയുടെയും മകനാണ്. ഗ്രന്ഥശാലാ വാര്‍ഷികത്തിന്‍െറ ഭാഗമായി 70 അക്ഷരദീപങ്ങള്‍ തെളിച്ചു. ലൈബ്രറി കമ്മിറ്റി പ്രസിഡന്‍റ് ജയദേവന്‍ കൂടക്കല്‍ അധ്യക്ഷത വഹിച്ചു. തൈക്കാട്ടുശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ശെല്‍വരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി.എം. പ്രമോദ് അഭിരാമിനെ അനുമോദിച്ചു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്‍റ് രാജേഷ് വിവേകാനന്ദ് അക്ഷരദീപം തെളിച്ചു. കാഥികന്‍ മുതുകുളം സോമനാഥ്, പൂച്ചാക്കല്‍ ഷാഹുല്‍, കുഞ്ഞുമോന്‍ കൊച്ചുതറ, ശ്രീധരപ്പണിക്കര്‍, എന്‍.ടി. ഭാസ്കരന്‍, നൗഷാദ് കൊച്ചുതറ, ടി.എ. മൂസ, ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.