ആലപ്പുഴ: ചിറപ്പ് ഉത്സവം ആലപ്പുഴ നഗരത്തിന്‍െറ പൈതൃകമായ ആഘോഷമാണ്. ഇനിയുള്ള പത്തുനാള്‍ ചിറപ്പ് ആഘോഷത്തിന്‍െറ ആരവത്തിരക്കില്‍ നഗരം ലയിക്കും. മുല്ലക്കല്‍ ശ്രീരാജരാജേശ്വരി ക്ഷേത്രം, വിളിപ്പാടകലെയുള്ള കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രം എന്നീ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടാണ് നഗരം ചിറപ്പ് ആഘോഷിക്കുന്നത്. നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ ഒത്തുചേരുന്ന ദിനങ്ങള്‍. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവിധയിനം തുണിത്തരങ്ങളും കളിപ്പാട്ടങ്ങളും ഫാന്‍സി ഐറ്റങ്ങളും തുടങ്ങി ഉപ്പുതൊട്ട് കര്‍പ്പൂരം വരെ മുല്ലക്കല്‍ മുതല്‍ കിടങ്ങാംപറമ്പ് വരെയുള്ള തെരുവോരങ്ങളില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. സ്കൂള്‍ അവധിയും ക്രിസ്മസ് ആഘോഷങ്ങളും എല്ലാം ചേരുമ്പോള്‍ ചിറപ്പുത്സവത്തിന് പകിട്ട് ഏറുകയാണ്. പരമ്പരാഗതമായ നഗര ആഘോഷത്തില്‍ പങ്കാളികളാകാന്‍ എല്ലാ വിഭാഗത്തില്‍പെട്ട ജനങ്ങളും കൈകോര്‍ക്കുന്ന കാഴ്ച ഇവിടെ കാണാം. വ്യക്തികളും സംഘടനകളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം ആഘോഷത്തിന്‍െറ ഭാഗമാണ്. പ്രധാന ജങ്ഷനായ എ.വി.ജെ ജങ്ഷനില്‍ കൂറ്റന്‍ അലങ്കാര ഗോപുരം ചിറപ്പിന്‍െറ അടയാളമായി മാറിക്കഴിഞ്ഞു. കിടങ്ങാംപറമ്പ് ക്ഷേത്രത്തിന് സമീപവും അലങ്കാര ഗോപുരമുണ്ട്. വൈദ്യുതി അലങ്കാരങ്ങള്‍ മനോഹാരിതയുടെ മാറ്റ് വര്‍ധിപ്പിക്കുന്നു. ചിറപ്പ് ഉത്സവ നാളുകളില്‍ മുല്ലക്കല്‍ ക്ഷേത്രത്തിലെ കളഭ ചാര്‍ത്തും പൂജകളും പ്രധാനമാണ്. വൈകുന്നേരങ്ങളില്‍ വിവിധ കലാപരിപാടികളും നടക്കും. ഇത്തവണ പിന്നണി ഗായിക കെ.എസ്. ചിത്രയുടെ ഗാനമേള അവസാനദിവസമായ 27ന് ഉണ്ടാകും. മറ്റ് ദിവസങ്ങളില്‍ ഓട്ടന്തുള്ളല്‍, പുല്ലാങ്കുഴല്‍ കച്ചേരി, പഞ്ചരത്ന കീര്‍ത്തനാലാപനം, ഭക്തിഗാനമേള, ജുഗല്‍ബന്ദി, നാരായണീയ പാരായണം, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സംഗീതസദസ്സ്, തിരുവാതിരകളി, കഥാപ്രസംഗം, ഭരതനാട്യം എന്നിവയെല്ലാം മുല്ലക്കലിലെ ദേവീക്ഷേത്ര അങ്കണത്തില്‍ നടക്കും. കിടങ്ങാംപറമ്പ് ക്ഷേത്രത്തിലും കളഭാഭിഷേകം, നൃത്തനൃത്യങ്ങള്‍, കെ.പി.എ.സിയുടെ നാടകം, സംഗീതകച്ചേരി, നാട്യാഞ്ജലി, നാഗസ്വരകച്ചേരി, ഓട്ടന്തുള്ളല്‍, ബാലെ എന്നിവയും പ്രധാന പരിപാടികളാണ്. മുന്‍കാലങ്ങളില്‍ പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ വാശിയോടെയാണ് തങ്ങളുടെ പരിപാടികള്‍ നടത്തിവന്നത്. ഇപ്പോള്‍ അത്ര വാശി കാണാനില്ല. ചിറപ്പ് ഉത്സവത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കരിമ്പ്. കരിമ്പ് വാങ്ങാതെ ചിറപ്പ് കാണാന്‍ വരുന്നവര്‍ വീട്ടിലേക്ക് മടങ്ങിപ്പോകാറില്ല. ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കച്ചവടക്കാര്‍ വഴിയോരങ്ങളില്‍ സ്ഥാനംപിടിച്ചുകഴിഞ്ഞു. ലോറികളിലാണ് ഓരോദിവസവും കരിമ്പ് എത്തുന്നത്. വളകളുടെയും അലങ്കാരവസ്തുക്കളുടെയും മണ്‍ചട്ടി, ഭരണി തുടങ്ങിയ അടുക്കള ഉപകരണങ്ങളുടെയും എല്ലാം നീണ്ട നിരതന്നെ വഴിവാണിഭ കേന്ദ്രങ്ങളില്‍ പ്രധാനമായിട്ടുണ്ട്. 27ാം തീയതി കഴിഞ്ഞാലും ദിവസങ്ങളോളം മുല്ലക്കലിലെ തിരക്ക് നിലനില്‍ക്കും. ഈ ദിവസങ്ങളില്‍ ആവശ്യമായ ഗതാഗത നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സാമൂഹികവിരുദ്ധരെ കണ്ടത്തൊനും പിടികൂടാനും മഫ്തി പൊലീസും സദാ ജാഗരൂകരായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.