അഴിമതിയില്ളെങ്കില്‍ എന്തുകൊണ്ട് സ്റ്റേഡിയം നിര്‍മാണം തടസ്സപ്പെട്ടു –ഷുക്കൂര്‍

ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയം നിര്‍മാണത്തിലും ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയതിലും അഴിമതി നടന്നിട്ടില്ളെന്ന സി.പി.എം വാദം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയ തട്ടിപ്പാണെന്ന് ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍. ഒന്നാമത്തെ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായപ്പോള്‍ അഴിമതി നടന്നിട്ടില്ളെന്നാണ് വിജിലന്‍സ് കണ്ടത്തെലെങ്കില്‍ എന്തുകൊണ്ട് സാധാരണ സ്റ്റേഡിയത്തിന് ആവശ്യമായ 400 മീറ്റര്‍ ട്രാക്ക് നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെവന്നുവെന്ന് നഗരസഭാ നേതൃത്വവും സി.പി.എം ജില്ലാ നേതൃത്വവും മുന്‍ മന്ത്രിമാരായ എം.എല്‍.എമാരും വിശദീകരിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2010ല്‍ ഉദ്ഘാടനം കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും സ്റ്റേഡിയത്തില്‍ ഇന്‍റര്‍സ്കൂള്‍ കായികമത്സരം പോലും നടത്താന്‍ കഴിയുന്നില്ല. അത് എന്തുകൊണ്ടാണെന്ന് പറയണം. നഗരസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടതിന്‍െറ പേരില്‍ ഒരു വിജിലന്‍സ് അന്വേഷണം കൂടി നടക്കുന്നുണ്ട്. അതിലെ ആവശ്യം ഒരേക്കര്‍ 19 സെന്‍റ് സ്ഥലം നിര്‍മിക്കപ്പെട്ട സ്റ്റേഡിയത്തിന്‍െറ ഭാഗമായത് ഒരു വ്യക്തി ആധാരം ചെയ്ത് പോക്കുവരവ് നടത്തി തട്ടിയെടുത്തത് സംബന്ധിച്ചാണ്. നാഷനല്‍ ഗയിംസിന്‍െറ ഫണ്ടില്‍ നിന്ന് അഞ്ചുകോടി വകമാറ്റി നല്‍കിയത് ഉള്‍പ്പെടെ 13 കോടി ഇതിനകം ചെലവഴിച്ച സ്റ്റേഡിയം ഈ അവസ്ഥയിലായത് എന്തുകൊണ്ടാണെന്ന് പറയാതെ സി.പി.എമ്മും അവരുടെ എം.എല്‍.എമാരും തടിതപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.