ഒരു യമണ്ടൻ ‘അമൂർ’ത്ത ദേശാടനം

അതിജീവനത്തിനായി പലായനം ചെയ്യുന്ന പല കഥകളും നമ്മൾ കേട്ടിട്ടുണ്ട്. മനുഷ്യൻ പലായനം ചെയ്യുമ്പോൾ അവന് ജീവസന്ധാരണത്തിന് പറ്റിയ ഇടമാണെങ്കിൽ പിന്നീടൊരു തിരിച്ചുവരവുണ്ടാവില്ല. കാരണം ആ ആവാസവ്യവസ്ഥയുമായി മനുഷ്യർ എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കുന്നു. അത് അവരുടേതു മാത്രമായ ഒരുലോകമാക്കി മാറ്റുന്നു. ഇതൊക്കെയാണ് മനുഷ്യപലായനങ്ങളുടെയും ദേശാടനങ്ങളുടെയും കഥകൾ. പക്ഷേ, ഇവിടെ പറയുന്നത് അതല്ല, ജീവൻ നിലനിർത്താനും സ്വന്തം വംശത്തെ സംരക്ഷിക്കാനും ഭൂഗോളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്കുള്ള അതി സാഹസികവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്ര, അതും കിറുകൃത്യമായ സഞ്ചാരപാതകളിലൂടെ 22,000ത്തിലധികം കിലോമീറ്റർ ദേശാടനം നടത്തുന്ന കഥ.

ഇന്റർനാഷനൽ ടൂറിസ്റ്റ്

അമൂർ ഫാൽക്കൺ(ചെങ്കാലൻ പുള്ള്-ശാസ്ത്രീയ നാമം: ഫാൽകോ അമൂറൻസിസ്), ദേശങ്ങൾതോറും ലവലേശം ക്ഷീണമില്ലാതെ യാത്രചെയ്യുന്ന, ഒരു രാജ്യാന്തര ‘ടൂറിസ്റ്റർ’. സംശയിക്കാനൊന്നുമില്ല റഷ്യയിലെ അമൂർ ഫാൽക്കൺതന്നെ. വടക്കു കിഴക്കൻ ഏഷ്യയിലെ അമൂർനദീതടം മുതൽ ദക്ഷിണാഫ്രിക്കവരെയാണ് ഇവയുടെ സഞ്ചാരം. അതിനിടയിൽ നിരവധി രാജ്യങ്ങളും സമുദ്രങ്ങളുമാണ് അവർ പിന്നിടുന്നത്. പേരിന്റെ ഗാംഭീര്യവും വരുന്ന സ്ഥലത്തിന്റെ ഗരിമയുമെല്ലാം കണ്ട് അമൂർ ഫാൽക്കൺ എന്നാൽ വലിയ, ഭീകരപക്ഷിയാണെന്ന തോന്നൽ ചിലർക്കെങ്കിലും ഉണ്ടാകാം. എന്നാൽ, ആൾ അങ്ങനെയൊന്നുമല്ല, പരുന്ത് വർഗത്തിൽപെട്ട ഒരു കുഞ്ഞൻ പക്ഷിയാണ് അമൂർ ഫാൽക്കൺ. ഏറിയാൽ 188 ഗ്രാം ഭാരംവരും. കാക്കയേക്കാൾ ചെറുതാണ് ചെങ്കാലൻ പുള്ളുകൾ എന്നതാണ് കൗതുകം. ഇക്കൂട്ടത്തിലെ ആൺപക്ഷികൾ പെൺപക്ഷിയേക്കാൾ ചെറുതാണ്. നിറത്തിലുമുണ്ട് വ്യത്യസ്തതകൾ. ഏകദേശം 155ഗ്രാം മാത്രമേ ആൺപക്ഷികൾക്ക് ഭാരമുണ്ടാകൂ. കടുത്ത ചാരനിറമാണ് ഇവ. ശരീരത്തിന്റെ താഴ്ഭാഗം വെള്ളനിറവും തവിട്ടും. ചുവന്ന നിറമുള്ള തുടകളായിരിക്കും ഇവക്ക്. ആൺപക്ഷികളുടെ കാലുകളും കൊക്കും കടുത്ത ഓറഞ്ച് നിറമായിരിക്കും. പെൺപക്ഷികൾക്കാകട്ടെ ചാരനിറവും ഇരുണ്ടപുള്ളികളുള്ള നെഞ്ചുമാണുള്ളത്. കണ്ണിനുചുറ്റുമുള്ള ഭാഗവും കൊക്കിന് താഴ്വശവും കാലുകളും ഓറഞ്ച് നിറത്തിലുമാകും ഉണ്ടാവുക. .

ഇരപിടിത്തം, കടലും നാടും കടന്ന്

തികച്ചും സാമൂഹിമായ ചില ഇരപിടിയൻ പക്ഷികളിലൊന്നാണ് അമൂർ ഫാൽക്കൺ. പ്രാണികളാണ് പ്രധാനഭക്ഷണം. ചിതൽ, തുമ്പികൾ, ചിറകുള്ള വലിയ പാറ്റകൾ, പുൽച്ചാടികൾ ഇതെല്ലാമാണ് പ്രധാന മെനു. ചെറിയ പക്ഷികളെയും എലിയെയും വെട്ടുകിളികളെയും ഇവ ഭക്ഷണമാക്കാറുണ്ട്. ഒറ്റക്കല്ല ഇവയുടെ ഇരതേടൽ. കൂട്ടമായി യാത്രചെയ്യുകയും കൂട്ടമായിത്തന്നെ ഇരപിടിക്കുകയും ചെയ്യുകയാണ് പതിവ്. ഭക്ഷണത്തിന്റെ ലഭ്യതക്കനുസരിച്ച് ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക്, അതായത് രാജ്യങ്ങൾ കടന്നാകാം ആ യാത്ര, കൂട്ടമായി അവ പറന്നെത്തുന്നു. കൂട്ടം എന്നു പറഞ്ഞാൽ അഞ്ചോ പത്തോ അല്ല കേട്ടോ, പതിനായിരം മുതൽ പത്തുലക്ഷത്തോളം വരും ഒരുമിച്ചുനീങ്ങുന്ന അമൂർ ഫാൽക്കണുകളുടെ എണ്ണം. ഇവ രാത്രികളിൽ തങ്ങുന്ന ഇടങ്ങളിൽ ഒരുമരത്തിൽ മാത്രം പതിനായിരക്കണക്കിന് പക്ഷികളുണ്ടാകും. കാലാവസ്ഥയുടെ മാറ്റങ്ങൾക്ക് അനുസരിച്ച്, പ്രകൃതിയിലുണ്ടാകുന്ന ഋതുക്കളും സമയമാറ്റങ്ങളും കൃത്യമായി മനസ്സിലാക്കിയാണ് ഈ പക്ഷികളുടെ ദേശാടനം. തെക്കുകിഴക്കൻ സൈബീരിയയും വടക്കൻ ചൈനയുമാണ് ഇവയുടെ പ്രജനനകേന്ദ്രങ്ങൾ. പ്രജനനമെല്ലാം കഴിഞ്ഞതിനുശേഷമാണ് മഹാ ഊരുചുറ്റലെന്ന ഈ ദേശാടനത്തിന് അവരിറങ്ങുന്നത്.

ഹിമാലയവും സമുദ്രങ്ങളും കടന്ന്

ശരത്കാലം ആരംഭിച്ചുകഴിഞ്ഞാൽ പകൽ നേരത്തേ അവസാനിക്കും. തണുപ്പ് കൂടുകയും മരങ്ങൾ ഇലപൊഴിക്കുകയും ചെയ്യുന്ന ഈ കാലാവസ്ഥയിൽ അമൂർ ഫാൽക്കണുകൾ അവയുടെ ദേശാടനം ആരംഭിക്കുകയായി. വടക്കു കിഴക്കൻ ഏഷ്യയിലെ അമൂർനദി മേഖലയിലെ അവരുടെ പ്രജനനകേന്ദ്രങ്ങൾ ഉപേക്ഷിച്ച് തെക്കോട്ടേക്കുള്ള അവിശ്വസനീയവും അനിർവചനീയവുമായ യാത്രയാണ് ഇനി. തെക്കിലേക്കുള്ള ഈ യാത്രയിലാണ് നമ്മുടെ ഹിമാലയ പർവതനിരകൾ ചുറ്റി വടക്കുകിഴക്കൻ ഇന്ത്യയിൽ അമൂർ ഫാൽക്കണുകൾ എത്തുന്നത്. ഇന്ത്യയിൽ, പ്രത്യേകിച്ച് നാഗാലാൻഡിൽ ലക്ഷക്കണക്കിന് അമൂർ ഫാൽക്കണുകൾ ഓരോ വർഷവും എത്താറുണ്ട്. മണിപ്പൂർ, അസം സംസ്ഥാനങ്ങളിലും ദേശാടന നാളുകളിൽ ഇവയെ കാണാറുണ്ട്. ഒക്ടോബർ മുതൽ നവംബർ ആദ്യംവരെ ഒരുമാസത്തോളമാണ് ഇൗ പക്ഷിസഞ്ചയം സാധാരണ ഇവിടെ കാണുക, ചില സമയങ്ങളിൽ അതിലും മാറ്റമുണ്ടാകാറുണ്ട്.

അമൂറുകളെത്തുന്ന സമയത്ത് നാഗാലാൻഡിലെ നാഗാകുന്നുകളിലും അസം, മണിപ്പൂർ എന്നിവിടങ്ങളിലും ചിതൽപുറ്റുകളും ചിറകുള്ള വലിയ ചിതലുകളും തുമ്പികളും ധാരാളമായി കാണപ്പെടും. ലക്ഷക്കണക്കിന് പക്ഷികൾക്ക് ഒരു മാസത്തോളം ഇവിടെ തങ്ങണമെങ്കിൽ എത്രത്തോളം ഭക്ഷണം അവക്ക് അവിെടനിന്ന് ലഭിക്കുന്നുണ്ടാകും! മനുഷ്യനും അവന്റെ കൃഷിക്കും ആവാസവ്യവസ്ഥക്കും ഇത്രയധികം ഷഡ്പദങ്ങളും ചിതലുകളും ഭീഷണിയാവാതെ തടയാനും ഈ പക്ഷിക്കൂട്ടത്തിന്റെ വരവോടെ സാധിക്കുന്നു എന്നത് മറ്റൊരു കാര്യം.

ലഞ്ച് ബ്രേക്ക് അറ്റ് കേരള

ദേശാടന പക്ഷികൾക്ക് അവയുടെ ദേശാടനകാലയളവിൽ നിർത്താതെയുള്ള പറക്കലിനായി വലിയതോതിൽ ഉൗർജം സംഭരിക്കേണ്ടതും ചെലവഴിക്കേണ്ടതുമുണ്ട്. ഇത്രയും ഷഡ്പദങ്ങളെ ആഹാരമാക്കി തുടർന്നുള്ള നിർത്താതെയുള്ള യാത്രയിലാണ് ഇവർ നമ്മുടെ പശ്ചിമഘട്ട മലനിരകൾ താണ്ടുന്നത്. മതിയായ ഊർജം ലഭിക്കാത്ത ചെറിയ പക്ഷിക്കൂട്ടങ്ങൾ ഭക്ഷണത്തിനായി കുറച്ചുദിവസങ്ങൾ വിശാലമായ പുൽമേടുകളിലും പാടശേഖരങ്ങളിലും പറന്നിറങ്ങുന്നു. ആരോഗ്യവാന്മാരാകുന്നതോടെ അവരും അവിടം വിടാറാണ് പതിവ്. ഇങ്ങനെ ചെറുകൂട്ടങ്ങളായി ഇറങ്ങുമ്പോഴാണ് നമ്മുടെ കൊച്ചുകേരളത്തിന്റെ വിവിധയിടങ്ങളിൽ ഇവയെ കാണാറ്. ഇത്തവണയും അവ കേരളത്തിലെത്തി. തിരുവനന്തപുരത്തെ പുഞ്ചകരിയിലും തൃശൂരിലെ കോൾപാടശേഖരങ്ങളിലും പാലക്കാട് കവയിലും തിരുനാവായയിലും കണ്ണൂർ മാടായിപ്പാറയിലും സീസണുകളിൽ ഇവ കാണപ്പെടാറുണ്ട്. കേരളത്തിൽ മാത്രമല്ല, ഗോവയിലെ പുൽമേടുകളിലും ഇവരെത്തും. ആരോഗ്യം വീണ്ടെടുത്ത ശേഷം ഇവയും സഞ്ചാരത്തിനിറങ്ങിയ മറ്റു കൂട്ടങ്ങേളാടൊപ്പം ചേരും.

അമൂർ ഫാൽക്കണെ കൊന്നൊടുക്കിയവർ

നാഗാലാൻഡിൽ 2002 കാലഘട്ടങ്ങളിൽ ദേശാടനസമയത്ത് ദിനേന20,000 അമൂർ ഫാൽക്കണുകളെ വരെ കൊന്നൊടുക്കുമായിരുന്നു എന്നാണ് കണക്ക്. വേട്ടയാടി ഭക്ഷണം കണ്ടെത്തുന്ന നാഗന്മാരുടെ ഇഷ്ട ഇരകളിൽ ഒന്നുകൂടിയായിരുന്നു അമൂർ ഫാൽക്കണുകൾ. കൂട്ടമായെത്തുന്ന പക്ഷികളെ കെണിവെച്ചുപിടിച്ച് ആഹാരമാക്കുകയും വിൽക്കുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. മത്സ്യബന്ധനവലകൾ റിസർവോയറിന് കുറുകെ ഉയർത്തിക്കെട്ടിയാണ് ഇവയെ പിടികൂടിയിരുന്നത്. കൂട്ടങ്ങളായി പാറിവരുന്ന ചെങ്കാലൻപുള്ളുകൾ ഈ വലകളിൽ കുരുങ്ങും. മണിപ്പൂരിൽ ഇവയെ വെടിവെച്ച് പിടിക്കുന്നത് പതിവായിരുന്നു. റിസർവോയറുകൾക്ക് സമീപം മരക്കൊമ്പുകളിൽ ആയിരക്കണക്കിന് ഫാൽക്കണുകളാണ് ദേശാടനത്തിനിടെ രാപ്പാർക്കാറുള്ളത്. ഇതുകൂടി മനസ്സിലാക്കിയാണ് ആളുകളുടെ പുള്ളുവേട്ട.

വേട്ടക്കാർ സംരക്ഷകരാകുമ്പോൾ

2012ലാണ് അമൂർ ഫാൽക്കണുകളുടെ കൂട്ടക്കൊലകളുടെ ചിത്രവും ഇറച്ചിവിൽപനയുടെയും വേട്ടയാടലുകളുടെയും റിപ്പോർട്ടുകളും പുറത്തുവരുന്നതും ലോകമാകെ അറിയുന്നതും. 2012ൽ നിരവധി സംഘടനകളും നാഗാലാൻഡ്, മണിപ്പൂർ സർക്കാറും ഫാൽക്കൺ സംരക്ഷണത്തിനായി അന്നാട്ടിലുള്ളവരെ ബോധവാന്മാരാക്കിത്തുടങ്ങി. ചുരുങ്ങിയ വിലയ്ക്ക് പക്ഷിമാംസം വിറ്റിരുന്ന നാഗന്മാർ സർക്കാറിനെതിരെ അമ്പും വില്ലുമെടുത്തെങ്കിലും പിന്നീടവർ വഴങ്ങുകയായിരുന്നു. നിരവധി വിദേശമാധ്യമങ്ങളിൽ വാർത്തയായുകയും നിരവധി അമൂർ സംരക്ഷകർ ആദരിക്കപ്പെടുകയും ചെയ്തു. നാഗാലാൻഡ് വൈൽഡ് ലൈഫ് ബയോഡൈവേഴ്സിറ്റി ആൻഡ് കൺസർവേഷൻ ട്രസ്റ്റ് ഡയറക്ടർ ഹെഡ് ബാനോ ഹൊരേലുവായിരുന്നു മുൻപന്തിയിൽ ഉണ്ടായിരുന്നത്. തുടർന്ന് നിരവധി ഫാൽക്കൺ കൺസർവേഷൻ പ്രോജക്ടുകൾ ആരംഭിച്ചു. ഇവ ലോകശ്രദ്ധപിടിച്ചുപറ്റുന്ന രീതിയിൽ ഇന്നും പ്രവർത്തിച്ചു വരുന്നു. മണിപ്പൂരിൽ ചെങ്കാലൻപുള്ളുകളുടെ ദേശാടനകാലത്ത് തോക്കുകളും വേട്ടയാടലും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. അമൂർ ഫാൽക്കണുകൾ ധാരാളമായി എത്തുന്ന നാഗാലാൻഡിൽ വോഖ ജില്ലയിലെ പങ്തി സൈലന്റ് സോണാക്കി ഉത്തരവിറക്കി. സമാധാനവും സ്വൈരവുമായ ഒരു ദേശാടനക്കാലം അമൂർ ഫാൽക്കണുകൾക്കുേവണ്ടി ഒരുക്കുകയാണ് അവർ. നിരവധി വിദേശികളും സ്വദേശികളുമായ പഠിതാക്കളും ഫോട്ടോഗ്രാഫർമാരും അമൂറുകളുടെ ദേശാടനക്കാലത്ത് അവിടെ എത്താറുണ്ട്. നാഗന്മാരുടെ വരുമാനമാർഗമാണ് ഇന്ന് സഞ്ചാരികൾ. പണ്ടത്തെ വേട്ടക്കാർ ഇന്ന് അവയുടെ സംരക്ഷകരായിമാറുകയാണ്. ലോകത്തിലെ അമൂർ ഫാൽക്കണുകളുടെ ദേശാടന തലസ്ഥാനമാണ് ഇന്ന് നാഗാലാൻഡ്. നാഗന്മാർ അവയുടെ ബ്രാൻഡ് അംബാസഡർമാരും.

Giantly Migration of Amur Falconദേശാടന പാതകൾ

അമൂർ ഫാൽക്കണുകളുടെ കൃത്യമായ ദേശാടനപാതയെക്കുറിച്ചറിയാൻ ഇവയെ പിടിച്ച് ജിയോ ടാഗിങ്ങും ചെറിയ ജി.പി.എസ് സംവിധാനങ്ങളും ഉപഗ്രഹങ്ങൾ വഴി മാപ്പ് ചെയ്യാൻ സാധിക്കുന്ന ചെറുട്രാൻസ്മീറ്ററുകളുമെല്ലാം ഘടിപ്പിക്കാറുണ്ട്. ഇവയെല്ലാം കൃത്യമായി രേഖപ്പെടുത്തിവെക്കുന്നുമുണ്ട്. ഇന്ത്യയിൽ തണുപ്പുകാലം അതിന്റെ ഉച്ചസ്ഥായിയിലെത്തും മുമ്പേ സോമാലിയയിലെ വസന്തകാലം തേടി അമൂർ ഫാൽക്കണുകൾ യാത്രയാകും. ഏപ്രിൽ മധ്യത്തിൽ സോമാലിയയിലെത്തും. മേയ് മാസത്തോടെ അറബിക്കടലിന് മുകളിലൂടെ രാവെ

ന്നോ പകലെന്നോയില്ലാതെ നിർത്താതെയുള്ള യാത്രയാണ് പിന്നീട്. ഭക്ഷണവും വിശ്രമവും ഇല്ലാത്ത നീണ്ട യാത്ര. പ്രകൃതിയുടെ അത്ഭുത പ്രതിഭാസമെന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ അറബിക്കടലിന് മുകളിലൂടെ പറക്കുന്ന അമൂറിന്റെ അതേപാതയിലൂടെയാണ്

ഗ്ലോബ് സ്കിമ്മർ എന്ന തുമ്പിവർഗത്തിന്റേയും ദേശാടനം നടക്കുന്നത്. ഇ ന്ത്യക്കും കിഴക്കനാഫ്രിക്കക്കുമിടയിൽ അമൂറിന്റെ സമുദ്രാന്തരപാതയിലൂടെ ഇൗ തുമ്പിവർഗം പറക്കുമ്പോൾ അമൂറിന് ഭക്ഷണവും റെഡി! അമൂർ ഫാൽക്കൺ കീടങ്ങളെയും ഷഡ്പദങ്ങളേയും ആഹാരമാക്കുന്നതിനാൽ യാത്രക്കിടെ ഗ്ലോബ് സ്കിമ്മറുകളെ ലഭിക്കുന്നു എന്നതുകൊണ്ടാവണം ഈ പാത തിരഞ്ഞെടുക്കുന്നത് എന്നാണ് ശാസ്ത്രീയമായ കണ്ടെത്തൽ.

പ്രോട്ടീൻ നിറഞ്ഞ കീടങ്ങളെ ആഹാരമാക്കുന്നതാണ് അമൂറിന്റെ ദീർഘയാത്രക്കുള്ള ഉൗർജവും. ഇന്ത്യയിൽനിന്ന് പറന്നാൽ ചൈന, മംഗോളിയ, വിയറ്റ്നാം, ലാവോസ്, തായ്‍ലൻഡ്, മ്യാൻമർ, ബംഗ്ലാദേശ്, പാകിസ്താൻ, ഒമാൻ, സോമാലിയ, ഇത്യോപ്യ, കെനിയ, താൻസനിയ, മലാവി, സാംബിയ, സിംബാബ്‍വെ, മൊസാംബീക്, ബൊട്സ്വാന, നമീബിയ തുടങ്ങിയ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് അമൂർ ഫാൽക്കണുകൾ ദക്ഷിണാഫ്രിക്കയിലെത്തുന്നത്. മണിപ്പൂരിൽനിന്ന് ജിയോടാഗ് ചെയ്യപ്പെട്ട അമൂർ ഫാൽക്കണിന്റെ സഞ്ചാര റിപ്പോർട്ടാണിത്. നാഗാലാൻഡിലെയും മണിപ്പൂരിലെയും വേട്ടയാടലുകൾ അവസാനിപ്പിച്ചതോടെ അമൂർ ഫാൽക്കണുകളുടെ വരവിലും എണ്ണത്തിലും വർധനയുണ്ട്. അങ്ങനെയാണെങ്കിൽ അടുത്ത ദേശാടന കാലത്തും കേരളത്തിന്റെ മണ്ണിലേക്കും ചെങ്കലൻ പുള്ളിന്റെ ചെറുകൂട്ടങ്ങളെത്തും. വീണ്ടുമൊരു ശരത്കാലം വരുംവരെ അതിനായി കാത്തിരിക്കാം...

എഴുത്തും ചിത്രങ്ങളും

അനിത് അനിൽകുമാർ

Tags:    
News Summary - Giantley Migration of Amur Falcon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.