photo: പി.ബി. ബിജു

മഴക്ക് നേരിയ ശമനം; ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു

കോഴിക്കോട്: മഴക്ക് നേരിയ ശമനമുണ്ടായ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടു നിലവിലുണ്ട്. അതിനിടെ, കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ വനമേഖലയിൽ ഉരുൾപൊട്ടി മലവെള്ളപ്പാച്ചിലുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊല്ലം പള്ളിമൺ ഇത്തിക്കരയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ മഴക്കെടുതിയിൽ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് മരണം 14 ആയി. 12 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ അവധി നൽകി. സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു. നാളെവരെ അറബിക്കടലിൽ മത്സ്യബന്ധനം നിരോധിച്ചു. ദേശീയ ദുരന്തനിവാരണ സേന ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 

2022-08-03 12:36 IST

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിൽ റിട്ട. അധ്യാപികയെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. ഭീമനടി വില്ലേജിൽ കൂരാക്കുണ്ടിലെ രവീന്ദ്രൻ്റെ ഭാര്യ ലത (57)യെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. 

2022-08-03 11:57 IST

സംസ്ഥാനത്തെ ആറ് അണക്കെട്ടുകളിൽ റെഡ് അലേർട്ട് തുടരുന്നു. പൊന്മുടി, ലോവർപെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, മൂഴിയാർ, കണ്ടള അണക്കെട്ടുകളിലാണു റെഡ് അലേർട്ട്. പെരിങ്ങൽക്കുത്ത് ഡാമിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

ഇടുക്കി ഡാമിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിലപ്പ് 2375.53 അടിയായി. ഇടമലയാർ, കക്കി, ബാണാസുരസാഗർ, ഷോളയാർ, മാട്ടുപ്പെട്ടി, ആനയിറങ്കൽ, കുറ്റ്യാടി, പമ്പ, കല്ലാർ അണക്കെട്ടുകളിൽ നിലവിൽ മുന്നറിയിപ്പുകളൊന്നുമില്ല.

2022-08-03 11:06 IST

മഴക്കെടുതികളെത്തുടർന്നു സംസ്ഥാനത്ത് 166 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 4639 പേരെ മാറ്റിപ്പാർപ്പിച്ചു.

തൃശൂരിലാണ് ഏറ്റവും കൂടുതൽപേരെ മാറ്റിപ്പാർപ്പിച്ചത്. ഇവിടെ 36 ക്യാംപുകളിലായി 1299 പേരെ മാറ്റി. തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 41 പേരും പത്തനംതിട്ടയിൽ 33 ക്യാംപുകളിലായി 621 പേരും ആലപ്പുഴയിൽ ഒമ്പതു ക്യാംപുകളിലായി 162 പേരും കോട്ടയത്ത് 30 ക്യാംപുകളിലായി 672 പേരും കഴിയുന്നുണ്ട്.

ഇടുക്കിയിൽ ഏഴു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 118 പേരെ ക്യാംപുകളിലേക്കു മാറ്റി. എറണാകുളത്ത് 18 ക്യാംപുകളിലായി 685 പേരെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് മൂന്നു ക്യാംപുകളിലായി 58 പേരെയും മലപ്പുറത്ത് നാലു ക്യാംപുകളിലായി 77 പേരെയും കോഴിക്കോട് എട്ടു ക്യാംപുകളിലായി 343 പേരെയും മാറ്റിപ്പാർപ്പിച്ചു.

വയനാട്ടിൽ തുറന്ന 13 ദുരിതാശ്വാസ ക്യാംപുകളിൽ 516 പേരെ പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കണ്ണൂരിൽ രണ്ടു ക്യാംപുകളിലായി 47 പേരെയും മാറ്റി.

2022-08-03 10:36 IST

മഴക്ക് നേരിയ ശമനമുണ്ടായ പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മാത്രമാണ് ഇന്ന് റെഡ് അലർട്ട്. മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടു നിലവിലുണ്ട്. 

2022-08-03 10:22 IST


കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ചുള്ളി മേഖലയിൽ വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിൽ

2022-08-03 10:21 IST



കാസർകോട്ടെ അപകടാവസ്ഥയിലായ മാലോം-കാര്യോട്ടുചാൽ പാലം

 


2022-08-03 10:11 IST

കാസർകോട്: ജില്ലയിലെ വന​മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. വെള്ളരിക്കുണ്ട് താലൂക്കിൽ ബളാൽ വില്ലേജിൽ ചുള്ളി മേഖലയിൽ വനത്തിലാണ് ഉരുൾപൊട്ടിയതായി സംശയിക്കുന്നത്. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു വരുന്നുണ്ട്. റോഡുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ആളപായമോ പരിക്കോ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

ഇരുപതോളം കുടുംബങ്ങളെ ചുള്ളി സ്കൂളിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. തഹസിൽദാർ, വില്ലേജ് ഓഫിസർ, പഞ്ചായത്ത്‌ പ്രസിഡന്റ് എന്നിവർ സ്ഥല​ത്തെത്തി. ഉരുൾപൊട്ടിയ ഭാഗം കൃത്യമായി അറിയാനുള്ള പരിശ്രമത്തിലാണ് അധികൃതർ. പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം നൽകി.

2022-08-03 09:28 IST

2022 ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. കേരളതീരത്ത് 3.0 - 3.3 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലക്ക് സാധ്യത ഉള്ളതിനാൽ കൂടുതൽ ജാഗ്രത പാലിക്കണം. അറബിക്കടലിൽ ആഗസ്റ്റ് 4 വരെ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല. ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം

2022-08-03 09:28 IST

കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) 03-08-2022 രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

2022-08-03 09:28 IST

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 02-08-2022 മുതൽ 04-08-2022 വരെയും കർണാടക തീരങ്ങളിൽ 02-08-2022 മുതൽ 06-08-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    
News Summary - kerala rain updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.