മയിലുകൾ നൃത്തംചെയ്യുമ്പോൾ

കഴിഞ്ഞ പത്ത് വർഷങ്ങളായി നന്ദിലാൽ ഒരേ സ്വപ്നം കണ്ടാണ് ഉണരുന്നത്. ഒരേ സ്വപ്നം –കിഴക്ക് വെള്ളകീറുന്നതിന് മുമ്പ്, ഉപ്പുരസമുള്ള കടൽക്കാറ്റ് വീശുന്നതിന് മുമ്പ്, കടൽക്കാക്കകൾ മഷിക്കറുപ്പിന് മുകളിലൂടെ തൊണ്ടകീറി കരയുന്നതിന് മുമ്പ്, മുക്കുവർ മരച്ചങ്ങാടത്തിന്റെ വയറിൽ തട്ടി ഭ്രമിച്ച മീൻകൂട്ടങ്ങളെ വലയിലേക്ക് നയിക്കുന്നതിനുമുമ്പ് –ഒരേ സ്വപ്നം. മഴക്കാറ് ആകാശത്തെ കടും നീലയാക്കുമ്പോൾ, നെൽപ്പാടത്തിന്റെ അതിരുകളിൽ നിൽക്കുന്ന ഭീമാകാരമായ പുളിമരങ്ങളിൽ നിന്നും അഞ്ച് മയിലുകൾ വരമ്പത്തേക്ക് പറന്നിറങ്ങിയിട്ട്, പീലി വിരിച്ച് നൃത്തംചെയ്യുന്നു. തത്തപ്പച്ച പാവാടയും, നീല ബ്ലൗസുമിട്ട് നൂർ ജഹാൻ...

കഴിഞ്ഞ പത്ത് വർഷങ്ങളായി നന്ദിലാൽ ഒരേ സ്വപ്നം കണ്ടാണ് ഉണരുന്നത്.

ഒരേ സ്വപ്നം –കിഴക്ക് വെള്ളകീറുന്നതിന് മുമ്പ്, ഉപ്പുരസമുള്ള കടൽക്കാറ്റ് വീശുന്നതിന് മുമ്പ്, കടൽക്കാക്കകൾ മഷിക്കറുപ്പിന് മുകളിലൂടെ തൊണ്ടകീറി കരയുന്നതിന് മുമ്പ്, മുക്കുവർ മരച്ചങ്ങാടത്തിന്റെ വയറിൽ തട്ടി ഭ്രമിച്ച മീൻകൂട്ടങ്ങളെ വലയിലേക്ക് നയിക്കുന്നതിനുമുമ്പ് –ഒരേ സ്വപ്നം.

മഴക്കാറ് ആകാശത്തെ കടും നീലയാക്കുമ്പോൾ, നെൽപ്പാടത്തിന്റെ അതിരുകളിൽ നിൽക്കുന്ന ഭീമാകാരമായ പുളിമരങ്ങളിൽ നിന്നും അഞ്ച് മയിലുകൾ വരമ്പത്തേക്ക് പറന്നിറങ്ങിയിട്ട്, പീലി വിരിച്ച് നൃത്തംചെയ്യുന്നു. തത്തപ്പച്ച പാവാടയും, നീല ബ്ലൗസുമിട്ട് നൂർ ജഹാൻ മയിലുകളുടെ അടുത്തേക്ക് തുള്ളിച്ചാടി ഓടുന്നു.

അവളുടെ പാദസരങ്ങൾ കിലുങ്ങുന്നു;

കുപ്പി വളകൾ തിളങ്ങുന്നു;

മൂക്കുത്തി മിനുങ്ങുന്നു.

പ്രണയത്താൽ വെമ്പുന്ന ഹൃദയവുമായി നന്ദിലാൽ അവളുടെ പിറകെ ഓടുന്നു. പക്ഷേ, അവൻ അടുത്തെത്തുമ്പോൾ മയിലുകൾ ചിറകടിച്ച് പറന്നകലുന്നു. നന്ദിലാലിന്റെ ഹൃദയം നുറുക്കിക്കൊണ്ട് നൂർ ജഹാനും അവളുടെ ഇളം പച്ച ഷോൾ ഇളക്കിക്കൊണ്ട് ആകാശത്തേക്ക് പറന്നുയരുന്നു.

അങ്ങ് അകലെ, മഴയിൽ കുതിർന്ന ഗ്രാമത്തിലേക്ക് പറന്നു പോകുന്ന മയിലുകളും നൂർ ജഹാനും തന്റെ നിസ്സഹായാവസ്ഥയും. അവൻ കണ്ണുകൾ തുറന്നു മുകളിലേക്ക് നോക്കി കിടക്കും.

ഈ നിർമലമായ ശാന്തതയിൽ–പ്രഭാതത്തിന്റെ പ്രകാശം ഓറഞ്ചു ഛായകൾ കോറിയിട്ട ചക്രവാളത്തിനുമേൽ തിളങ്ങുന്ന അലുമിനിയത്തിന്റെ നിറം പരത്തുന്നതിനുമുമ്പ്–അവൻ കുറച്ച് നിമിഷങ്ങൾ വെറുതെ ഇരുന്ന്, കാലുകൾ ആട്ടിക്കൊണ്ട് തന്നെക്കുറിച്ച് തന്നെ ചിന്തിക്കും. ആ മയക്കത്തിൽ അവൻ കഴിഞ്ഞദിവസം കണ്ട മുഖങ്ങളെ ഓർമിക്കും. പിന്നെ പതിയെ ദൂരെയുള്ള ദേവാലയത്തിലെ ദൈവത്തോട് ഒരു ചെറിയ പ്രാർഥനയോടെ, ശിഥിലമായ കൊളോണിയൽ കെട്ടിടങ്ങൾക്കിടയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള മറ്റൊരു നീണ്ട ദിവസത്തിനായി അവൻ തയാറെടുക്കും.

അപ്പോഴാണ് നന്ദിലാൽ റോഞ്ജൻ ദാസ് എന്ന നന്ദിക്ക് തന്റെ വലതു കക്ഷത്തിൽ രൂപപ്പെട്ടുവരുന്ന ചെറിയ മറുകിൽ ഞെരടിയിട്ട് തള്ളവിരലിനെയും ചൂണ്ടുവിരലിനെയും മണപ്പിച്ച് വിയർപ്പിന്റെ ദുർഗന്ധം ഉണ്ടോ എന്ന് നോക്കാൻ സമയം കിട്ടുക. പോർചുഗലിൽനിന്നുള്ള ഒരു വിനോദസഞ്ചാരി അവനോട് വിയർപ്പുനാറ്റം വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച അന്നുമുതൽ അവൻ എന്നും രാവിലെ അവന്റെ കക്ഷം തടവിയിട്ടു മണത്തു നോക്കും. ‘എന്ത് ജോലി ചെയ്താലും ശരി, വിയർപ്പ് നാറ്റം ഉണ്ടാവാതെ നോക്കണം. മനുഷ്യന്റെ വിയർപ്പിന്റെ അത്രയും നാറ്റം വേറൊന്നിലുമില്ല,’ അവൻ കൊടുത്ത ചായ കുടിച്ചുകൊണ്ട് അവർ പറഞ്ഞു. ‘അൽപം ശ്രദ്ധിച്ചാൽ മതി.’

നിറയെ പൂക്കളുള്ള ഫ്രോക്കിട്ട അവർ തണൽ വിരിച്ച് നിൽക്കുന്ന പുരാതന മഴമരത്തിന്റെ കീഴിൽ നിന്നുകൊണ്ട് നന്ദിയോട് കക്ഷത്തിലെ രോമത്തിൽ വിയർപ്പിന്റെ പരലുകൾ പറ്റിപ്പിടിച്ചിരിക്കാൻ അനുവദിക്കരുതെന്ന് പറഞ്ഞു. ചായ കുടിച്ചുകൊണ്ട് അവർ മഴമരത്തിന്റെ പരപ്പിനെ അതിശയത്തോടെ നോക്കി, പിന്നെ വാസ്കോ ഡ ഗാമയുടെ ഭൗതികാവശിഷ്ടം ലിസ്ബണിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് 14 വർഷങ്ങൾ സൂക്ഷിച്ചിരുന്ന സെന്റ് ഫ്രാൻസിസ് പള്ളിയിലേക്കും.

‘സാന്ദ്ര... സാന്ദ്ര ഡിസൂസ ഫ്രം ലിസ്ബൺ...’ അവർ നന്ദി ലാലിനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. കടലിന്റെ നീലിമയേക്കാൾ നീലയായിരുന്നു സാന്ദ്രയുടെ കണ്ണുകൾക്ക്. കടും തവിട്ട് നിറത്തിലെ അവരുടെ മുടി ചുരുളുകളായി തോളിലേക്ക് വീണു. നന്നായി ഷേവ് ചെയ്ത അവരുടെ കക്ഷം ഇപ്പോൾ പിളർന്ന വെള്ളരി കഷണത്തേക്കാൾ മിനുസമായി തിളങ്ങി.

ചിരിച്ചുകൊണ്ട് നന്ദിലാൽ ചില്ലറ തിരിച്ചുനൽകി. സാന്ദ്ര അത് വാങ്ങി തോളിൽ തൂക്കിയിരുന്ന തുണി സഞ്ചിയിലെ ഉള്ളറയിലിട്ടു. ‘പിന്നെ കാണാം’ എന്ന് പറഞ്ഞു കൊണ്ട് അവർ പള്ളിയുടെ ദിശയിലേക്ക് നടന്നു. ജൂതത്തെരുവും സിനഗോഗും ചുറ്റി തിരിച്ചുവരുന്ന ചിലരെ നന്ദിലാൽ ചിലപ്പോൾ വീണ്ടും കാണാറുണ്ട്. എന്നാൽ അവൻ സാന്ദ്രയെ പിന്നീട് കണ്ടില്ല.

സാന്ദ്രയെ കണ്ട അന്നുമുതൽ നന്ദി ശ്രദ്ധിക്കുന്ന രണ്ടു കാര്യങ്ങൾ –ഒന്ന്, സുഗന്ധദ്രവ്യങ്ങളുടെ മണം പരക്കുന്ന ഈ തെരുവുകളിൽ അവനായിട്ട് വിയർപ്പിന്റെ ഗന്ധം പടർത്തില്ലായെന്നും (അതിനായി അവൻ എന്നും കൈകൾ ഉയർത്തി തന്റെ രണ്ടു കക്ഷങ്ങളും മണത്തു നോക്കും); രണ്ട്, ഹുസ്സൈൻ സായിപ്പിന്റെ കടയിൽനിന്നും വാങ്ങിയ വിലകുറഞ്ഞ സെന്റിന്റെ അതിരൂക്ഷ ഗന്ധം തന്നിൽ ഇല്ലായെന്നും (ജോലിചെയ്യാത്ത തൊഴിലാളി നേതാക്കൾ അവനെ ബൂർഷ്വ എന്ന് താറടിച്ചാൽ പിന്നെ ദിവസം അഞ്ഞൂറ് ചായകളും അതിനേക്കാൾ കൂടുതൽ കടികളും വിൽക്കുന്ന അവന്റെ ഉപജീവന മാർഗത്തിനെ അത് സാരമായി ബാധിക്കും).

‘നന്ദി, വേഗം കൊണ്ടുവാ,’ മട്ടാഞ്ചേരിയുടെ ഇടുങ്ങിയ തെരുവുകളുടെ ഇരുവശത്തുമുള്ള കച്ചവടക്കാർ അവന്റെ സൈക്കിളിന്റെ മണി കേൾക്കുമ്പോൾ ഉറക്കെ വിളിക്കും. ‘അരേ നന്ദി, എവിടെയായിരുന്നു?’ മസാല-പലവ്യഞ്ജന കച്ചവടക്കടകളിൽ നിന്ന് ഈ ചോദ്യം ഉയരും. അവൻ ചെറിയ പ്ലാസ്റ്റിക് കപ്പുകളിൽ ചായ കൊടുക്കുമ്പോൾ അവർ തങ്ങളുടെ ജോലിയിൽനിന്നും ഒരു ചെറിയ ഇടവേള എടുക്കും–കടക്കാർ എഴുന്നേറ്റ് കൈകാലുകൾ നീട്ടും, ചുമട്ടുതൊഴിലാളികൾ നെറ്റിയിലെ വിയർപ്പ് തുടച്ചിട്ട് പുറം നേരെയാക്കും, അക്കൗണ്ടന്റുമാർ ലെഡ്ജറിൽനിന്ന് കണ്ണെടുത്ത് തെരുവിലേക്ക് നോക്കും.

എപ്പോഴും നന്ദി ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം, ചായയുടെ ആദ്യ മുറുക്ക് ഇറക്കിക്കഴിഞ്ഞാൽ എല്ലാവരും ഒരു നിമിഷം എന്തോ ചിന്തയിൽ മുഴുകും. എവിടെയോ ഒന്ന് തൊട്ടതുപോലെ. ഓർമകളുടെ അറയിൽനിന്നും എന്തോ ഒന്ന് ഇറങ്ങിവന്നതുപോലെ. രുചിയും മണവും ഭൂതകാലത്തിലേക്കുള്ള പാലങ്ങളാണ്. ആദ്യ മഴക്ക് ശേഷമുള്ള മണ്ണിന്റെ മണം എപ്പോഴും നന്ദിയെ ആയിരക്കണക്കിന് അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ പത്തു വർഷങ്ങളായി നന്ദിലാലിന്റെ ചായ ഈ കൊളോണിയൽ തുറമുഖനഗരത്തിലെ ആളുകളെ അവരുടെ വിവിധതരമായ ഓർമകളുമായി ബന്ധിച്ച് നിർത്തിയിരിക്കുന്നു. ആദ്യ മുറുക്കിനുശേഷം അവർ ചിന്തകളിൽ മുഴുകുന്നു –അത് അവരെ സ്വപ്നം കാണിക്കുകയോ അവർ ഉപേക്ഷിച്ചുപോന്ന മുഖങ്ങളും സ്ഥലങ്ങളും ഓർമിപ്പിക്കുകയോ ചെയ്യുന്നു. ചായ ആളുകളെ ഓർമകളുടെ ഒരു ദ്വീപിലേക്ക് ആകർഷിക്കുന്നു, എന്നിട്ട് അവരെ കുറച്ച് നിമിഷങ്ങൾക്ക് അവിടെ ഏകാന്തതയിൽ വിടുന്നു.

എന്നാൽ, വിയർപ്പിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, അത് തന്റെ ഭൂതകാലത്തെ വർത്തമാനകാലവുമായി എങ്ങനെ ബന്ധിപ്പിക്കുന്നുവെന്ന് നന്ദി തിരിച്ചറിയുന്നു –തന്റെ മാതൃഭൂമിയെയും അഭയം തന്ന ഭൂമിയെയും. കർഷകരുടെ കൃഷിഭൂമിയിലുള്ള അവകാശം ചരിത്രപരവും രക്തരൂഷിതവുമായ ഒരു വിപ്ലവത്തിന് കാരണമായി ഭൂപരിഷ്കരണത്തിൽ കലാശിച്ച ഒരു സ്ഥലത്ത് വിയർപ്പിന് സാംസ്കാരികവും രാഷ്ട്രീയവുമായ പ്രാധാന്യവും ഉണ്ട്.

വർഷങ്ങൾ കഴിയുന്തോറും ഹർത്താലുകളുടെയും സമരങ്ങളുടെയും ഒരു ഉപസംസ്കാരം വളർന്ന് അവർ കൃഷിജോലി നിർത്തിയശേഷവും പ്രതിഷേധിച്ചും സമരംചെയ്തും കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള അവന്റെ ഗ്രാമത്തിലും ഇതുതന്നെയാണ് സ്ഥിതി. കമ്യൂണിസത്തിന്റെ വ്യാപനത്തോടൊപ്പം വിയർപ്പിന് പ്രതീകാത്മക പ്രാധാന്യം ലഭിച്ചു. എന്നാൽ, അത്ഭുതമെന്ന് പറയട്ടെ, കമ്യൂണിസത്തിന് അതിന്റെ യുക്തിയും ലക്ഷ്യവും പ്രസക്തിയും നഷ്ടപ്പെട്ടതിനു ശേഷവും വിയർപ്പിന്റെ വിപ്ലവഗാനങ്ങൾ ഇന്നും പാർട്ടി അനുഭാവികൾ പാടിക്കൊണ്ടിരിക്കുന്നു.

ഇങ്ങു തെക്ക് താഴെയുള്ള തന്റെ അഭയഭൂമിയിൽ ഉപയോഗശൂന്യമായ കൃഷിയുപകരണങ്ങൾ പാർട്ടി ചിഹ്നങ്ങളും നാശത്തിന്റെ ആയുധങ്ങളുമായി മാറിയിരിക്കുന്നു –അത് അടുത്തിടെ പാർട്ടി മാറിയ ഒരു നേതാവിന്റെ മുഖത്ത് കത്തികൊണ്ടുണ്ടാക്കിയ 52 കുത്തലുകളിൽ വ്യക്തമായിരുന്നു. മുഖം ചിലന്തിവലപോലെ തുന്നിച്ചേർത്ത, കൊലചെയ്യപ്പെട്ട നേതാവിന്റെ ശരീരത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സംസ്ഥാനത്തുടനീളമുള്ള ആളുകൾ കണ്ടു; അവർ ചായക്കടകൾ, പാർട്ടി ഓഫീസുകൾ, പോലീസ് ഹെഡ്ക്വാർട്ടർ, വാർത്താമാധ്യമാലയങ്ങൾ, കുടുംബങ്ങളുടെ ഇരിപ്പുമുറികൾ –എല്ലായിടത്തുനിന്നും വിവിധ കടുപ്പത്തിലും നിറത്തിലും ഉള്ള ചായ കുടിച്ചുകൊണ്ട് ടെലിവിഷനിൽ കണ്ടു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് രാത്രിയിൽ, റോഡിന്റെ ഇരുവശത്തുമുള്ള ഗ്രാമങ്ങളിലെ എല്ലാവരും ഉറങ്ങുകയും സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ദിനവും വിജയാഘോഷങ്ങളും സ്വപ്നം കണ്ട് കൂർക്കം വലിക്കുകയും ചെയ്യുന്ന സമയത്ത്, അരിവാൾ, ചുറ്റിക, പാര, മൺവെട്ടി, കത്തി, കുട്ട, ഗോവണി എന്നിവയുടെ നേതൃത്വത്തിലുള്ള ഈ ചിഹ്നങ്ങൾ അവ വരച്ചിട്ടുള്ള ചുവരുകളിൽനിന്ന് പുറത്തുവന്ന് ഹൈവേയിലൂടെ നിശ്ശബ്ദതയോടെ നടക്കും. പരസ്പരം അടുത്ത് നടന്ന്, അരിവാളും ചുറ്റികയും കഠിനാധ്വാനികളായ കർഷകരുടെ കൈകളിലായിരുന്ന നല്ല പഴയ ദിനങ്ങളെ ഓർമിക്കും; വീടുകളുടെയും കെട്ടിടങ്ങളുടെയും വൈദ്യുതി തൂണുകളുടെയും ചുവരുകളിൽ വരച്ചുപിടിപ്പിക്കുന്നതിനെക്കാൾ മെച്ചമായ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കാലത്തെ ഓർമിക്കും;

വിലകുറഞ്ഞ കടലാസിൽ അച്ചടിച്ച് പാർട്ടി ഓഫീസ് ശാഖകളിലൂടെ വിതരണം ചെയ്യുന്നതിനെക്കാൾ മെച്ചമായ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കാലത്തെ ഓർമിക്കും. പാരയും മൺവെട്ടിയും പുഞ്ചിരിക്കും; കത്തിയും ഗോവണിയും വില്ലും അമ്പുകളും കൈയും താമരയും മുന്നിലെത്താൻ പരസ്പരം മത്സരിക്കും. രാത്രി മുഴുവൻ, വെള്ളിനിറത്തിലുള്ള ചന്ദ്രൻ ആകാശത്തിന്റെ ഒരു മങ്ങിയ അറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് ഒഴുകി അവയുടെമേൽ പാൽ പ്രകാശം ചൊരിയുമ്പോൾ, പുലരുന്നതിന് മുമ്പ്, സ്ഥാനാർഥികൾ അഞ്ചുവർഷം കൂടുമ്പോൾ കള്ളം പറയുന്ന അതേ ആളുകളോട് പിന്നെയും ഉറക്കെ കള്ളങ്ങൾ പറയാൻ തുടങ്ങുന്നതിനു മുമ്പ്, ചിഹ്നങ്ങൾ ഹൈവേയിലൂടെ നിശ്ശബ്ദമായും ചിന്തയിലാണ്ടും നടക്കും. നേരം പുലരുന്നതിന് മുമ്പ് അവയൊക്ക തങ്ങൾ വന്ന മതിലുകളിലേക്കും, തൂണുകളിലേക്കും ചുവരുകളിലേക്കും തിരിച്ചുപോയി, വീണ്ടും പാർട്ടി ചിഹ്നങ്ങളായി മാറും.

വിയർപ്പിനെപ്പോലെയല്ല ചായ.

ഒരു സാമൂഹിക ഘടകം മാത്രമല്ല, ചായ പാർട്ടി ഓഫീസുകളിലെ ഒരു അവിഭാജ്യ പാനീയവുമാണ് –അത് വിപ്ലവത്തിന് ഊർജംനൽകുകയും അടിച്ചമർത്തലുകളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മികച്ച വരികൾ എഴുതാൻ കോപ്പി റൈറ്റർമാരെയും മികച്ച സൃഷ്ടിക്കായി ഡിസൈനർമാരെയും സഹായിക്കുന്നത് വിയർപ്പല്ല, മറിച്ച് ചായയാണ്. അത് മലനിരകളിലെ തോട്ടങ്ങളിൽനിന്ന് തുടങ്ങി, ദേശത്തിന്റെ ഉള്ളിലൂടെ ഒരു അദൃശ്യനദിയെപ്പോലെ ഒഴുകി; സമതലങ്ങളും തീരവും കടന്ന്, എല്ലാ സംസ്കാരങ്ങളിൽനിന്നും വർഗങ്ങളിൽനിന്നും ജാതികളിൽനിന്നുമുള്ള ആളുകൾക്കിടയിൽ ജനാധിപത്യപരവും സാമൂഹികവുമായ ഒരു അഭേദ്യ ബന്ധം സൃഷ്ടിക്കുന്നു.

ചായയെപ്പോലെ കമ്യൂണിസം പോലും ആളുകളെ ബന്ധിപ്പിക്കുന്നില്ല. അത് നന്ദിലാലിന് നന്നായി അറിയാം, കാരണം അവൻ ഓരോ ദിവസവും നൂറുകണക്കിന് ആളുകൾക്കാണ് ചായ വിൽക്കുന്നത്. കാരിയറിൽ ഉറപ്പിച്ച സ്റ്റീൽപാത്രവുമായി സൈക്കിളിൽ അവൻ കടന്നുപോകുമ്പോൾ സമ്പന്നരും ദരിദ്രരും, വിദേശികളും സ്വദേശികളും അവനിൽനിന്ന് ചായ വാങ്ങുന്നു.

* * *

നന്ദിലാൽ കുറച്ച് സമയംകൂടി അങ്ങനെതന്നെ കിടക്കും. നീലനിറത്തിലുള്ള ഡച്ച് ജനാലയുടെ വിടവിലൂടെ കടൽകാറ്റ് മൂളി​െയത്തുന്നത് അവന് അറിയാം. തന്റെ സ്ഥിരം സ്വപ്നത്തിന്റെ ബാക്കി എന്തായിരിക്കുമെന്ന് അവൻ വെറുതെ ആലോചിക്കുമ്പോൾ, അടുക്കളയിൽനിന്നും പാത്രങ്ങളുടെ ശബ്ദം അവന് കേൾക്കാം. അവനെക്കാൾ ഒരു മണിക്കൂർ മുമ്പേ എഴുന്നേറ്റ അമ്മ അവനായി ചായ ഉണ്ടാക്കുകയാണ്.

അഞ്ഞൂറിലധികം ചായയും അതിനേക്കാൾ കടികളും ഉണ്ടാക്കുന്ന ദീർഘമായ ഒരു ദിവസത്തെ ജോലിക്കുശേഷം അലാറം ക്ലോക്കുപോലുമില്ലാതെ അവർക്ക് എങ്ങനെ ഇത്ര നേരത്തേ ഉണരാൻ കഴിയുന്നുവെന്ന് പലപ്പോഴും നന്ദി ചിന്തിക്കാറുണ്ട്. ഹുസ്സയിന്റെ കടയിൽനിന്നും ഒരു അലാറം ക്ലോക്ക് വാങ്ങി അമ്മക്ക് കൊടുക്കണമെന്ന് എല്ലാ മാസവും നന്ദി വിചാരിക്കും. തന്റെ ഇളയ സഹോദരിയുടെ കൂടെ തറയിൽ ഉറങ്ങുന്ന അവർക്ക് തലയണയുടെ അടിയിൽ അത് വെക്കാം. എന്നാൽ വീട്ട് ചെലവുകളും ഇളയ സഹോദരന്റെയും അനുജത്തിയുടെയും പഠിപ്പിന്റെ ഫീസും കഴിയുമ്പോൾ അലാറം ക്ലോക്ക് പിന്നെയും അടുത്ത മാസത്തേക്ക് തള്ളപ്പെടും.

ഓരോ മാസവും എത്ര വേഗത്തിൽ കടന്നുപോകുന്നു!

അവൻ ചെറുപ്പമായിരുന്നപ്പോൾ സമയത്തിന്റെ അളവുകോൽ ഒരു ദിവസമായിരുന്നു. അവന്റെ അച്ഛൻ പറയാറുണ്ടായിരുന്നു ‘നാളെ,’ രാത്രിക്കുശേഷമുള്ള ദിവസമാണ് നാളെ എന്ന് അവനറിയാമായിരുന്നു. ‘ഇന്നലെ ഞാൻ നിന്നോട് ചോദിച്ചില്ലേ, നന്ദി?’ അമ്മ ചോദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ രാത്രിക്കുമുമ്പുള്ള ദിവസമാണ് ഇന്നലെ എന്ന് അവനറിയാമായിരുന്നു. ഒരു രാത്രി ആയിരുന്നു സമയത്തെ വിഭജിക്കുന്ന ഘടകം.

എന്നാൽ, ഇപ്പോൾ അവന്റെ സമയം മണിക്കൂറുകളിലും മിനിറ്റുകളിലുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. രണ്ടു മണിക്കൂർകൊണ്ട് മട്ടാഞ്ചേരി മാർക്കറ്റ് സ്ട്രീറ്റിൽ ചായ വിൽപന പൂർത്തിയാക്കണമെന്നും അടുത്ത രണ്ടു മണിക്കൂർ കടവിലായിരിക്കണമെന്നും അടുത്ത രണ്ടു മണിക്കൂർ കടൽത്തീരത്തായിരിക്കണമെന്നും അവനറിയാം. എല്ലാവരും ചായ കുടിക്കുന്ന ഒരിടത്ത് ചായ വിൽക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ പഠിക്കുന്ന സഹോദരനും സഹോദരിയും ഉള്ളപ്പോൾ അവന് അവരുടെയെല്ലാം ആവശ്യങ്ങൾ നിറവേറ്റണം. കൂടാതെ അമ്മ അവരുടെ ഗ്രാമത്തിൽ ഒരു ചെറിയ കോൺക്രീറ്റ് വീട് പണിയാൻ ബാങ്കിൽ എല്ലാ മാസവും പണം നിക്ഷേപിക്കുന്നുമുണ്ട്.

ഒരു അലാറം ക്ലോക്ക് അത്ര വിലയേറിയതല്ല. അത് വാങ്ങാത്തതിന്റെ ശരിയായ കാരണം നന്ദിലാലിന് അമ്മയുടെ സ്വാഭാവിക ജീവിതശൈലിയെ തടസ്സപ്പെടുത്താൻ ഇഷ്ടമില്ല എന്നുള്ളതാണ്. അതിരാവിലെ എഴുന്നേൽക്കുക എന്ന ശീലം അവർ വെസ്റ്റ് ബംഗാളിന്റെ കിഴക്കൻ തീരത്തുള്ള മിർപൂർ എന്ന ചെറിയ ഗ്രാമത്തിൽനിന്ന് നന്ദിയോടൊപ്പം ചേരാൻ ഈ സുഗന്ധം മണക്കുന്ന മട്ടാഞ്ചേരിയിൽ എത്തിയിട്ട് തുടങ്ങിയതാണ്.

നന്ദി പതിയെ എഴുന്നേറ്റ്, വിള്ളൽ വീണ ചുവരിൽ ചാരിയിരിക്കും.

പത്തുവർഷങ്ങൾക്കു മുമ്പ്, പതിനഞ്ചാം വയസ്സിൽ, മഴയിൽ മയിലുകൾ നെൽപ്പാടങ്ങൾക്കിടയിലെ ചെളിപാതയിൽ നൃത്തംചെയ്ത ഒരു ദിവസം താൻ വിട്ടിട്ട് വന്ന മിർപൂർ ഗ്രാമത്തിലേക്ക് നൂർജഹാനെ കൂട്ടിക്കൊണ്ടുപോകുന്ന ദിവസത്തെക്കുറിച്ച് അവൻ ദിവാസ്വപ്നം കാണും. എല്ലാ ദിവസവും റോഡിന്റെ വളവിലുള്ള ലേഡീസ് ഷോപ്പിൽ അവൻ എത്തുമ്പോൾ, നൂർജഹാൻ കുപ്പിവളകളുടെ കൂമ്പാരത്തിനു പിന്നിൽ നിന്നുകൊണ്ട് നന്ദിലാലിൽനിന്ന് അവളുടെ കണ്ണുകളെ മറക്കും കാരണം അവളുടെ കണ്ണുകളിൽ അവൻ പ്രണയം കണ്ടെത്തിയെന്ന് അവൾക്കറിയാം.

കൂടാതെ, കടയുടമയായ ഇസ്മായിലിക്കക്ക് നാട്ടുകാരിയായ നൂർജഹാനും ചായവിൽപനക്കാരനായ അന്യസംസ്ഥാനക്കാരനുമായുള്ള എന്തോ ഒന്നിനെക്കുറിച്ചറിയാം. പുറമെ അതിനെ പിന്തുണക്കുന്നില്ലെങ്കിലും ഇസ്മായിലിക്കയുടെ ഹൃദയത്തിൽ അതിന് വലിയ എതിർപ്പില്ല; കാരണം ഈ കടൽക്കരയിൽ യവനന്മാർ, അറബികൾ, യഹൂദന്മാർ എന്നിവരുടെ കാലം മുതൽ പ്രണയത്തിൽ അകപ്പെടുകയും ഹൃദയം തകരുകയും ചെയ്ത നിരവധി പ്രണയികളുടെ സന്തോഷവും കണ്ണുനീരും വീണിട്ടുണ്ട്.

നന്ദിലാലും കുടുംബവും എത്തുന്നതിനുമുമ്പ്, കമ്യൂണിസം എത്തുന്നതിനുമുമ്പ്, ഇവിടത്തെ ആളുകൾ ഇംഗ്ലീഷ് സംസാരിക്കാൻ തുടങ്ങുന്നതിനുമുമ്പ്, നീലയുടെയും പച്ചയുടെയും തവിട്ടിന്റെയും സ്വപ്നതുല്യവും നിഗൂഢവുമായ കണ്ണുകളും, ചുവന്ന ചുണ്ടുകളും അജ്ഞാത എണ്ണകളുടെയും സുഗന്ധദ്രവ്യങ്ങളുടെയും സുഗന്ധമുള്ള കൈകളുമായി വിദേശ കപ്പലുകളിൽ വന്ന യുവാക്കൾ ഉണ്ടായിരുന്നു.

 

അരണ്ട വിളക്കുകളുടെ താഴ്ന്ന വെളിച്ചത്തിൽ അവർ സ്ത്രീകളെ ആലിംഗനം ചെയ്യുകയും പെൺകുട്ടികളെ പ്രണയത്തിന്റെയും കാമത്തിന്റെയും അഭിനിവേശവും ആളലും അന്യഭാഷകളിൽ അവരുടെ കാതുകളിൽ മന്ത്രിക്കുകയും ചെയ്തു. അവർ കൈകൾ തുറന്നപ്പോൾ സുഗന്ധദ്രവ്യങ്ങളുടെ മത്തുപിടിപ്പിക്കുന്ന സുഗന്ധം പരന്നു. കാലാകാലങ്ങളിൽ പ്രണയത്തിന്റെയും ആസക്തിയുടെയും ഭാഷയല്ലാതെ മറ്റൊന്നും സംസാരിക്കാത്ത പ്രണയികൾ –ചിലർ നിർഭാഗ്യർ, ചിലർ ഭാഗ്യശാലികൾ– നാടോടിക്കഥകളുടെയും ശാശ്വത പ്രണയകഥകളുടെയും ഭാഗമായി മാറി.

രക്തങ്ങൾ കലർന്നു, ഭാഷകൾ വാക്കുകൾ കടം വാങ്ങി, സംസ്കാരങ്ങൾ ലയിച്ചു, നിരവധി പ്രണയികൾ ഹൃദയം തകർന്നും പ്രണയത്താൽ ദുഃഖിതരായും നഷ്ടത്തിന്റെ അസഹനീയമായ വേദനയിൽ മരിച്ചു. മിർപൂരിൽനിന്നുള്ള കഠിനാധ്വാനിയായ ചായ വിൽക്കുന്നവനിൽനിന്ന് വേർപിരിയുന്ന വേദനയിൽ നൂർജഹാന്റെ കണ്ണുകളിലെ ലജ്ജാകരമായ നിശ്ശബ്ദ-സന്തോഷം മങ്ങിപ്പോകുന്ന ദിവസത്തെയോർത്ത് ഇസ്മായിലിക്കയുടെ ഉള്ള് ഇടക്കിടെ നീറി. എല്ലാ പ്രണയങ്ങൾക്കും അൽപായുസ്സാണെങ്കിലും, അവ ബാക്കിവെക്കുന്നത് ജീവിതാവസാനം വരെയുള്ള വേദനയാണെന്ന് അയാൾക്കറിയാം.

നന്ദിലാലിന് മിർപൂരിലുള്ള ബന്ധുക്കളെ കാണാൻ പോകാൻ ആഗ്രഹമുണ്ട്, എന്നാൽ എപ്പോൾ ആ മഴയിൽ നനഞ്ഞ ഗ്രാമത്തിലേക്ക് തിരികെ പോയി വലിയ പുളിമരങ്ങളിൽനിന്ന് മയിലുകൾ താഴേക്കിറങ്ങി വന്ന് പച്ചപ്പുള്ള നെല്ലിൻപാടങ്ങൾക്കിടയിലെ ചെളിപാതകളിൽ നൃത്തം ചെയ്യുന്നത് കാണാൻ കഴിയുമെന്ന് അവന് ഉറപ്പില്ല.

ഞരങ്ങുന്ന, മുളകൊണ്ടുള്ള കിടക്കയിൽനിന്ന് ഇറങ്ങി പിൻമുറ്റത്തുള്ള കിണറ്റിനടുത്തേക്ക് നീങ്ങുന്നതിനു മുമ്പുള്ള ഈ അഞ്ച് മുതൽ പത്തുവരെ മിനിറ്റുകൾ മാത്രമാണ് അവന് മുഴുവൻ ദിവസവും കിട്ടുന്ന വിശ്രമം. പുറത്തേക്കുള്ള വഴിയിൽ, ഉറങ്ങുന്ന അനുജന്റെ തോളിൽ കുലുക്കി ഉണർത്താൻ അവൻ മറക്കില്ല. നിറമുള്ള വളകളും തിളങ്ങുന്ന രാജസ്ഥാനി പാവാടയും ധരിച്ച ഒരു പെൺകുട്ടിയുടെ കാൽച്ചിലമ്പുകളുടെ ശബ്ദം കേൾക്കുന്ന ഒരു സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന്, അവന്റെ സഹോദരൻ മുറിയിലെ ഇരുട്ടിലേക്ക് ഉറ്റുനോക്കും. അവരുടെ വീടിന്റെ പരിചിതമായ ഉൾവശം തിരിച്ചറിയുമ്പോൾ, പെൺകുട്ടി ഒരു സ്വപ്നമായിരുന്നുവെന്നും, താൻ എല്ലാ തെരുവുകൾക്കും പറയാൻ കൊളോണിയൽ കഥയുള്ള ഈ ചെറിയ പട്ടണത്തിൽ ഉറങ്ങുകയാണെന്നും മനസ്സിലാക്കുമ്പോൾ, അവൻ കിടക്കവിരി തന്റെമേൽ വലിച്ചിട്ട് തിരികെ ഉറങ്ങാൻപോകും. പേരറിയാത്ത ആ പെൺകുട്ടിക്കും അവളുടെ കിലുങ്ങുന്ന വളകൾക്കും പകരം അവൻ ഇപ്പോൾ ആകാശത്തിൽ ഉയരത്തിൽ ആടിയുലയുന്ന നീലയും മഞ്ഞയുമുള്ള ഒരു പട്ടത്തിനെ സ്വപ്നം കാണുന്നു.

തലമുറകളായി തന്റെ മുഴുവൻ കുടുംബവും താമസിച്ചിരുന്ന മിർപൂരിൽനിന്ന് വളരെ അകലെയുള്ള ഈ ജീവിതത്തിൽ രുക്മിണി ബായി സന്തുഷ്ടയാണ്. ആ സന്തോഷം പലപ്പോഴും അവർക്ക് അമ്മ സമ്മാനിച്ച മൂക്കുത്തിയിലെ ഒറ്റക്കല്ലിൽ തിളങ്ങുന്നു –സ്നേഹനിധിയായ ഒരു ഭർത്താവും മൂന്നു കുട്ടികളും ദൈവത്തിൽനിന്നുള്ള സമ്മാനങ്ങളല്ല അനുഗ്രഹങ്ങളായി കണ്ടാൽ– അവൾക്ക് ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഏക സമ്മാനം.

തന്റെ ചെറുപ്പക്കാരായ മക്കളിൽ നിന്ന് വ്യത്യസ്തമായി അവർ സ്വപ്നങ്ങളിൽ കാണുന്നത് തന്റെ മരിച്ചുപോയ ഭർത്താവായ റോഞ്ജൻ ദാസിനെയാണ് –അവളുടെ സ്വപ്നം അവൻ അവളെ ആലിംഗനം ചെയ്യുമ്പോൾ പാടാറുണ്ടായിരുന്ന ഏതെങ്കിലും റൊമാന്റിക് ഗാനങ്ങളെക്കുറിച്ചുമല്ല, മറിച്ച് റോഞ്ജൻ അവരുടെ വയൽ ഉഴുതുകൊണ്ടിരിക്കുന്നതിനെക്കുറിച്ചാണ്. അവൻ കലപ്പയിൽനിന്നുകൊണ്ട് നാവ് അടിച്ച് കാളകളെ ചെളിവെള്ളത്തിലൂടെ ഓടിക്കുമ്പോഴുള്ള കളകളെ ശബ്ദം അവൾക്ക് വ്യക്തമായി കേൾക്കാം. കൂടാതെ, അവൾക്ക് ശബ്ദങ്ങളുടെ ഒരു സമന്വയം തന്നെ കേൾക്കാം: കലപ്പയുടെ നാവു കുഴഞ്ഞ ചെളിയെ കീറിമുറിക്കുന്നതും തവിട്ടുനിറത്തിലുള്ള വെള്ളത്തിൽ കാളകൾ ഓടുന്നതും റോഞ്ജന്റെ അടികളും. കാളകൾ നന്നായി പെരുമാറിയാൽ റോഞ്ജൻ ഒരു കിഷോർ കുമാർ ഗാനം ചൂളമടിക്കും.

അവന്റെ പാട്ട് വയൽപാടങ്ങളിൽ ജോലിചെയ്യുന്ന എല്ലാ പുരുഷന്മാരുടെയും സ്ത്രീകളുടെയും വയലുകളുടെ അതിർത്തിയിലെ പുളിമരങ്ങളിൽ മയങ്ങുന്ന മയിലുകളുടെയും ഹൃദയത്തിൽ പെട്ടെന്ന് ഒരു സന്തോഷംകൊണ്ട് നിറയ്ക്കും; ചില ദിവസങ്ങളിൽ അവൻ തന്റെ ബംഗാളി ഹൃദയത്തിന്റെ ആഴത്തിൽനിന്ന് ഒരു ഭൂപെൻ ഹസാരികയുടെ ഗാനം മൂളിപ്പാടും. അതുകേട്ട് രുക്മിണി പുഞ്ചിരിക്കും. തന്റെ ഇടത് നെഞ്ചിൽ കയ്യമർത്തി കലപ്പയിൽ ഇടറിവീഴുന്ന റോഞ്ജന്റെ പെട്ടെന്നുള്ള നിലവിളി കേൾക്കുന്നതുവരെ. വരമ്പിലിരുന്ന് പതിനൊന്നു മണിയുടെ ചായ സ്റ്റീൽ പാത്രത്തിൽനിന്ന് ഒരു ഗ്ലാസിലേക്ക് ഒഴിച്ചുകൊണ്ടിരുന്ന രുക്മിണി, കണ്ണിന്റെ കോണിലൂടെ റോഞ്ജൻ മരപ്പലകയിൽ വീഴുന്നത് കണ്ടു. അവൾ ചായയും പാത്രങ്ങളും എറിഞ്ഞുകളഞ്ഞ്, നിലവിളിച്ചുകൊണ്ട് ഭർത്താവിന്റെ നേരെ ഓടി. ഞെട്ടിയുണർന്ന്, അന്ധാളിച്ചുപോയ കാളകൾ അവനെ ചെളിവെള്ളത്തിലൂടെ വലിച്ചിഴച്ച വിധം ഓർക്കാതിരിക്കാൻ രുക്മിണി ബായ് ശ്രമിക്കും.

അവളുടെ നിലവിളി കേട്ട്, മയിലുകൾ പുളിമരം വിട്ട് പറന്നുപോയി.

മകൾ സീതയ്ക്ക് അച്ഛന്റെ സംഗീതപ്രേമം ലഭിച്ചിട്ടുണ്ട്, പലപ്പോഴും അവൾ പാടുമ്പോൾ മുഴുവൻ കുടുംബവും മിർപൂരിലെ അവരുടെ ജീവിതത്തെക്കുറിച്ച് ഗൃഹാതുരതയോടെ ഓർക്കും.

മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും തങ്ങളുടെ ഹൃദയത്തിൽ സംഗീതത്തെയും സംഗീതജ്ഞന്മാരെയും കാക്കുന്ന ഒരു തലമുറയുടെ ഓർമകൾ പേറുന്നു. ഇടക്കിടെ, മഹ്ബൂബ് നൈറ്റുകൾ നന്ദിലാലിന് നല്ല ബിസിനസും രുക്മിണിക്ക് ഗൃഹാതുര രാത്രിയുമാണ്. മഹ്ബൂബ് മെമ്മോറിയൽ ഓർക്കസ്ട്ര ഹൃദയസ്പർശിയായ കിഷോർദാ ഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ റോഞ്ജനെ ഓർത്ത് അവർ ഇരുട്ടിൽ ആരും കാണാതെ തന്റെ കണ്ണുനീര് ഒപ്പും.

‘നന്ദീ, നിന്റെ ചായ തയ്യാറായി,’ അമ്മ അടുക്കളയിൽനിന്ന് വിളിക്കുന്നു. നിന്റെ ചായ –അവർ ഒരു ദിവസം ഉണ്ടാക്കുന്ന നൂറുകണക്കിന് ഗ്ലാസ് ചായയിൽനിന്ന് ഒരു ഗ്ലാസ് ചായ എങ്ങനെ വ്യത്യസ്തമാകും? എന്നാൽ അവനറിയാം, അവർ അവനുവേണ്ടി ഒരു പ്രത്യേക ചായ ഉണ്ടാക്കുന്നുവെന്ന്.

കിണറ്റിന്റെ ചാരനിറത്തിലുള്ള സിമന്റ് തൂണിൽ ചാരിയിരുന്ന് നന്ദിലാൽ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന തന്റെ ഗ്ലാസിൽനിന്ന് ആ കടുത്ത തവിട്ടുനിറത്തിലുള്ള ചായ അൽപം കുടിക്കും.

ചൂടുള്ള ചായ നാവിൽ തൊടുമ്പോൾ, ഇടുക്കിയിൽനിന്നുള്ള വിതരണക്കാരൻ സ്ഥിരമായ ബിസിനസിന്റെ അഭിനന്ദനമായി സമ്മാനിച്ച കയറ്റുമതി നിലവാരമുള്ള ചായയുടെ രുചി അവന്റെ വായിൽ നിറയും. നൂറുകണക്കിന് ഗ്ലാസുകൾ വിൽക്കാൻ തുടങ്ങുന്നതിനുമുമ്പ് എല്ലാ പ്രഭാതത്തിലും അമ്മയിൽനിന്ന് ആ പ്രത്യേക ചായ കുടിക്കുമ്പോൾ, നന്ദിലാൽ അച്ഛന്റെ മരണനിമിഷങ്ങളും ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് നെൽപാടത്തിലെ തൊഴിലാളികൾ അവന്റെ വല്ലാതെ കോടിയ വായിലേക്ക് ഒരു ഗ്ലാസ് ചായ ഒഴിച്ചത് എങ്ങനെയെന്നും ഓർക്കും. അവന്റെ അച്ഛന്റെ അവസാന പാനീയം ചായയായിരുന്നു.

ഗ്ലാസിൽ ബാക്കിയിരുന്ന ചായ വായിലേക്ക് ഒഴിച്ചിട്ട് നന്ദിലാൽ എഴുന്നേറ്റ് ഇരുമ്പ് ബക്കറ്റ് അതിന്റെ കയറുമായി കിണറ്റിലേക്ക് ഇറക്കും. ബക്കറ്റ് കിണറ്റിന്റെ ആഴമേറിയ അറ്റത്തുള്ള വെള്ളത്തിൽ ‘പ്ലോപ്പ്’ എന്ന് വീഴുമ്പോൾ അവൻ അത് മുകളിലേക്ക് വലിച്ചെടുത്ത് തണുത്ത വെള്ളം മുഖത്തേക്ക് തെറുപ്പിക്കും. അവന്റെ ദിവസം ആരംഭിക്കുന്നു.

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-18 04:30 GMT
access_time 2026-05-18 04:15 GMT
access_time 2026-05-11 05:30 GMT
access_time 2026-05-11 05:00 GMT
access_time 2026-05-04 04:00 GMT
access_time 2026-05-04 03:30 GMT
access_time 2026-04-27 04:45 GMT