ഹസ്രത് നിസാമുദ്ദീൻ ആശുപത്രി ബെഡിൽ ദേഹമാസകലം പരിക്കുകളോടെ മയങ്ങുകയായിരുന്ന സിദ്ധാർഥ് കൂട്ടനിലവിളി കേട്ടാണ് ഉണർന്നത്. മെയിൽ വാർഡിലെ ടി.വി സ്ക്രീനിൽ ഹിന്ദി വാർത്താ ചാനലിൽ ട്രെയിനുകൾ കത്തുന്നതിന്റെയും യാത്രക്കാർ നിലവിളിയോടെ ഓടിമറയുന്നതിന്റെയും ദൃശ്യങ്ങൾ. യുവാക്കളാണ് അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. അവർ സംഘടിച്ച് പാർക്കിങ് ഏരിയയിലെ ഇരുചക്രവാഹനങ്ങൾ തള്ളിമറിച്ചിടുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നു. ജോലിക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കോ ആശുപത്രികളിലേക്കോ മറ്റോ ട്രെയിനിൽ കയറി യാത്രചെയ്തവരുടെ വാഹനങ്ങളാണവ.
സിദ്ധാർഥ് ടി.വിയിൽനിന്ന് മുഖം തിരിച്ചു. ആക്രോശങ്ങളും രോദനങ്ങളും ചെവിയിൽ ആർത്തലക്കുന്നു. സൈനിക നിയമന പരിഷ്കരണത്തിനെതിരായുള്ള പ്രക്ഷോഭങ്ങളാണ് രാജ്യത്തെങ്ങും.
ഫ്ലാസ്കിൽ ചായയും ചാനലുകൾക്കൊന്നും കിട്ടാത്ത ബ്രേക്കിങ് ന്യൂസ് അച്ചടിച്ച ഇവനിങ് ഡെയ് ലിയുടെ കോപ്പിയുമായാണ് സുഹൃത്ത് സുശാന്ത് ശർമ കാന്റീനിൽനിന്നെത്തിയത്. അവന്റെ മുഖം വല്ലാതെ ചുവന്നിരുന്നു. ആരോടോ കലഹിച്ചിട്ടുള്ള വരവാണെന്ന് വ്യക്തം.
‘‘പതിവു തിരക്കഥയുമായി അവന്മാരിറങ്ങിയിട്ടുണ്ട്...’’
‘‘ആരിറങ്ങി?’’
ജിജ്ഞാസയോടെയുള്ള എന്റെ ചോദ്യം സുശാന്തിനെ കൂടുതൽ പ്രകോപിതനാക്കി.
‘‘പൊലീസ്. അല്ലാതാര്! രാജ്യത്തെവിടെ സംഘർഷങ്ങളുണ്ടായാലും അതിനു പിന്നിൽ കേന്ദ്ര കൽപിത സർവകലാശാലകളിലെ വിദ്യാർഥി നേതാക്കളെന്ന് അവർ മുൻകൂട്ടി നിശ്ചയിക്കും. എന്നിട്ടേതെങ്കിലും അന്തിപ്പത്രക്കാരനെ വിളിച്ച് പടവും വാർത്തയും കൊടുത്ത് കൂലിക്ക് എഴുതിക്കും. മത്സരിച്ച് മുന്നേറുന്ന മാമാ മാധ്യമങ്ങൾ അതേറ്റു പിടിക്കും. അതോടെ അന്വേഷണ ഏജൻസികൾ ആഗ്രഹിക്കുന്നിടത്ത് കാര്യങ്ങളെത്തും.’’
‘‘എല്ലായ്പോഴും അങ്ങനെയാകണമെന്നില്ല സുശാന്തേ.’’
‘‘ആശുപത്രിക്കിടക്കേല് എത്തും മുമ്പും നിനക്കീ രാജ്യത്തു നടക്കുന്നത് എന്താണെന്നറിയില്ലല്ലോ. ഇപ്പോഴത്തെ ഈ പ്രക്ഷോഭങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നെന്ന് ലോക്കൽ പൊലീസ് സംശയിക്കുന്ന പെൺകുട്ടിയുടെ ഫോട്ടോ ഇതാണത്രേ... എത്ര റബിഷ് കണ്ടെത്തലാണിത്.’’ സുശാന്ത് സായാഹ്നപത്രം സിദ്ധാർഥിന്റെ നേർക്കു ഉയർത്തിപ്പിടിച്ച് രോഷംകൊണ്ടു.
അതിലേക്കു നോക്കിയ സിദ്ധാർഥ് ഞെട്ടി. അവൾ!
പ്രക്ഷോഭങ്ങളുടെ മാസ്റ്റർ ബ്രെയിനെന്ന് പൊലീസ് സംശയിക്കുന്ന കേന്ദ്ര യൂനിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് യൂനിയൻ നേതാവായ മലയാളി പെൺകുട്ടി, നിള. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നുള്ള ഫോട്ടോയാണത്.
പൊലീസിന്റെ ദുഷ്ടലാക്കിനെക്കുറിച്ച് സുശാന്തിന്റെ അമർഷം തുടർന്നു: ‘‘രാജ്യത്ത് ഏതു പ്രക്ഷോഭം ആരംഭിച്ചാലും അതിനുത്തരവാദികളായി ചിലരെ കണ്ടെത്താൻ ലോക്കൽ പൊലീസിനിപ്പൊ നല്ല മിടുക്കാണ്! അടുത്ത തലമുറയെ നയിക്കേണ്ട വിദ്യാർഥി നേതാക്കളെ കലാപകാരികളാക്കി മുദ്രവെച്ചാൽ പിന്നെ കാര്യങ്ങൾ എളുപ്പമാണല്ലോ.’’
സുശാന്തിനോട് ഒരു തർക്കത്തിനും മുതിരാതെ സിദ്ധാർഥ് ടി.വിയിലേക്ക് നോക്കിക്കിടന്നു. നിളയെക്കുറിച്ചുള്ള ബ്രേക്കിങ് ന്യൂസുകൾ ചാനലുകളിലും ടെലികാസ്റ്റ് ചെയ്തുതുടങ്ങി. സുശാന്തിന്റെ അഭിപ്രായംതന്നെയാണ് വാർത്ത അവതാരകനുമുള്ളത്.
ടി.വിയിൽ, നിളയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അന്വേഷണ പുരോഗതിയെക്കുറിച്ച് അളന്നുകുറിച്ച മറുപടിമാത്രം പറഞ്ഞൊഴിയുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ. അദ്ദേഹത്തെ വികൃതഭാവത്തിൽ അനുകരിക്കുന്ന സുശാന്തിനെ കണ്ട് സിദ്ധാർഥ് കണ്ണുകളടച്ചു. അവന്റെ കലിയടങ്ങാൻ ഉറക്കം നടിച്ചു കിടക്കുകയേ തൽക്കാലം ഒരു പോംവഴി ഉള്ളൂ.
മഥുരയിൽനിന്ന് ഡൽഹിയിലേക്കുള്ള ട്രെയിൻ യാത്രയിലാണ് സിദ്ധാർഥ് അവളെ കാണുന്നത്. അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ ഒഴിഞ്ഞുകിടന്ന വിൻഡോ സീറ്റുതപ്പിയാണ് അവൾക്കരികിലെത്തിയത്. അവളപ്പോൾ സ്മാർട്ട് ഫോണിൽ ഒരു ഹിന്ദി വാർത്താ ചാനൽ ഹെഡ്സെറ്റ് വെച്ച് കാണുകയായിരുന്നു.
‘‘എക്സ്ക്യൂസ് മീ...’’ ഒഴിഞ്ഞുകിടന്ന വിൻഡോ സീറ്റിലേക്ക് വിരൽചൂണ്ടി സിദ്ധാർഥ് പറഞ്ഞു.
വിൻഡോ സീറ്റിലുണ്ടായിരുന്ന വിസ്മയഭംഗി നിറഞ്ഞ ബാഗെടുത്ത് മടിയിൽ വെച്ച് സിദ്ധാർഥിന്റെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് അവൾ ജാലകത്തിനരികിലേക്ക് നീങ്ങിയിരുന്നു.
ഒഴിഞ്ഞ സീറ്റിലേക്ക് നിരാശയോടെ ഇരിക്കാൻ തുടങ്ങുമ്പോൾ, അവളുടെ ഫോണിൽ ഏതോ ഒരു കലാപത്തിന്റെ ലൈവ് വിഷ്വൽസാണെന്ന് സിദ്ധാർഥ് നടുക്കത്തോടെ തിരിച്ചറിഞ്ഞു.
ദൈവമേ... തലസ്ഥാന നഗരത്തിൽ തുടങ്ങിയ സംഘർഷം വലിയ കലാപമായി മാറിക്കാണുമോ!
അവിടെ ചെന്നിറങ്ങുമ്പോൾ കർഫ്യൂ എങ്ങാനും പ്രഖ്യാപിക്കപ്പെട്ടാൽ അവസാന പ്രതീക്ഷയും അസ്ഥാനത്താകും.
മാസങ്ങളായുള്ള കൃത്യനിഷ്ഠയില്ലാത്ത ശമ്പളലഭ്യതയെത്തുടർന്നാണ് മാനേജറോട് വഴക്കടിച്ച് ഝാൻസിയിലെ ലോജിസ്റ്റിക് ഓഫിസ് അക്കൗണ്ടന്റ് ജോലി വിട്ടത്. ഹ്രസ്വമായ കരിയറിലെ എട്ടാമത്തെ ജോലിയുപേക്ഷിക്കലായിരുന്നു അത്. നാവിലെ ഗുളികനെ ഒഴിവാക്കിവേണം ആ ജോലിക്കെങ്കിലും പ്രവേശിക്കാനെന്ന് ആറുമാസം മുമ്പേ സുശാന്ത് ശർമ ഉപദേശിച്ചിരുന്നതാണ്. ആരോർക്കാൻ... സഹികെട്ടാൽ പിന്നെ സ്വന്തം അവസ്ഥയെക്കുറിച്ചുള്ള ചിന്തയൊന്നുമില്ല. വാദം ജയിക്കണം. അതിന് വായിൽ തോന്നിയതൊക്കെ വിളിച്ചുകൂവും. ന്യായം തന്റെ പക്ഷത്താകുമ്പോൾ ആരാണ് മുന്നിലെന്ന ചിന്ത പോലുമുണ്ടാകില്ല.
വിൻഡോ സീറ്റിലേക്ക് നീങ്ങിയിരുന്ന പെൺകുട്ടി സിദ്ധാർഥ് ശ്രദ്ധിക്കുന്നത് മനസ്സിലാക്കി വാർത്താ ചാനൽ പോസ് ചെയ്ത് നെറ്റ് ഓഫാക്കി ഫോണെടുത്ത് ചെറിയ ഹാൻഡ് ബാഗിൽ വെച്ചു. മനോഹരമായ ബാഗാണത്. നിറയെ കരകൗശലപ്പണികളുള്ള ഒന്ന്.
അവൾ വിൻഡോയിലേക്ക് ചാരി കണ്ണുകളടച്ച് ഇരിക്കുകയാണ്. ജീൻസും ഹാൻഡ് ലൂം ടോപ്പുമാണ് അവളുടെ വേഷം. ഉറക്കത്തിലേക്ക് വേഗം കടക്കുന്ന പ്രകൃതമാണെന്നു തോന്നുന്നു. വൈശാഖ മാസ സൂര്യൻ കിരണങ്ങളാൽ അവളെ പ്രശോഭിപ്പിച്ചുകൊണ്ടിരുന്നു. അവളുടെ കൈത്തണ്ടയിലെ ചെമ്പൻരോമങ്ങൾ വെയിലേറ്റ് സുവർണ നാരുകളായി രൂപം പ്രാപിച്ചു. കറുത്ത് കരുവാളിച്ച തന്റെ കൈത്തണ്ടകളിലേക്ക് നോക്കി സിദ്ധാർഥ് ദീർഘനിശ്വാസമുതിർത്തു.
ബല്ലഭ്ഗദ് സ്റ്റേഷനിലേക്കുള്ള ട്രാക്കിലേക്ക് കയറിയപ്പോൾ ട്രെയിൻ ശരിക്കുമൊന്ന് ഉലഞ്ഞു. അവൾ ഉണർന്നോയെന്ന് പാളിനോക്കി. ഇല്ല... ഗാഢനിദ്രയിലാണ്. റെയിൽവേ സ്റ്റേഷനിൽനിന്നുയരുന്ന ബഹളങ്ങൾ കേട്ടെങ്കിലും അവളുണർന്നാൽ ഒന്ന് പരിചയപ്പെടാമായിരുന്നു. അസൂയ തോന്നിപ്പിക്കുന്നവരെ പരിചയപ്പെടുകയെന്നത് ഇപ്പോഴൊരു (ദു)ശീലമായി മാറിയിരിക്കുന്നു. ശബ്ദകോലാഹലങ്ങൾക്കിടയിൽ കിടന്നുറങ്ങുന്നവരെ ഒത്തിരി കണ്ടിരിക്കുന്നു. പക്ഷേ, ഇതാദ്യമാണ്... ഇങ്ങനെ ഒരാൾ... വെയിലേറ്റുറങ്ങാൻ കഴിയുക എന്നത് എന്തൊരു ഭാഗ്യമാണ്!
തന്റെ ദൗർഭാഗ്യങ്ങളുടെയും അപകർഷതകളുടെയും അനുസ്യൂത പ്രവാഹങ്ങളിലേക്ക് മുങ്ങാംകുഴിയിട്ടുകൊണ്ട് സിദ്ധാർഥ് കണ്ണുകളിറുകെ പൂട്ടി സീറ്റിലേക്ക് തലചായ്ച്ച് അമർന്നിരുന്നു.
ശബ്ദായമാനമായ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുകയാണ്. ഏതോ പൗരാണിക കാലത്തേതെന്ന് തോന്നിപ്പിക്കുന്ന ആ സ്റ്റേഷൻ മുമ്പൊന്നും ശ്രദ്ധയിൽപെട്ടിട്ടേയില്ല. പ്രധാന കവാടത്തിനോട് ചേർന്ന ഒന്നാം പ്ലാറ്റ്ഫോമിലാകാം ട്രെയിനിപ്പോൾ. എന്തൊരു ജനസഞ്ചയമാണിവിടെ! തലസ്ഥാനത്തെ സ്റ്റേഷനിൽപോലും ഒരുപക്ഷേ ഈ തിരക്ക് കാണില്ല. വിൻഡോയിലൂടെ പുറംകാഴ്ചകൾ നിരീക്ഷിച്ചു തുടങ്ങിയ സിദ്ധാർഥ് അമ്പരന്നു... ആ ജനസഞ്ചയത്തിന്റെ വസ്ത്രധാരണം നൂറ്റാണ്ടുകൾക്കു മുമ്പുള്ള അതിർത്തി ഗ്രാമത്തിലെ ജനങ്ങളുടേതിന് സമാനമാണെന്ന് സിദ്ധാർഥ് ഓർത്തു.
റെയിൽവേ സ്റ്റേഷന്റെ പൗരാണികതയെ കൊഞ്ഞനം കുത്തുംപോലെ പ്രവേശന കവാടത്തിന് അരികിലായി തുറന്നു പ്രവർത്തിക്കുന്ന ബുക്ക്സ്റ്റാളിനെ ലക്ഷ്യംവെച്ചാണ് അവൾ നടക്കുന്നത്. ങേ... വെയിലേറ്റുറങ്ങുകയായിരുന്ന ഇവളെപ്പോഴാണ് ഇറങ്ങിപ്പോയത്! വാസ്തവത്തിൽ അവളാണോ താനാണോ ഉറങ്ങുകയായിരുന്നത്, അല്ലെങ്കിൽ ഉറക്കം നടിച്ചിരുന്നത്? കരകൗശലപ്പണികളോടുകൂടിയുള്ള അവളുടെ ബാഗ് വിൻഡോ സീറ്റിലുണ്ട്. അവൾ നല്ലൊരു പുസ്തകപ്രേമിയായിരിക്കാം. ബുക്ക്സ്റ്റാളിനു നേർക്ക് ധൃതിയിൽ നടക്കുന്ന അവളുടെ പരിചിതരാണ് പ്ലാറ്റ്ഫോമിലെ ജനസഞ്ചയത്തിൽ ഏറെപ്പേരും! അവളുടെ നേർക്ക് ബഹുമാനം നിറഞ്ഞ അഭിവാദ്യമാണ് അവർ അർപ്പിക്കുന്നത്. അവളുടെ പ്രത്യഭിവാദനം കാണാൻതന്നെ നല്ല ശേലുണ്ട്.
ഇത്രയും പരിഷ്കൃതയായ ഈ പെൺകുട്ടി ഇതൊക്കെ എവിടെനിന്ന് പഠിച്ചതാണാവോ. ആ പ്ലാറ്റ്ഫോമിൽ ഈ നൂറ്റാണ്ടിലെ ഏക മനുഷ്യജീവിയായി അവൾ മാത്രമേയുള്ളൂ. ആധുനിക പകിട്ടിലുള്ള ബുക്ക്സ്റ്റാളിലെ ജീവനക്കാരൻപോലും ഏതോ പ്രാചീനകാലത്തിന്റെ അടയാളപ്പെടുത്തലാണ്. അയാൾ ഒരു സ്മാർട് ഫോൺ വലുപ്പത്തിലുള്ള പുസ്തകമെടുത്ത് നടന്നടുക്കുന്ന അവൾക്കുനേരെ നീട്ടി. അവൾ ജീൻസിന്റെ പോക്കറ്റിൽനിന്നെടുത്തു നൽകിയ അഞ്ഞൂറിന്റെ നോട്ട് വാങ്ങി ബുക്ക്സ്റ്റാളിലെ ജീവനക്കാരൻ കൺപോളകളിൽ മുട്ടിച്ച് പ്രാർഥിച്ചിട്ട് വേഗം പുറത്തുകടന്ന് ബുക്ക്സ്റ്റാൾ അടക്കുവാൻ തുടങ്ങി.
അവൾക്കു വേണ്ടത് ആ പുസ്തകമായിരുന്നെന്ന് പ്രാചീനനായ മനുഷ്യൻ എങ്ങനെ മനസ്സിലാക്കി? ബെസ്റ്റ് സെല്ലറുകളുടെ കൂട്ടത്തിൽ അടുക്കി വെച്ചിട്ടില്ലായിരുന്ന ആ ബുക്ക് അവിടെയുണ്ടെന്ന് അവൾക്കെങ്ങനെ അറിയാം? അവർ പരിചിതരായിരിക്കാം. അവൾ ഈ സ്റ്റേഷനിലെ നിത്യയാത്രക്കാരിയുമായിരിക്കാം.
തീർത്തും അപ്രസക്തമായ കാര്യങ്ങളിലൂടെ മനസ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ, പ്ലാറ്റ്ഫോമിലെ സസ്യേതര ഭോജനശാലയുടെ അടുക്കള ഭാഗത്തെ നേർത്ത വിടവിലൂടെ ബുക്ക്സ്റ്റാൾ ജീവനക്കാരൻ മുടന്ത് ബാധിച്ച ഇടതുകാൽ ഏങ്ങിവലിച്ചുകൊണ്ട് തിടുക്കത്തിൽ നടന്നു മറയുകയായിരുന്നു.
ട്രെയിൻ സ്റ്റേഷൻ വിടുന്നതിനു വേണ്ടിയുള്ള മണിമുഴക്കം കേട്ടു. അവളപ്പോൾ ധൃതിയിൽ പ്രവേശന കവാടത്തിനു നേർക്ക് നടക്കുകയായിരുന്നു. അവൾ ഇവിടെ യാത്ര അവസാനിപ്പിച്ചോ! അവളുടെ കരകൗശലപ്പണികളുള്ള ബാഗ് എടുക്കാൻ മറന്നുവല്ലോ... എത്ര ഉച്ചത്തിൽ വിളിച്ചുകൂവിയാലും കേൾക്കാവുന്ന അകലത്തിലല്ലാ ഞങ്ങൾ തമ്മിൽ... അവൾ തിരിഞ്ഞുനോക്കുകയാണെങ്കിൽ വിൻഡോയിലൂടെ കൈകൾ വെളിയിലേക്കിട്ട് വിളിക്കാമായിരുന്നു. അവളെക്കുറിച്ചുള്ള എന്തെങ്കിലും സൂചനകൾ ബാഗിൽ ഉണ്ടായിരിക്കും. സിദ്ധാർഥ് ആ ബാഗെടുത്ത് തിരിച്ചുനോക്കി വിൻഡോ സീറ്റിൽതന്നെ വെച്ചു... ചുവപ്പുനൂലിൽ ‘നിള’ എന്ന് എംബ്രോയ്ഡറി ചെയ്തിരിക്കുന്നു. നിള. ഭാരതപ്പുഴയുടെ പര്യായം. അവളപ്പോൾ മലയാളിയാണ്! അവളൊന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന് സിദ്ധാർഥ് ആഗ്രഹിച്ചു.
റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടം കടന്ന അവൾ നടപ്പു നിർത്തി ജീൻസിന്റെ പോക്കറ്റിൽനിന്ന് സ്മാർട് ഫോൺ വലുപ്പത്തിലെ ബുക്കെടുത്ത് പിന്തിരിഞ്ഞു നിന്നു. ട്രെയിനിനു നേർക്കു ചൂണ്ടിപ്പിടിച്ചുകൊണ്ട് ആ ബുക്കിന്റെ കവർ അവൾ തുറന്നു. അക്ഷരങ്ങൾക്കുപകരം ആദ്യ പേജു നിറയെ പ്രസ് ബട്ടണുകൾ. അവൾ അതിൽ വിരലമർത്തി.
സീറ്റിൽ മറന്നുവെച്ച കരകൗശല ഭംഗിയാർന്ന നിളയുടെ ബാഗ് തീജ്വാലയായി പരിണമിക്കുന്നതു കണ്ട് സിദ്ധാർഥ് ഉറക്കെ നിലവിളിച്ചു. ഒരു ഗുഡ്സ് ട്രെയിൻ ഉച്ചത്തിൽ ഹോൺ മുഴക്കി എതിർ ട്രാക്കിലൂടെ കടന്നുപോയതുകൊണ്ട് സിദ്ധാർഥിന്റെ നിലവിളി ആരും കേട്ടില്ല.
ഉച്ചസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന സിദ്ധാർഥ് വിൻഡോ സീറ്റിൽ അവളുടെ ബാഗ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നതുകണ്ട് നടുങ്ങി. അവൾ സമർഥമായി കടന്നുകളഞ്ഞിരിക്കുന്നു. ഉള്ളാന്തലോടെ എഴുന്നേറ്റ സിദ്ധാർഥ് അപായച്ചങ്ങല വലിച്ചുകൊണ്ട് വെളിയിലേക്ക് ചാടി. ട്രെയിൻ അപ്പോൾ ജനത്തിരക്കേറിയ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലേക്ക് എത്തിയിരുന്നുന്നില്ല. പെട്ടെന്ന് എല്ലാ ജാലകങ്ങളിൽനിന്നും തീനാമ്പുകൾ സിദ്ധാർഥിനെ പുൽകാനായി പാഞ്ഞു വന്നു.
ഓർമ തെളിഞ്ഞപ്പോൾ ആശുപത്രിക്കിടക്കയിൽ സമീപം സുശാന്ത് ശർമയുമുണ്ടായിരുന്നു. ആ ട്രെയിനിലേക്ക് ടിക്കറ്റെടുത്ത് യാത്രയാക്കിയത് അവനായിരുന്നല്ലോ. എന്നിട്ടും അവനോടൊന്നും വെളിപ്പെടുത്താൻ തോന്നിയില്ല. ടി.വി ചാനലിൽ നിളയെ കസ്റ്റഡിയിലെടുത്ത ബ്രേക്കിങ് ന്യൂസ് സ്ക്രോളിങ്ങുണ്ട്. അത് അവൾതന്നെ. വെയിലേറ്റുറങ്ങിയ പെൺകുട്ടി!
നിള... വേനലിൽ വെയിലേറ്റ് മെലിഞ്ഞൊഴുകുന്നവൾ. കാർമേഘങ്ങൾ വർഷിക്കാൻ തുടങ്ങിയാൽ സംഹാരരൂപിണിയാകുന്നവൾ. അവളുടെ പ്രവാഹത്തിൽ സൂക്ഷ്മവും സ്ഥൂലവുമായ എത്രയോ ജീവനുകളാണ് മണ്ണറ്റ്, നിലതെറ്റി ഒഴുകുന്നത്. സർവവും സംഹരിച്ചുകൊണ്ട് ലവണ സാഗര ജലത്തിൽ മുഴുവൻ സ്വത്വങ്ങളും കൈമോശം വന്ന് അലിഞ്ഞുചേരുന്നവളാണ് നിള.
ട്രെയിൻ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതിന് നിളയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായ വാർത്തകൾ വന്നുതുടങ്ങി. വെയിലേറ്റുറങ്ങുന്ന നിളയും വെയിലേറ്റ് ഒഴുകുന്ന നിളയും വാസ്തവത്തിൽ ഒന്നുതന്നെ. കാർമേഘങ്ങൾ പെയ്തുവീണു നിറഞ്ഞാൽ പിന്നെ ഇരുവർക്കും ഒരേ പ്രകൃതമല്ലാതാകാൻ എങ്ങനെ സാധിക്കും? സ്ഫോടനങ്ങളുടെ ദൃക്സാക്ഷിമൊഴി തേടി പൊലീസ് വരുന്നതിനുവേണ്ടി സിദ്ധാർഥ് കാത്തുകിടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.