ശൂരൻപോര്

കൊടുംവേനലിൽ വിയർത്തും തപിച്ചും ചെമപ്പു കലർന്ന തവിട്ടുനിറത്തിൽ ആകാശത്തിനും ഭൂമിക്കും മധ്യേ അയൽവക്കത്തെ പറമ്പിലെ ഒരു പെരുത്ത ചക്കയിൽ കൊത്തപ്പെട്ട നിലയിൽ ആ ഇരുമ്പു തോട്ടിയുടെ ഒരു ഭാഗം തറഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു. “കണ്ണിന്റെ മുന്നിൽ പാതി ഒടിഞ്ഞ് ദ്രവിച്ചുകിടക്കുന്നത് കാണുമ്പോ വല്ലാത്ത മനോവെഷമം. കൊല്ലന് മൂവായിരം രൂപാ എണ്ണിക്കൊടുത്ത് ഉണ്ടാക്കിച്ചതാ. പറഞ്ഞിട്ടെന്തു കാര്യം,” കിടക്കമുറിയുടെ ജനാലയിലൂടെ ആ തോട്ടിക്കാഴ്ച കാണുമ്പോഴെല്ലാം പ്രിയപ്പെട്ടവരാരോ മുന്നിൽ തൂങ്ങിയാടിനിൽക്കുന്നതായി തോട്ടിയുടെ ഉടമസ്ഥനായ വേലായുധൻ മാഷിന് തോന്നും. അന്നേരം കഠിനമായ മനോഭാരത്തോടെ നെഞ്ചിൽ...

കൊടുംവേനലിൽ വിയർത്തും തപിച്ചും ചെമപ്പു കലർന്ന തവിട്ടുനിറത്തിൽ ആകാശത്തിനും ഭൂമിക്കും മധ്യേ അയൽവക്കത്തെ പറമ്പിലെ ഒരു പെരുത്ത ചക്കയിൽ കൊത്തപ്പെട്ട നിലയിൽ ആ ഇരുമ്പു തോട്ടിയുടെ ഒരു ഭാഗം തറഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ആഴ്ചകൾ കഴിഞ്ഞു.

“കണ്ണിന്റെ മുന്നിൽ പാതി ഒടിഞ്ഞ് ദ്രവിച്ചുകിടക്കുന്നത് കാണുമ്പോ വല്ലാത്ത മനോവെഷമം. കൊല്ലന് മൂവായിരം രൂപാ എണ്ണിക്കൊടുത്ത് ഉണ്ടാക്കിച്ചതാ. പറഞ്ഞിട്ടെന്തു കാര്യം,” കിടക്കമുറിയുടെ ജനാലയിലൂടെ ആ തോട്ടിക്കാഴ്ച കാണുമ്പോഴെല്ലാം പ്രിയപ്പെട്ടവരാരോ മുന്നിൽ തൂങ്ങിയാടിനിൽക്കുന്നതായി തോട്ടിയുടെ ഉടമസ്ഥനായ വേലായുധൻ മാഷിന് തോന്നും. അന്നേരം കഠിനമായ മനോഭാരത്തോടെ നെഞ്ചിൽ കൈകൾ ചേർത്തുവെച്ച് അത്യുച്ചത്തിലാവുന്ന ശ്വാസോച്ഛ്വാസം ക്രമപ്പെടുത്താൻ ശ്രമിക്കും. ആ വലി ശബ്ദം കേൾക്കുമ്പോൾ ബീനാമ്മക്ക് ഭയമാകും.

“വിഷമിക്കല്ലേ മാഷേ, അതും കൊണ്ടോയി തിന്നട്ടെ കാലൻ,” എന്ന് ഭർത്താവിനെ സമാധാനിപ്പിക്കാൻ അവർ ശ്രമിക്കും. കുറച്ചുനാൾ മുമ്പുവരെ,

“നിങ്ങളെ കൊള്ളാഞ്ഞിട്ടല്ലേ? കർശനമായിട്ട് പറഞ്ഞിരുന്നെങ്കിൽ അന്നുതന്നെ അവൻ തന്നേനെ,” എന്നവർ പറഞ്ഞിരുന്നു. എന്നാലിപ്പോൾ, മാഷ് എന്തുപറഞ്ഞാലും മത്തായി അത് തരാൻ പോകുന്നില്ലെന്ന് അവർക്കറിയാം.

മനം നിറവില്ലാത്ത സമ്പന്നനാണ് മത്തായി. ആർത്തിയുടെ വൻകര. മറ്റുള്ളവരുടെ സൗഖ്യവും സന്തോഷവും തൊണ്ടമുള്ളു കണക്ക് അയാളെ കുത്തിനോവിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് നാട്ടിൽ ട്രംപൻ എന്നൊരു ഇരട്ടപ്പേരും ചാർത്തിക്കിട്ടിയിട്ടുണ്ട്. മത്തായീ വാഗ്ദാനത്തിൽപെട്ട് നാട്ടിലെ വലിയൊരു വിഭാഗം അയാളുടെ ചെരുപ്പുനക്കികളായി മാറിക്കഴിഞ്ഞിരിക്കുന്നു. വേലായുധൻ മാഷെപ്പോലെ കുറച്ചു പേരേ അങ്ങനെയല്ലാതുള്ളൂ. അവർക്കാണ് ഇതുപോലുള്ള പതിനെട്ടിന്റെ പണികളെല്ലാം കിട്ടിക്കൊണ്ടിരിക്കുന്നതും.

ട്രംപന്റെ ദൃഷ്ടി പെട്ടിടം മുടിയും എന്നൊരു ചൊല്ല് നാട്ടിലുണ്ട്. അതുകൊണ്ട് വസ്തുവകകളിൽ അയാളുടെ ദൃഷ്ടി പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഒരു പ്രയോജനവും ഉണ്ടായില്ല. ചെറിയൊരുദാഹരണമാണ് ആ തോട്ടി. വറുതികൊണ്ട് നാടുണങ്ങിയപ്പോൾ പറമ്പിൽ നിൽക്കുന്ന പ്ലാവും മാവും തെങ്ങും മാത്രമായി മാഷിനും ഭാര്യയ്ക്കും ആശ്രയം.

“മരം കയറാൻ ആളെ കിട്ടാത്ത സ്ഥിതിയ്ക്ക് ഒരു നല്ല തോട്ടി വാങ്ങുകയേ പരിഹാരമുള്ളൂ,” മാഷ് തീർച്ചപ്പെടുത്തി. പണ്ടെല്ലാം പറമ്പിലെ വിളകൾക്ക് കരാറുകാർ വരുമായിരുന്നു. അവർ കൊണ്ടുപോയാലും മാഷിന്റെ ആവശ്യത്തിനുള്ള അടക്കയും ചക്കയും തേങ്ങയും മാങ്ങയുമെല്ലാം കിട്ടും. എന്നാലിപ്പോൾ മത്തായിയാണ് നാട്ടിലുള്ളവരുടെ അധ്വാനഫലത്തിന്റെ മുഴുവൻ ചുമതലയും കയ്യാളുന്നത്. ഒരുവിധമുള്ളതെല്ലാം അയാൾ ചുളുവിലയ്ക്ക് പെരുമ്പാമ്പ് കണക്ക് വരിഞ്ഞു മുറുക്കി അകത്താക്കിക്കഴിഞ്ഞു. മാഷ് മാത്രം പിടികൊടുത്തില്ല. ക്രമേണ മത്തായിയെ പേടിച്ച് കരാറുകാരാരും മാഷിനെ തേടി വരാതായി. ചക്കയും മാങ്ങയും പഴുത്തളിഞ്ഞു പോയിത്തുടങ്ങി. കാശിനും ഞെരുക്കം വന്നു. അപ്പോഴാണ് ഒരു ശിഷ്യൻ പുതിയ രീതിയിൽ തോട്ടി പണിയുന്ന കൊല്ലപ്പണിക്കാരനെക്കുറിച്ച് പറയുന്നത്.

“കാശിത്തിരി ആകും. എന്നാലും കുഴപ്പൂല്ല്യ മാഷേ നല്ല ഉറപ്പാ.”

മാഷിന്റെ മുഖം തെളിഞ്ഞു.

പിറ്റേന്നു തന്നെ മാഷ് തോട്ടി വാങ്ങാൻ പുറപ്പെട്ടു.

“എങ്ങോട്ടാ മാഷേ യാത്ര?”, വീട്ടിൽനിന്നിറങ്ങി രണ്ടടി വെച്ചപ്പോഴേക്കും മൊബൈലിലേക്ക് മത്തായിയുടെ വിളി വന്നു. പറയണോ, വേണ്ടയോ? എന്ന് മാഷ് ഒരു നിമിഷം ശങ്കിച്ചു. പറയാതിരുന്നാലും അയാളറിയും.

“ഒരു ഇരുമ്പു തോട്ടി വാങ്ങാനുള്ള ആലോചനയുണ്ട്.”

“എന്തിന്?”

“നല്ല മുളന്തോട്ടി കിട്ടാനില്ല. പഴയ തോട്ടി പോയതിൽപ്പിന്നെ ഒന്നു വാങ്ങിയെങ്കിലും ഒടിഞ്ഞുപോയി.”

“മാഷ് തോട്ടി വാങ്ങി കഷ്ടപ്പെടാതെ പറമ്പിലുള്ളത് മൊത്തം എനിക്ക് തന്നാൽപ്പോരേ?”

മാഷിന്റെ നാവ് തരിച്ചു. പക്ഷേ സ്വൈരം കളയേണ്ടെന്നു കരുതി സംസാരമവസാനിപ്പിച്ച് നടന്നു. ആലയിലെത്തിയിട്ടും വിളി വന്നുകൊണ്ടിരുന്നു. മാഷ് ഫോൺ സ്വിച്ചോഫാക്കി.

ലക്ഷണമൊത്ത ഒരു തോട്ടിയാണ് കൊല്ലപ്പണിക്കാരൻ പണിതു നൽകിയത്. കത്തി പിടിപ്പിച്ച ഇരുമ്പുകുഴലിനെ നീളമുള്ള പി.വി.സി പൈപ്പുമായി ബന്ധിപ്പിച്ചാണ് നിർമിച്ചിരിക്കുന്നത്. നീളം കൂട്ടാനും കുറക്കാനും പറ്റുന്ന, മാങ്ങയും പേരക്കയും നിലത്തു വീഴാതെ പറിച്ചെടുക്കാവുന്ന, ഉണക്കക്കമ്പുകൾ മുറിച്ചെടുക്കാൻ കഴിയുന്ന, പല പ്രയോജനങ്ങളുള്ള ഒന്ന്.

“നിന്റെ അധ്വാനത്തിന് ഇതു മതിയാവില്ല എന്നറിയാം. കൂടുതൽ തരാൻ എന്റെ കയ്യിലില്ല. മഴ പെയ്തിട്ട് നാളെത്രയായി! ബെഞ്ചമിന്റെ കിണറ്റിൽനിന്ന് പൊന്നും വിലയ്ക്കാണ് വെള്ളം വാങ്ങുന്നത്. പറമ്പിലുള്ള വരുമാനമൊന്നും ഉതകുന്നുമില്ല.”

“സാരമില്ല മാഷേ. എന്റെ കാര്യവും അങ്ങനെയൊക്കെത്തന്നെ. എന്നാണ് ഈ നാട്ടിൽ മഴ പെയ്യുന്നത്?”

നാട്ടിൽ മഴ പെയ്തിട്ട് ഒരു വർഷത്തിൽ കൂടുതലായി. ജലക്ഷാമം രൂക്ഷമായപ്പോൾ ആളുകൾ ആടുമാടുകളെയെല്ലാം വിറ്റഴിച്ചു. തൊഴിലാളികളിലേറെയും മറ്റിടങ്ങളിലേക്ക് തൊഴിൽ തേടിപ്പോയി. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും ചിറകു കരിഞ്ഞവരെപ്പോലെ ഉണങ്ങിമൊരിഞ്ഞ ആ ഗ്രാമത്തിൽ വീർപ്പുമുട്ടി കഴിഞ്ഞു. അതിഥികളായി വന്ന് പെറ്റ് പെരുകിയ മയിലുകൾ മാത്രം പരാതിയില്ലാതെ പാറിപ്പറന്നു നടന്നു. നാട്ടിൽ വറ്റാത്ത കിണറുകൾ രണ്ടിടത്തു മാത്രമേയുള്ളൂ, ഒന്ന് ബെഞ്ചമിന്റെ. മറ്റൊന്ന് അയാളുടെ ശത്രുവും സഹോദരസ്ഥാനീയനുമായ ദാവൂദിന്റെ. അതിൽ ദാവൂദിന്റെ കിണറ്റിലേത് ചെറിയൊരു നീരുറവാണ്, അവരുടെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ. പൊതു ആശ്രയം ബെഞ്ചമിന്റെ കിണറാണ്. അതിന്റെ വിതരണം ഏറ്റെടുത്ത മത്തായി വലിയ തുക ഈടാക്കിയാണ് വെള്ളം കൊടുക്കുന്നത്.

“വെള്ളം നല്ലോണം തെളിയൂറ്റി എടുത്തോളൂ. വേനൽ നീണ്ടുപോയാൽ ബെഞ്ചമിന്റെ കിണറും വറ്റും,” കുടിവെള്ളത്തിലെ ഊറൽ കണ്ട് മാഷ് പറഞ്ഞു.

“ഇതും തീർന്നാൽ നമ്മളെന്തു ചെയ്യും മാഷേ?”, ബീനാമ്മയുടെ മുഖം വാടി. അക്കാര്യം മത്തായിയുടെ ശ്രദ്ധയിൽപ്പെടുത്താൻ മാഷ് ആവുന്നത് ശ്രമിച്ചു. എന്നാൽ അയാളത് കേട്ടതായിപ്പോലും ഭാവിച്ചില്ല.

മരുത്വാമല ചുമന്നു വരുന്ന ഹനുമാനെപ്പോലെ തോട്ടിയും ചുമന്നു വരുന്ന മാഷെ കണ്ട് ബീനാമ്മയുടെ മുഖത്ത് ഒരു കീറ് വെളിച്ചം വീണു. ഒരു പൈതലിനെയെന്നപോലെ അവർ തോട്ടിയെ തൊട്ടു തലോടി.

“ഇത് കിട്ടീന്ന് വെച്ചിട്ട് ആവേശം വേണ്ടാട്ടോ മാഷേ, കൊറേശ്ശേ കൊറേശ്ശേയായിട്ട് പറിച്ചാ മതി.”

“അത്രേള്ളൂ,” മാഷ് ഷർട്ടഴിച്ച് അഴയിൽ തൂക്കി തലയിൽ ഒരു തോർത്ത് വട്ടംചുറ്റി തോട്ടിയുമായി ഇറങ്ങി. തോട്ടിത്തുമ്പ് തെക്കേ പ്ലാവിലെ ഒരു ചക്കയിൽ തൊട്ടു തൊട്ടില്ല എന്നായപ്പോഴേക്കും മത്തായിയും സിൽബന്തികളും പടിപ്പുര തള്ളിത്തുറന്ന് ചട പടാ കയറി വന്നു.

“മാഷേ, തോട്ടി ഉഗ്രൻ! എനിക്കിതുകൊണ്ട് ഒരത്യാവശ്യമുണ്ട്. ഇപ്പോൾത്തന്നെ തന്നേക്കാം,” മത്തായി തോട്ടിയിൽ പിടുത്തമിട്ടു. മാഷിന് ഏറ്റവും നല്ല കർഷകനുള്ള പുരസ്‌കാരം കിട്ടിയപ്പോഴും ഇതുപോലെയായിരുന്നു. ഓടിവന്ന്,

“ഇത് എനിക്ക് കിട്ടേണ്ടതായിരുന്നു. ഇനി എന്റെ കയ്യിലിരിക്കട്ടെ” എന്നും പറഞ്ഞ് അതും കൊണ്ടുപോയി.

“അയ്യേ!” ബീനാമ്മയുടെ മുഖം ചുളിഞ്ഞു. മാഷ് അന്ന് നിശ്ശബ്ദം നിന്നതേയുള്ളൂ. പക്ഷേ, തോട്ടിക്കാര്യത്തിൽ മാഷ് ശബ്ദിച്ചു:

“ഇപ്പൊ കയ്യിൽ കിട്ടിയതേയുള്ളൂ. എന്റെ ആവശ്യം കഴിഞ്ഞ് തരാം.”

മാഷ് മത്തായിയുടെ കൈ തട്ടിമാറ്റി.

“തോട്ടിയും ആദായവും തന്നില്ലെങ്കിൽ വെള്ളം കുടി മുട്ടും മാഷേ.”

“ഭീഷണിയാണോ?”

“അതെ.”

നിവൃത്തിയില്ലാതെ മാഷ് തോട്ടി കൊടുത്തു. പടിഞ്ഞാറു ചുവക്കും വരെ മാഷിന്റെ പറമ്പിലെ ആദായങ്ങളുടെ ശിരച്ഛേദം ആ തോട്ടികൊണ്ട് മത്തായിയുടെ പണിക്കാർ നിർവഹിച്ചു. “ഇനി നമ്മളിതെല്ലാം പത്തിരട്ടി വിലയ്ക്ക് അവന്റെ കടയിൽ നിന്നും വാങ്ങണം.” വണ്ടിയിൽ മത്തായിയും കൂട്ടരും പോകുന്നത് നിസ്സഹായതയോടെ മാഷ് നോക്കിനിന്നു. അന്നു മുതൽ ആ തോട്ടി അയാളുടെ പ്ലാവിൽ വാസമാക്കി!

“ഇവന്റെ തന്തേം ഇങ്ങനെയായിരുന്നോ?” ബീനാമ്മ ചോദിച്ചു.

“അല്ല. ഇവന്റെ അപ്പനപ്പൂപ്പന്മാർക്ക്‌ മാടമ്പിത്തരമുണ്ടായിരുന്നെങ്കിലും ഇത്രയും ആർത്തിയുണ്ടായിരുന്നില്ല. തരിയ്ക്ക് മനഃസാക്ഷിയും മര്യാദയുമുണ്ടായിരുന്നു. നാട്ടുകൂട്ടത്തിന്റെ തീർപ്പും അനുസരിക്കുമായിരുന്നു,” മാഷ് ഒരു വിശറിയെടുത്ത് സ്വയം വീശിത്തണുപ്പിക്കാൻ ശ്രമിച്ചു.

“എന്തു പറയാനാ, കാലന് കൂട്ട് കരികാലൻ എന്നു പറയുമ്പോലെ ആ ബെഞ്ചമിനുമുണ്ടല്ലോ ഇവന് ഒത്താശ ചെയ്യാൻ. ദുഷ്ടന്മാർ പെരുകി നാട്ടിൽ മഴയില്ലാതായി,’’ ബീനാമ്മ നേര്യതിന്റെ തുമ്പുകൊണ്ട് വീശി നെഞ്ചിലെ ചൂടാറ്റി.

വേലായുധൻ മാഷിന്റെ അഭിപ്രായത്തിൽ മത്തായിയും ബെഞ്ചമിനും തമ്മിലുള്ള ബന്ധത്തെ ഒറ്റവാക്കിൽ ചങ്ങാത്തം, കൂട്ട് എന്നൊന്നും പറയാൻ പറ്റില്ല. മത്തായിക്ക് ആ നാട്ടിൽ ആരെയെങ്കിലും പേടിയുണ്ടെങ്കിൽ അത് ബെഞ്ചമിനെയാണ്. കാരണം ബെഞ്ചമിൻ ഒരു ചെറിയ മീനല്ല, തിമിംഗലവുമല്ല, പിശാചാണ്‌ -ഭീമൻ കടൽപ്പിശാച്! ചൊരുക്ക് തോന്നിയാൽ സകലതിനെയും ഒറ്റയടിക്ക് വിഴുങ്ങും. അത്തരമൊരു പിശാചിനോട് മല്ലിടാനുള്ള വകുപ്പൊന്നും തനിക്കില്ലെന്ന് അറിയാവുന്നതുകൊണ്ട് അനുനയിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകുന്നു എന്നുമാത്രം.

മത്തായിയെപ്പോലെ ആർത്തിക്കാരനല്ല ബെഞ്ചമിൻ. എന്നാൽ, പക അയാൾക്കൊരു ബലഹീനതയാണ്. കാലങ്ങളായി നെഞ്ചിൽ പകയും ഉപ്പിലിട്ടു നടക്കുന്ന അയാൾക്ക് ഭൂമിയിൽ ഒരേയൊരാളോട് മാത്രമേ അതുള്ളൂ, ദാവൂദിനോട്! ബാക്കിയുള്ളവരോടുള്ള പടപ്പുറപ്പാടിനെല്ലാം പുറകിൽ മത്തായിയാണ്. തനിക്ക് പ്രിയമില്ലാത്തവരെയെല്ലാം ബെഞ്ചമിനും പ്രിയമില്ലാത്തവരാക്കിത്തീർക്കാൻ മത്തായിക്ക് നല്ല കഴിവാണ്. അതുപോലെ ബെഞ്ചമിൻ ദാവൂദിനിട്ട് കൊട്ടുന്ന കൊട്ടിനെല്ലാം കുരവയിട്ട് പ്രോത്സാഹിപ്പിക്കാറുമുണ്ട്. വർഷങ്ങളായി, ഗ്രാമത്തിലെ പ്രധാന ഉത്സവമായ ശൂരൻപോരിന്റെയന്നാണ് ബെഞ്ചമിന്റെയും ദാവൂദിന്റെയും അനുയായികൾ തമ്മിലുള്ള പോര് മുറുകുന്നത്. എല്ലാ വർഷവും അന്നേദിവസം നാലഞ്ചു പേർക്കെങ്കിലും വെട്ടേൽക്കാറുണ്ട്, ചില വർഷങ്ങളിൽ കൊലയും നടന്നിട്ടുണ്ട്. കൗശലക്കാരനായ മുട്ടനാടിനെപ്പോലെ അത് മത്തായി ആസ്വദിക്കും. ഇരുവിഭാഗത്തിന്റെയും ശക്തി ക്ഷയിച്ചാൽ അവരെ ഒറ്റയടിക്ക് ഒതുക്കി ഒന്നാമനാകാൻ തക്കംപാർത്തിരിക്കുകയാണയാൾ.

“പണ്ടത്തെപോലെ കരിമ്പും പൊരിയും വാങ്ങിത്തിന്ന് ആ ഉത്സവത്തിരക്കിലൂടെ സന്തോഷത്തോടെ നടക്കാൻ കൊതിയാകുന്നു മാഷേ,” ബീനാമ്മ ഇടക്ക് പറയും. പക്ഷേ, ഇനിയൊരിക്കലും അങ്ങനെയൊരു കാലം ഉണ്ടാകില്ലെന്ന് അവർക്കുമറിയാം.

ബെഞ്ചമിനും ദാവൂദും തമ്മിൽ എന്താണ് പ്രശ്നമെന്ന് പുതുതലമുറയിൽ പലർക്കും അറിയില്ല. ചിലർ മാഷോട് ചോദിക്കാറുണ്ട്. മാഷതിന് തന്റെ കൈവശമുള്ള പത്തു മാർക്കിന്റെ മറുപടി വെട്ടിച്ചുരുക്കി രണ്ടു മാർക്കിൽ കവിയാതെയാക്കി കൊടുക്കും.

“ബെഞ്ചമിന്റേയും ദാവൂദിന്റേയും അപ്പന്മാരുടെ അപ്പന്മാർ ഒരപ്പന്റെ മക്കളായിരുന്നു. ആ അപ്പനായ അവറാൻ ഈ ദേശത്തെ ജന്മിയും! അങ്ങേർക്ക്‌ ഭാര്യയിലും വേലക്കാരിയിലുമായി ഓരോ പുത്രന്മാർ ജനിച്ചു. കുറച്ചുകാലം അവർ ഒന്നിച്ച് കഴിഞ്ഞു. പിന്നീടൊരു പ്രളയം വന്നു. അത് അവരുടെ കൈവശമുണ്ടായിരുന്ന രേഖകളെല്ലാം ജലസമാധിയാക്കി. പ്രളയം തീർന്ന് മണ്ണുണങ്ങിയില്ല, അതിനുമുമ്പേ അവശേഷിച്ചവർ അവകാശത്തർക്കവും കൊല്ലും കൊലയും തുടങ്ങി. അംഗബലം കൂട്ടാൻ ബെഞ്ചമിന്റെ കാർന്നോന്മാർ മറ്റു ദേശങ്ങളിൽനിന്നും ബന്ധുക്കളെ കൊണ്ടുവന്ന് ശക്തി കാട്ടി. അന്നത്തെ പ്രളയത്തിൽ ഒഴുകിവന്നവരാണ് ഞങ്ങളുടെ പൂർവികരടക്കമുള്ളവർ.”

“ഈ വഴക്ക് അവസാനിപ്പിക്കാൻ ആരും മുൻകയ്യെടുക്കാത്തത് എന്താണ് മാഷേ?” വിവാഹപ്പുതുക്കത്തിൽ ബീനാമ്മ ചോദിച്ചിട്ടുണ്ട്. മാഷതിന് മറുപടി പറഞ്ഞില്ല. പതിയെപ്പതിയെ, സാക്ഷാൽ ജഗന്നിയന്താവ് നേരിട്ടിറങ്ങിവന്നാലും അതു തീരില്ലെന്ന് അവർക്ക് ബോധ്യപ്പെട്ടു. കാർന്നോന്മാരെക്കാൾ വലിയ പോരുകോഴികളാണ് ദാവൂദും ബെഞ്ചമിനും.

 

മത്തായിയുടെ ഇടപെടൽ വന്നതോടെയാണ് ബെഞ്ചമിൻ ഇത്രമേൽ അസഹിഷ്ണുവായത്. ഇപ്പോൾ ദാവൂദിനും അനുയായികൾക്കും തങ്ങളുടെ പറമ്പിൽ ഒരു കിണറു കുഴിച്ചൂടാ, വീട് വെച്ചൂടാ, പാറ പൊട്ടിച്ചൂടാ - അപ്പോഴത് ബെഞ്ചമിന്റെ ആളുകൾ അറിയും. എതിർക്കാൻ അവർ എന്തും ചെയ്യും. ദാവൂദിന്റെ മൂട്ടിൽ കൊണ്ടെന്ന വിധമാണ് തന്റെ പെട്രോൾ പമ്പ് അയാൾ പണിയിച്ചിരിക്കുന്നത്. അയാളുടെ പാറമടകളിൽനിന്നുള്ള പൊട്ടലിന്റെ തീവ്രതയിൽ വിണ്ടുകീറാത്ത ഒരു തറയും ആ നാട്ടിലില്ല. ദാവൂദും അത്ര മോശമൊന്നുമില്ല. ബെഞ്ചമിൻ കുറച്ചുദിവസം പ്രശ്നമൊന്നും ഉണ്ടാക്കാതിരുന്നാൽ പ്രകോപിപ്പിക്കാൻവേണ്ടി എന്തെങ്കിലുമൊരു വേല അയാളും ചെയ്യും. അവരുടെ പ്രവൃത്തികൾകൊണ്ട് കഷ്ടപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും മുഖങ്ങൾ കാണുമ്പോൾ ബീനാമ്മക്ക് കഷ്ടംതോന്നാറുണ്ട്.

വരൾച്ച ഭൂമിയുടെ അടിക്കോണിലെ നനവ് വരെ അതിവേഗം നക്കിത്തുടച്ചുകൊണ്ടിരുന്നു. കുടിവെള്ളത്തിന് ചളിമണം വന്നു തുടങ്ങിയപ്പോഴാണ് ബെഞ്ചമിന് സ്വയം ബോധ്യപ്പെട്ടത്. അയാളുടെ ഉറക്കം നഷ്ടമായിത്തുടങ്ങി.

“നാട്ടുകൂട്ടം വിളിക്കണം, പ്രതിവിധി തേടണം,” ബാധയിളകിയവനെപ്പോലെ, ബെഞ്ചമിൻ തന്റെ പ്രിയപ്പെട്ടവരെ വിളിച്ചുകൂട്ടി.

നാട്ടുകൂട്ടത്തിന്റെ തീരുമാനത്തിന് കാതോർത്ത് ഏറ്റവും മുന്നിൽ ബെഞ്ചമിനും ദാവൂദും ഇരുന്നു. പുറകിൽ മത്തായി. അയാൾക്ക്‌ പുറകെ മാഷും മറ്റുള്ളവരും.

“മുരുകശാപം. വരുന്ന ശൂരൻപോരിന് മുമ്പ് എല്ലാവരും തെറ്റുകുറ്റങ്ങൾ ഏറ്റുപറഞ്ഞ് ആറു ദിവസത്തെ നോമ്പു നോക്കണം. ഒരിറ്റ് രക്തം ചിന്തരുത്. ശൂരസംഹാരത്തിന് മുമ്പും പിമ്പും ‘കൊടുംപാപി’ കെട്ടിവലിക്കണം,” നാട്ടുകൂട്ടം അഭിപ്രായപ്പെട്ടു.

“കൊടുംപാപിയോ?”

“അതെ, നാട്ടിൽ അധർമം പെരുകുമ്പോഴാണ് പ്രകൃതിയിൽ മാറ്റങ്ങൾ കാണുന്നത്. ഒന്നുകിൽ അധർമകാരിയായ ആ കൊടുംപാപിയെ ഈ ഗ്രാമത്തിൽനിന്നും പുറത്താക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ വൈക്കോൽകൊണ്ട് ഒരു ആൾരൂപമുണ്ടാക്കി ചടങ്ങുകൾ ചെയ്ത് അതിനെ ദഹിപ്പിക്കണം. അതിന് ഗ്രാമാതിർത്തിയിൽനിന്ന് ഗൊബ്ബിയാളന്മാരെ വരുത്തണം,” നാട്ടുകൂട്ടം വിശദമാക്കി.

“ആൾരൂപം തീയിലിട്ടെരിച്ചാൽ കൊടുംപാപിയ്ക്ക് എന്തുപറ്റും?” ആൾക്കൂട്ടത്തിന്റെ നിശ്ശബ്ദതയിൽത്തട്ടി മത്തായിയുടെ ചോദ്യം ചിതറി. നാട്ടുകൂട്ടം അതിന് മറുപടി പറഞ്ഞില്ല. ആ മൗനം ത്രിശങ്കുവിലെ തോട്ടി കണക്കെ കൂടിയിരുന്നവരുടെ തലക്കു മുകളിൽ ആടിക്കളിച്ചു.

“ആരാണാ കൊടുംപാപി?” നാട്ടുകൂട്ടം പിരിഞ്ഞുപോകും വഴി നാട്ടുകാർ പരസ്പരം ചോദിച്ചു. പലർക്കും അത് പലരായിരുന്നു.

“ദാവൂദിനെ ചുട്ടെരിച്ചാൽ പെരുമഴ പെയ്യും,’’ ബെഞ്ചമിൻ അഭിപ്രായപ്പെട്ടു.

“കൊടുംപാപി നീ തന്നെ,” ദാവൂദും തിരിച്ചടിച്ചു.

“അവര് ചേട്ടനും അനിയനും തന്നെ കൊടുംപാപികൾ,” മത്തായി ശിങ്കിടികളോട് അടക്കം പറഞ്ഞു.

“ബെഞ്ചമിനെയും ദാവൂദിനെയും തെറ്റിച്ച് നാട്ടിൽ വിധവകളെയും അനാഥരെയും സൃഷ്ടിക്കുന്ന ട്രംപനാണ് കൊടുംപാപി,” ബീനാമ്മയും കൊടുംപാപിയെ കണ്ടെത്തി. എന്നാൽ, പൊതുവായി ഒരു കൊടുംപാപിയെ ആർക്കും കണ്ടെത്താൻ കഴിയാതിരുന്നതുകൊണ്ട് ഗൊബ്ബിയാളന്മാരെ വരുത്താമെന്ന് തീരുമാനമായി.

പിറ്റേന്ന് സന്ധ്യക്ക് കരിഞ്ഞ കാടുകളും വരണ്ട പുഴയും താണ്ടി കയ്യിൽ കുപ്പിവളകളും കണ്ണിൽ മഷിയും കാലിൽ ചിലമ്പുമണിഞ്ഞ് മുറുക്കിച്ചുവപ്പിച്ച് ചെമ്പട്ടു ചേലയുടുത്ത ഗൊബ്ബിയാളന്മാരെത്തി. അവർ ഓരോ വീട്ടിലും ചെന്ന് ശുഷ്കിച്ച വൈക്കോൽത്തുറുവിൽനിന്നും ഓരോ പിടി വൈക്കോൽ വീതമെടുത്ത് വലിയ മനുഷ്യരൂപമുണ്ടാക്കി. വ്രതം തുടങ്ങുന്നതിന്റെ തലേന്ന് പുലർച്ചെ ആ മനുഷ്യരൂപത്തെ പുതുവസ്ത്രങ്ങൾ ധരിപ്പിച്ച്, അലങ്കരിച്ച് മഞ്ചത്തിലിരുത്തി കെട്ടിവലിച്ച് ഓരോ വീടിനു മുന്നിലും കൊണ്ടുവെച്ചു. ശേഷം ആ വീട്ടുകാരുടെ മുന്നിൽ കൊടുംപാപിക്ക് ചുറ്റും വട്ടംകൂടിയിരുന്ന്,

“കൊടുംപാപി സാകലയേ,

കോട മഴ പെയ്യലയേ,

എങ്കേ പോയ്‌ മഴേ,

ഏലേ പോയ്‌ മഴേ...” എന്ന് ഉറക്കെ പാടി. പാട്ടിനൊപ്പം ഇരുകൈകളുംകൊണ്ട് താളത്തിൽ തലയിൽത്തല്ലി. ആ ഇരിപ്പിൽത്തന്നെ അവരുടെ മേലുടലുകൾ നൃത്തംവെച്ചു. വളകൾ പൊട്ടിച്ചിതറി. വീടുകളിൽനിന്നും വീടുകളിലേക്ക് പോകുന്തോറും പാട്ടിന്റെയും നൃത്തത്തിന്റെയും താളം മുറുകിക്കൊണ്ടിരുന്നു. ഓരോ വീട്ടുകാരും തുപ്പിയും തല്ലിയും ചവിട്ടിയും ചാട്ടകൊണ്ടടിച്ചും കൊടുംപാപിയോടുള്ള അതൃപ്തി തീർത്തു. അങ്ങനെ സർവ പീഡകളും ഏറ്റുവാങ്ങിക്കൊണ്ട് ബെഞ്ചമിന്റെ വീട്ടിൽ തുടങ്ങിയ ഗൊബ്ബിയാളം മത്തായിയുടെ വീട്ടിൽ അവസാനിക്കുമ്പോഴേക്കും വലിയൊരു ജനക്കൂട്ടം പുറകെ ഉണ്ടായിരുന്നു.

“ശൂരൻ പോര്ക്ക്‌ പിറക് ഇന്ത കൊടുംപാപിയെ ഇങ്കെ വെച്ചേ എരിപ്പേൻ. അതുവരെ നാങ്കൾ ഇങ്കെ നോമ്പിരുപ്പോം,” ഗൊബ്ബിയാളന്മാർ മത്തായിയുടെ പറമ്പിൽ ചാണകവറളികൾ കൂട്ടിയിട്ടതിനും മാഷിന്റെ തോട്ടി തൂങ്ങിയാടുന്ന വരിക്കപ്ലാവിനും നടുക്ക് കൊടുംപാപിയെ കിടത്തി അതിന് ചുറ്റും വ്രതമിരുന്നു. മത്തായി ഉത്സാഹത്തോടെ ഓടി നടന്നു.

“മാഷേ, ഇതു വല്ലതും നടക്കുമോ?” ഗൊബ്ബിയാളം കഴിഞ്ഞ് വീട്ടിലെത്തിയ ബീനാമ്മ ചോദിച്ചു.

“അറിയില്ല.”

“ട്രംപന്റെ മൊത്തത്തിലുള്ള പ്രകടനം കണ്ടിട്ട് ഇതൊക്കെ നാട്ടുകൂട്ടത്തെകൊണ്ട് അവൻ ചെയ്യിക്കുന്നതാണോ എന്നൊരു സംശയം,” ബീനാമ്മ ആശയക്കുഴപ്പത്തിലായി. ഒടുവിൽ ശാസ്ത്രാധ്യാപകനായ വേലായുധൻ മാഷെപ്പോലെ മത്തായിക്കും അതിലൊന്നും വിശ്വാസമുണ്ടാവില്ല എന്ന നിഗമനത്തിലെത്തി.

സ്കന്ദ ഷഷ്‌ഠി ദിവസമെത്തി. ഗ്രാമവാസികൾ വ്രതശുദ്ധിയോടെ ശൂരസംഹാരം കാണാൻ ക്ഷേത്രത്തിലേക്കൊഴുകി.

“നമുക്കും പോകണ്ടേ മാഷേ?”

“ഞാനില്ല.”

“എന്നാ ഞാനും പോണില്ല,” ബീനാമ്മ വരാന്തയിലിരുന്നുകൊണ്ട് ക്ഷേത്രത്തിൽനിന്നും ഉയരുന്ന വാദ്യമേളങ്ങൾക്ക് ചെവിയോർത്തു. അവർക്കുള്ളിലൂടെ വർണങ്ങളും അലങ്കാരങ്ങളും കരിമ്പും പൊരിയും അത്തിത്തടിയിൽ തീർത്ത അസുരരൂപങ്ങളുമായുള്ള പ്രദക്ഷിണവും രഥത്തിൽ എഴുന്നെള്ളുന്ന മുരുകഭഗവാനും കടന്നുപോയി.

ശൂരസംഹാരത്തിന്റെ അലർച്ചയും ഭക്തരുടെ ആവേശത്തിമർപ്പും കേട്ട് മാഷ് ഞെട്ടിയുണർന്നു.

“അങ്ങനെ ഇക്കൊല്ലത്തെ അസുരവധം ഒരു തുള്ളി ചോര പൊടിയാതെ കഴിഞ്ഞു. എന്നിട്ടും ഒരു ഇലയനക്കംപോലും ഇല്ലല്ലോ മാഷേ. ആകാശത്തീന്ന് തീയിറക്കി കൊല്ലാനായിരിക്കുമോ? മഴ പെയ്യുംന്ന് തോന്നുന്നില്ല,” ബീനാമ്മ നിരാശയോടെ മത്തായിയുടെ പറമ്പിൽ വ്രതമിരിക്കുന്ന ഗൊബ്ബിയാളന്മാരെ നോക്കി. മാഷിന്റെ ശ്രദ്ധയപ്പോൾ, വിണ്ടുകീറിയ പാടത്ത്, ഒരു മൂർഖൻ പാമ്പിന്റെ അസ്ഥികൂടത്തിനുവേണ്ടി കൊത്തുകൂടുന്ന മയിലുകളിലായിരുന്നു. അവയുടെ കരച്ചിൽ കാതുകളെ കീറി മുറിക്കുമ്പോലെ മാഷിനു തോന്നി, കണ്ണുകൾ നിരാശയോടെ തോട്ടിയിലേക്ക് നീണ്ടു.

 

ശൂരസംഹാരത്തിന്റെ പിറ്റേന്നും അതിന്റെ പിറ്റേന്നും മഴ പെയ്തില്ല. മൂന്നാം ദിവസം രാത്രി ഉറക്കത്തിൽനിന്നും ഞെട്ടിയുണർന്ന മാഷ് മത്തായിയുടെ പറമ്പിൽ സംശയാസ്‌പദമായ ചിലത് കണ്ട് മതിലരികിലേക്ക് പതുങ്ങിച്ചെന്നു. ശിങ്കിടികളോടും വ്രതമിരിക്കുന്ന ഗൊബ്ബിയാളന്മാരോടും എന്തോ പറയുകയാണ് മത്തായി. മാഷ് ചെവിയോർത്തു.

“ഞാൻ പറഞ്ഞില്ലെ ഇതൊന്നുംകൊണ്ട് മഴ പെയ്യാൻ പോകുന്നില്ല. ബെഞ്ചമിനും ദാവൂദും ചാകണം. അതിന് എന്റെ ആളുകളെ നിങ്ങൾ സഹായിക്കണം. നേരം പുലരുമ്പോഴേക്കും അത്‌ നടന്നിരിക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ അന്ത്യം എന്റെ കൈകൊണ്ടായിരിക്കും.”

ഗൊബ്ബിയാളന്മാരെ ഭയം വട്ടമിട്ടു പറന്നു. നിലാവെട്ടത്തിൽ മത്തായിയുടെ രൂപം പർവതം കണക്കെ വളർന്ന് അതിൽ നിറയെ നീണ്ട രോമങ്ങൾ കിളിർക്കുന്നതായി മാഷിനു തോന്നി. രക്തദാഹംകൊണ്ട് തുടുത്ത കണ്ണുകൾ... നിസ്സഹായതയിൽനിന്നും ഒരു തേങ്ങലുണർന്നു. അടക്കിയിട്ടും അടങ്ങാതെ അത് മാഷിന്റെ നെഞ്ചിനും തൊണ്ടക്കുഴിക്കുമിടയിൽ വിങ്ങി.

വേലായുധൻ മാഷ് തിരിഞ്ഞുനടന്നു. നാലടി വെച്ചില്ല അതിനുമുമ്പേ ആകാശത്തിന്റെ തീക്കൂട് തകർത്ത് ഒരു വെളിച്ചം ഭൂമിയുടെ കണ്ണുകളിൽ തുളച്ചിറങ്ങി. പുറകെ വന്ന ഇടിയുടെ പ്രകമ്പനത്തിനൊപ്പം ഒരലർച്ച! മാഷ് ഞെട്ടിത്തിരിഞ്ഞു. മത്തായിയുടെ പറമ്പിൽ പകൽപോലെ വെളിച്ചം പൂത്തുനിന്നു. ചകിതരായ ഗൊബ്ബിയാളന്മാർക്കും ശിങ്കിടികൾക്കും മധ്യേ ചോരയിൽ കുളിച്ച് മത്തായി കിടന്നു.

വേർപെട്ട തലക്കും ഉടലിനും ഇടയിൽ ത്രിശങ്കുവിൽ തൂങ്ങിക്കിടന്ന തന്റെ തോട്ടിയുടെ കത്തി! രക്തം കണ്ട് മാഷിന് മേലു വിറച്ചു, തല കറങ്ങി. വീഴാതിരിക്കാൻ മതിലിൽ പിടിച്ചു. പൊടുന്നനെ തലക്കുമീതേ ഒരു കാറ്റ് കൂടഴിഞ്ഞുവന്നു. ഇടിയും കാറ്റും കനത്തു. മഴയുടെ പഴുത്ത തുള്ളികൾ മാഷിന്റെ പൊള്ളുന്ന ശിരസ്സിലൂടെ ഒഴുകിയിറങ്ങി. പെരുമഴയിൽ കുതിർന്ന് മാഷ് നിന്നു. മതിലിനപ്പുറത്തുനിന്നും മത്തായിയുടെ ജഡത്തിനു ചുറ്റുമിരുന്ന് ഇരുകൈകളുംകൊണ്ട് താളത്തിൽ തലയിൽത്തല്ലി, മേലുടലുകൾ നൃത്തം ചെയ്യിപ്പിച്ച് ഗൊബ്ബിയാളന്മാർ ഉറക്കെ പാടിത്തുടങ്ങി:

“കൊടും പാപി സത്താളേ,

കോട മഴ പെയ്താളേ...

ആടി വന്തോം മഴ,

പാടി വന്തോം മഴ...”

Tags:    
News Summary - Malayalam story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-15 05:30 GMT
access_time 2026-06-15 04:30 GMT
access_time 2026-06-08 05:30 GMT
access_time 2026-06-01 05:15 GMT
access_time 2026-06-01 04:00 GMT
access_time 2026-06-01 03:45 GMT
access_time 2026-05-18 04:30 GMT
access_time 2026-05-18 04:15 GMT