കൊടും ക്രിമിനൽ ഒറ്റൈക്കയൻ ശരിയാവർ ജയിൽചാടി എന്ന വാർത്തയാണ് വാട്‌സ്ആപ് തുറന്നയുടൻ ബോബിരാജിന്റെ സമാധാനം കെടുത്തിയത്.
കണ്ണൂർ സെൻട്രൽ ജയിലിൽനിന്നും തന്റെ വാടക വീട്ടിലേക്ക് അഞ്ചു കിലോമീറ്റർ ദൂരമേയുള്ളൂ. പണിതീരാത്ത വീടുകളും ഇടവഴികളും ഊടുവഴികളും നിറഞ്ഞ വിജനമായ ഒരിടത്താണ് ആ വാടക വീട്. അവിടെ പ്രഭ ഒറ്റക്കാണ്. കുട്ടികൾ സ്‌കൂൾ വിട്ട് വരണമെങ്കിൽ നാലുമണി കഴിയും. ഉള്ളിൽ പതുങ്ങിയിരുന്ന പേടി ഒരു മുള്ളൻപന്നിയെപ്പോലെ അനങ്ങിത്തുടങ്ങി.
അതുവരെയുണ്ടായിരുന്ന അവളോടുള്ള പിണക്കങ്ങൾ പെെട്ടന്ന് മാഞ്ഞുപോയി. അവളുടെ വാട്‌സ്ആപ്പിലേക്ക് ചാനൽ വാർത്തതന്നെ അയച്ചുകൊടുത്തു. ‘ശ്രദ്ധിക്കണേ’ എന്ന് എഴുതി അയച്ചു. പക്ഷേ, ഇത്ര നേരമായിട്ടും അവളത് കണ്ടിട്ടേയില്ല.
ബോബിരാജും പ്രഭയും തല്ലുണ്ടാക്കി പിണങ്ങി ഇറങ്ങിയാൽ അന്ന് രാത്രിവരെ വിളിക്കുന്നത് പതിവില്ല. ഇനി വിളിച്ചാൽതന്നെ പ്രഭ ഫോൺ എടുക്കാനും പ്രയാസമാണ്. ഇതുപോലൊരു ആപത്ത് വന്നാൽ എല്ലാം മറന്ന് വിളിക്കാതെ എങ്ങനെ സമാധാനമായി യാത്രപോവും. ഇപ്പോൾ അവൾ പരിധിക്ക് പുറത്താണെന്ന് കേട്ടപ്പോൾ ബോബിയുടെ പരിഭ്രമം പരിധിവിടുന്നു.
ഇനി ശരിയാവർ അതുവഴി എങ്ങാനും വന്നാൽതന്നെ അവൾക്ക് പെെട്ടന്ന് ആളെ മനസ്സിലാവണമെന്നില്ല.
‘‘ഇങ്ങള് കയറി ഇരിക്ക്’’ എന്നു പറയും, ‘‘ഒരു ഗ്ലാസ് ചായ എടുക്കട്ടെ’’ എന്ന് ചോദിക്കും. ഒറ്റക്കയ്യേ ഉള്ളൂവെന്നറിഞ്ഞാൽ തന്നെയോർത്ത് സ്‌നേഹം കൂടും. അപ്പോൾ ശരിയാവരുടെ കണ്ണുകൾ അവളുടെ മെലിഞ്ഞ കഴുത്തിലെ നൂലുമാലയിലേക്ക് പായും. ശരിയാവരുടെ ലക്ഷ്യം അതൊന്നുമായിരിക്കില്ല. അവനൊരു ബോൺ ക്രിമിനലാണ്. രണ്ട് പെൺകുട്ടികളെ പിച്ചിച്ചീന്തിയ വന്യമൃഗമാണ്.
ബോബിയുടെ തൊണ്ട പിടഞ്ഞുതുടങ്ങി. വരാനിരിക്കുന്ന ആപത്തിന്റ ഭീകരത മനസ്സിൽ ഹൊറർ ഫിലിമിന്റെ ട്രെയിലർപോലെ തെളിയാൻ തുടങ്ങി. അവളൊന്ന് തിരിച്ചുവിളിച്ചിരുന്നെങ്കിൽ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായിരിക്കുമതെന്ന് വെറുതേ മോഹിച്ചു. ബസ് 40 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞു. ഇവിടെ ഇറങ്ങി തിരിച്ചുപോവേണ്ടതുണ്ടോ. നാളത്തെ മീറ്റിങ് വളരെ അത്യാവശ്യ കാര്യത്തിനാണ്. അറ്റൻഡ് ചെയ്തില്ലെങ്കിൽ ചിലപ്പോ ജോലിതന്നെ പോവും. ചിന്തകൾ േബ്രക്ക് ഇല്ലാതെ ഓടിക്കൊണ്ടിരുന്നു.
അടുക്കള വാതിൽ വലിച്ചടക്കുന്നതും തറയിൽ ഒരു ചില്ലുപാത്രം വീണുടയുന്നതും കേട്ടുകൊണ്ടാണ് രാവിലെ ചെരിപ്പിട്ടിറങ്ങിയത്. ഇലകൊഴിഞ്ഞ കറിവേപ്പിന്റെ ചില്ലയിൽ പറന്നിരുന്ന ഒരു കാക്ക നിർത്താതെ കരഞ്ഞത് ഈർപ്പം നിറഞ്ഞ ആ പകലിനെ കൂടുതൽ സങ്കടമുള്ളതാക്കിയിരുന്നു.
അവൾക്ക് പറയാനുള്ളത് കേൾക്കാനോ കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാനോ സമയമില്ലാത്ത ഒരാൾ എന്ന കുറ്റപ്പെടുത്തലും വിതുമ്പലുമായാണ് നേരം വെളുത്തതുതന്നെ. നാട്ടിലായിരുന്നപ്പോഴുള്ള അകാരണമായ അലട്ടലുകളിൽനിന്ന് ഇത്തിരി സമാധാനം അവൾക്കുകൂടി ആവുമെന്ന് വിചാരിച്ചായിരുന്നു തൽക്കാലം വാടകവീട്ടിലേക്ക് താമസം മാറ്റിയത്.
‘‘നിങ്ങൾ ആള് മാറാതെ വീട് മാറിയതുകൊണ്ട് കാര്യമില്ല’’ എന്നത് അന്നുമുതൽ അവളുടെ പല്ലവിയായിരുന്നു.
‘‘നിങ്ങൾ രണ്ട് പെൺകുട്ടികളുടെ അച്ഛനാണെന്ന കാര്യം ഓർമവേണം’’ ഇങ്ങനെ ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് താൻ ഇനിയും എന്തൊക്കെയോ മാറേണ്ടതുണ്ട് എന്ന് സ്‌നേഹശാസനകളാൽ അവൾ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു.
മൂന്നുമാസത്തിനുള്ളിൽ രണ്ടാമത്തെ വാടകവീടാണിത്. വീട് സെലക്ട് ചെയ്യുമ്പോ പരിസരവാസികളെ എപ്പോഴും ശ്രദ്ധിക്കണം. ഭൂമിയിൽ ഏതൊക്കെ രീതിയിലുള്ള വിചിത്ര മനുഷ്യരുണ്ടെന്ന കാര്യം മൂന്നുമാസത്തിനുള്ളിൽ ശരിക്കും അനുഭവിച്ചതാണ്. എന്നാൽ, അടുത്തൊന്നും ആളുകളേ ഇല്ലെന്നതാണ് ഈ വീടിനെക്കുറിച്ചുള്ള വേവലാതി. നീതുവും നിത്യയും സ്‌കൂളിലേക്ക് പോയാൽ പിന്നെ വൈകുന്നേരം വരെ അവൾ തനിച്ചാണ്.
പെെട്ടന്ന് വന്ന ഒരു ഓട്ടോയിൽ ചാടിക്കയറി എളുപ്പം ബസ് സ്റ്റാൻഡിലേക്ക് എത്തേണ്ട തിരക്കിൽ ഗേറ്റ് അടക്കാനും മറന്നു. എറണാകുളത്തേക്ക് മീറ്റിങ്ങിന് പോവുമ്പോൾ ഇതുവരെ ട്രെയിൻ ബുക്ക് ചെയ്തിട്ടേ പോയിട്ടുള്ളൂ. ഇതിപ്പോ പെെട്ടന്ന് അറിയിച്ചതിനാൽ ടിക്കറ്റ് കിട്ടിയതുമില്ല.
ബസിൽ നല്ല തിരക്കുണ്ടെങ്കിലും സീറ്റിനടുത്തുള്ള കമ്പിയിൽ ചാരിനിന്ന് മൊബൈലിൽ നെറ്റ് ഓൺ ചെയ്തു. അതാണ് പതിവ്. വീട്ടിലേക്ക് പോവുമ്പോൾ നെറ്റ് ഓഫാക്കിയിരിക്കും. മനസ്സമാധാനം പോവാതിരിക്കാൻ അതാണ് നല്ലതെന്ന് അനുഭവത്തിൽനിന്ന് പഠിച്ചതാണ്.
വലിയ ബാഗും തോളിലിട്ട് ഒറ്റക്കൈയാൽ കമ്പിയിൽ പിടിച്ചു തൂങ്ങിയുള്ള കുറെനേരമായുള്ള ബോബിയുടെ നിൽപുകണ്ട് പ്രായമുള്ള ഒരാൾ സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ ശ്രമിച്ചപ്പോൾ വേെണ്ടന്ന് പറഞ്ഞ് അയാളെ അവിടെത്തന്നെ ഇരുത്തി.
‘‘ഇയാൾക്ക് വികലാംഗരുടെ സീറ്റ് ബാക്കിലുണ്ടല്ലോ’’
എന്നുപറഞ്ഞ് മുന്നിലിരിക്കുന്ന ചെറുപ്പക്കാരൻ ഒന്നുകൂടി സീറ്റിലമർന്നിരുന്ന് മൊബൈലിലേക്ക് തലപൂഴ്ത്തി. ബോണറ്റിനു മുകളിൽ അള്ളിപ്പിടിച്ചിരുന്നുകൊണ്ട് രണ്ട് പെൺകുട്ടികൾ പതുക്കെ ‘‘വികലാംഗർ എന്ന് ഇപ്പൊ പറയാൻ പാടില്ല. ഭിന്നശേഷിക്കാരാണ്’’ എന്ന് പറഞ്ഞുകൊണ്ട് ഇടംകണ്ണാൽ ആൺകുട്ടിയെ ഒന്ന് നോക്കി. അവൻ അപ്പോൾ കണ്ടുകൊണ്ടിക്കുന്ന ഒരു റീൽസിൽ മുങ്ങി പരിസരം മറന്ന് പൊട്ടിച്ചിരിച്ചു. വകതിരിവില്ലാത്ത ആൺകുട്ടികളെ രൂപപ്പെടുത്തുന്നതിൽ മൊബൈലിന്റെ പങ്ക് വളരെ വലുതാണ് എന്ന ചിന്ത ബോബിയിലൂടെ മിന്നിമറഞ്ഞു.
‘‘അതുപോലെ ബസിൽ വൃദ്ധരുടെ സീറ്റ് ഇപ്പോഴില്ല, മുതിർന്ന പൗരന്മാരെയുള്ളൂ.’’ എന്ന് പെൺകുട്ടി അടുത്തിരിക്കുന്നവളോട് കൂട്ടിച്ചേർത്തു.
പിന്നിൽ ഭിന്നശേഷിക്കാരുടെ സീറ്റിലിരിക്കുന്ന പ്രായം ചെന്ന മനുഷ്യൻ എഴുന്നേറ്റ് ബോബിയെ സീറ്റിൽ പിടിച്ചിരുത്തി. കൈവിരലുകൾ ചിതറിപ്പോയ തന്റെ പ്രിയപ്പെട്ട വലംകൈ പൂച്ചക്കുട്ടിയെപോലെ മടിയിൽ ഒളിച്ചു. ബസിലൊരു പഴയ പാട്ടിന്റെ മൊട്ട് വിടർന്നുപരിലസിക്കാൻ തുടങ്ങി.
‘‘ചെമ്പകം മണക്കുന്ന പൂന്തോട്ടം...’’
ഉത്സവം കഴിഞ്ഞ നല്ലാടത്ത് പരദേവതാ ക്ഷേത്രത്തിലെ പൊടിമണ്ണും പാലപ്പൂവും കടല വറുത്തതും മണക്കുന്ന പറമ്പ്. വീണുകിടക്കുന്ന വളപ്പൊട്ടുകളും വർണ ബലൂൺതുണ്ടുകളും പെറുക്കിക്കൊണ്ട് ഇളംതണുപ്പിലൂടെ അവൾക്കൊപ്പം നടന്ന ഒരു മഞ്ഞുകാലത്തെ ഓർത്തെടുക്കുകയാവും മടിയിൽ കിടന്നുകൊണ്ട് ആ വലതുകൈ.
ബോബിക്ക് അത് അത്ര സുഖമുള്ള ഓർമയായിരുന്നില്ല. തലേദിവസം പൊട്ടാതെ ബാക്കി കിടന്ന ഒരു കതിനക്കുറ്റിയെ ശ്രദ്ധയിൽപെടുത്തിയത് അവളാണെങ്കിലും തന്റെ ഉള്ളിലെ അന്നത്തെ ആ വികൃതിപ്പയ്യൻ കതിനക്കുറ്റിയിൽനിന്ന് വിരലുകൊണ്ട് വെടിമരുന്ന് കിളർത്തിയത് മാത്രം ഓർമയുണ്ട്. പിന്നെ ഒരു ഭൂകമ്പമായിരുന്നു. പൊട്ടിയ കതിനയുടെ പൊടിയിലും പുകയിലുംപെട്ട തന്റെ നിലവിളിയിൽ വിറങ്ങലിച്ച കൂട്ടുകാരിയായ കുടുംബക്കാരിയാണ് പ്രഭ. അന്നത്തെ കൊച്ചുകൂട്ടുകാരിയാണ് ഇപ്പോഴും കൂട്ട്.
ഓർമകളെ മുറിവേൽപിച്ചുകൊണ്ട് ബോബിക്കുള്ളിൽ ഭയം പിന്നെയും അനങ്ങിത്തുടങ്ങി. നഗരത്തിന്റെ അപരിചിതമായ ഏതോ കോണിൽനിന്നും മുറിഞ്ഞുമുറിഞ്ഞു കേൾക്കുന്ന ബാങ്കുവിളി, ഓടിക്കൊണ്ടിരിക്കുന്ന ബസിനൊപ്പം ഒഴുകി. ചോരതൂവിയ ഒരു കീറത്തുണി ആരോ വലിച്ചുകൊണ്ടുപോവുമ്പോലെ ആകാശം അഴിഞ്ഞുലഞ്ഞു. പക്ഷികൾ വലയിൽ കുടുങ്ങിയ വരയാൽ കുഞ്ഞുങ്ങളെപ്പോലെ പിടഞ്ഞുപറക്കുന്നു. നിത്യയും നീതുവും സ്‌കൂൾ വിട്ട് വന്നിട്ടുണ്ടാവുമോ. പുറത്ത് ഇരുട്ട് പരക്കുന്നു. ബോബിക്കകത്തും.
ശരിയാവർ ജയിൽചാടിയ വാർത്തയാണ് ബസിൽ ചർച്ച. പ്രഭ ഇതുവരെ തിരിച്ചുവിളിച്ചിട്ടില്ല. വാട്‌സ്ആപ്പിലെ മെസേജ് ഇതുവരെ നോക്കിയില്ല. ബോബി പ്രഭയെ വിളിച്ചുകൊണ്ടേയിരുന്നു. പിന്നാമ്പുറത്തെ വാതിൽ ചിലപ്പോ അവൾ മലർക്കെ തുറന്നിടാറുണ്ട്. ചിലപ്പോഴല്ല പലപ്പോഴും. അത് ശ്രദ്ധയിൽപെടുത്തുമ്പോൾ അവൾ നിസ്സാരകാര്യമാക്കി ഒന്ന് മൂളും. നിസ്സാരമെന്ന് തോന്നുന്ന പല അശ്രദ്ധകളും നിസ്സീമമായ ആപത്തുകളായി മാറിയ എത്ര സന്ദർഭങ്ങളുണ്ട് ലോകത്ത്. ഇതൊക്കെ ആരോട് പറയാൻ.
എത്ര തർക്കങ്ങളും പിണക്കങ്ങളും ഉണ്ടായാലും തങ്ങളുടെ സ്‌നേഹത്തിന് കുറവൊന്നും ഉണ്ടാവാറില്ല. അതൊക്കെ പരസ്പരം നന്നാവാൻതന്നെയാണ്. വാക്കുകൾകൊണ്ട് ഉരസുന്നതും വേദനിപ്പിക്കുന്നതും ജീവിതമൊന്ന് തിളങ്ങിക്കാണാനല്ലാതെ മറ്റെന്തിനാണ്.
ബസ് കൊടുവാ പാലം കഴിഞ്ഞ് തുരുത്തി മുക്കിലെത്തിയപ്പോൾ ബോബിക്കരികിലിരിക്കുന്ന ആൾ ഇറങ്ങി. പകരം നന്നായി മദ്യപിച്ച രണ്ടുപേർ ബസിലേക്ക് കയറി, ഒരാൾ ബോബിയുടെ അടുത്തേക്കുവീണ് ആ ഒഴിവ് നികത്തി. കൈയിൽ തൂക്കിപ്പിടിച്ച നിറയെ മീനുള്ള പ്ലാസ്റ്റിക് സഞ്ചിയിൽനിന്നും മീൻവെള്ളം ബോബിയുടെ മടിയിലേക്ക് ഇറ്റിവീണപ്പോൾ ദേഷ്യം സഹിക്കാനായില്ല. അത് അയാളോട് പ്രകടിപ്പിക്കുകയും ചെയ്തു. അയാളിൽനിന്നുമുണ്ടായ വാട മണംകൂടി അസഹ്യമായപ്പോൾ ബോബിരാജ് എഴുന്നേറ്റ് മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നു. അയാൾ ഒരു നാടകത്തിലെന്നപോലെ പൊട്ടിച്ചിരിച്ചു.
‘‘പേടിത്തൊണ്ടൻ... എടോ അത് കടിക്കില്ല, ചത്ത് പണ്ടാരടങ്ങിയ മീനാണ്.’’ അത് കേട്ടപ്പോൾ രണ്ടാമത്തെ മദ്യപൻ ഒരു ഫിലോസഫി പാടി
‘‘ചത്തവർ കരയിൽ നിശ്ശബ്ദരായി കിടക്കുന്നു. ജീവനുള്ള മനുഷ്യർ വെള്ളത്തിൽ ഒച്ചയുണ്ടാക്കുന്നു.’’ അയാൾ ബോബി എഴുന്നേറ്റ ഒഴിവിലേക്ക് ഇരുന്നു. അവർക്കിടയിൽ ലഹരി മണക്കുന്ന സംസാരങ്ങൾ ഉയർന്നു.
‘‘ശരിയാവർ ജയിൽചാടീന്ന് കേട്ടു. ഇനി പെമ്പിള്ളേർക്ക് സമാധാനമുണ്ടാവോ.’’
മറ്റേയാൾ പല്ലിനിടയിൽ കുടുങ്ങിയ ഒരു ഇറച്ചിത്തുണ്ട് വിരലുകൊണ്ട് ഇറുക്കിയെടുത്ത് ബസിന് പുറത്തേക്ക് തെറിപ്പിച്ചുകൊണ്ട് പറഞ്ഞു,
‘‘ഓനൊരു ഒന്നാന്തരം മൊതലാണെല്ലോ, ഒറ്റക്കയ്യാൽ എന്തെല്ലാം ചെയ്യുന്നു.’’
നായ്ക്കളുടെ കുരയിൽ പേടിച്ചരണ്ട പൂച്ചക്കുട്ടിയെപ്പോലെ ബോബിയുടെ വലതുകൈ മടിയിലേക്ക് പതുങ്ങി. കാണാക്കണ്ണുകൊണ്ട് വലതുകൈ ബോബിരാജിന്റെ കണ്ണിലേക്കു സ്‌നേഹത്തോടെ നോക്കിക്കിടന്നു.
നാലാം ക്ലാസിൽ പഠിക്കുന്ന തന്റെ ഇരട്ടക്കുട്ടികൾ ഇപ്പോൾ എന്ത് ചെയ്യുകയാവും, എല്ലായ്പോഴും മൊബൈലിനുവേണ്ടി തല്ലുകൂടുന്ന അവരെങ്കിലും വാട്‌സ്ആപ് നോക്കേണ്ടതല്ലേ... കല്യാണം കഴിഞ്ഞ് പത്തുവർഷം കാത്തിരുന്ന് കിട്ടിയ മക്കളാണ്. സ്‌നേഹവും സങ്കടവും നിറഞ്ഞ ബോബിക്ക് കരച്ചിൽ വന്നു.
അവളൊന്ന് തിരിച്ചുവിളിച്ചെങ്കിൽ... വൈകല്യമുള്ളതുകൊണ്ടുതന്നെ തന്റെ വലതുകൈക്ക് കൂടുതൽ പരിഗണന അവളെപ്പോഴും നൽകിയിരുന്നു.
‘‘കുട്ടികളാവുന്നതിനു മുമ്പുള്ള വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ രാത്രികളിൽ നിങ്ങളുടെ ഈ കൈ എന്റെ അമ്മിഞ്ഞയുടെ അടിയിൽ നിങ്ങളറിയാതെ ഞാനെടുത്തു വെക്കാറുണ്ട്. പാതിമുറിഞ്ഞ വിരലുകളുള്ള കൈപ്പടം കുഞ്ഞിന്റെ തലയായ് സങ്കൽപിച്ച് ഞാൻ വിരലുകൾ ഓടിക്കും. മുറിഞ്ഞ നിങ്ങളുടെ വിരൽചുണ്ടുകൾ എന്റെ അമ്മിഞ്ഞമൊട്ടുകളിൽ കുഞ്ഞുചുണ്ടുകൾപോലെ മുത്തിക്കുടിക്കുകയാണെന്ന് ഞാൻ സങ്കൽപിക്കും. അപ്പോൾ സത്യമായും ഒരു അമ്മയുടെ നിർവൃതി അനുഭവിക്കാറുണ്ടായിരുന്നു...’’ അവളുടെ സ്‌നേഹം പൊതിഞ്ഞ ശബ്ദം ബോബിയിൽ വിരിഞ്ഞുയർന്നു.
പുറത്തെ വൈദ്യുതി വെളിച്ചത്തിൽ മരങ്ങൾ, കെട്ടിടങ്ങൾ, പാലങ്ങൾ, വാഹനങ്ങൾ, ആരാധനാലയങ്ങൾ എല്ലാം വേഗതയോടെ പിന്നിലേക്ക് മറഞ്ഞ് മാഞ്ഞുകൊണ്ടിരുന്നു. ക്രിസ്മസ് അടുത്തതിനാൽ ചെറുതും വലുതുമായ നക്ഷത്രങ്ങൾ ബസിലേക്ക് നോക്കി കണ്ണിറുക്കുന്നുണ്ട്. പെട്ടെന്ന് അകലെ ആകാശത്തിൽനിന്നും സുന്ദരിയായ ഒരു കുഞ്ഞുതാരകം ബോബിയുടെ കണ്ണിലേക്ക് പൊട്ടിവീണതുപോലെ കണ്ണുകൾ രണ്ടും അടഞ്ഞുതുളുമ്പി. വല്ല പ്രാണിയോ പൊടിയോ വീണതുപോലെ കണ്ണ് വേദനിച്ചു. കണ്ണുതുറക്കാനാവാതെ ബോബി ബുദ്ധിമുട്ടി.
തണുപ്പ് ബസിനുള്ളിലേക്ക് കയറി എല്ലാവരെയും വിറപ്പിച്ചതോടെ വിൻഡോ ഷട്ടറുകൾ ഓരോന്നായി അടയാൻ തുടങ്ങി. റോഡിൽ ബ്ലോക്ക് കാരണം ബസ് ഇപ്പോൾ വളരെ പതുക്കെ മാത്രമാണ് മുന്നോട്ടുനീങ്ങുന്നത്. പെട്ടെന്ന് ബസിലേക്ക് ആരോഗ്യവാനായ ഒരാൾ ഓടിക്കയറി. പിന്നിലെ ഒരു ഒഴിഞ്ഞ സീറ്റിൽ വന്നുവീണു എന്ന് പറയുന്നതാവും ശരി. അയാൾക്ക് ഓടിയതിന്റെ നല്ല കിതപ്പുണ്ടെങ്കിലും അത് മറച്ചുവെക്കാൻ ശ്രമിക്കുന്നുണ്ട്. ഷർട്ടിനു മുകളിലിട്ട മിനുത്ത കോട്ടിൽനിന്നും ഒരു കൂളിങ് ഗ്ലാസ് എടുത്തുവെച്ച് കണ്ണിലെ പരിഭ്രമത്തെ മറച്ചു.
ബസ് മുന്നോട്ടേക്ക് പോവാൻ ഒന്നനങ്ങിയ ഉടൻ തല്ലുകൂടി കലിമൂത്ത പൂച്ചയെപ്പോലെ ഒരു പോലീസ് ജീപ്പ് ബസിന് കുറുകെ ചാടിനിന്നു. മുരണ്ടുകൊണ്ട് നിന്ന ബസിന്റെ മുൻവാതിൽ തുറന്നുകൊണ്ട് രണ്ട് പോലീസുകാരും നിറഞ്ഞ കണ്ണുമായി ഇരുപത് വയസ്സ് തോന്നിപ്പിക്കുന്ന ഒരു പെൺകുട്ടിയും ബസിലേക്ക് കയറി. പെൺകുട്ടി ഓരോ സീറ്റിലെയും പുരുഷന്മാരുടെ കണ്ണുകളിലേക്ക് തുറിച്ചുനോക്കിക്കൊണ്ട് പോലീസുകാരനൊപ്പം ബസിലെ മുൻവശത്തെ വാതിലിനരികിൽനിന്നും പിന്നിലേക്ക് നടന്നുവരുന്നു. സീറ്റിലിരുന്ന ഓരോരുത്തരുടെയും കണ്ണിൽ പേടിയുടെ ചെറിയൊരു പിടച്ചിൽ പുറത്തുകാണാം.
ബോബിരാജ് പെൺകുട്ടിയെ നോക്കി ഞെളിഞ്ഞിരുന്നെങ്കിലും പെൺകുട്ടി കുറച്ചുസമയം അയാളുടെ കണ്ണിൽതന്നെ നോക്കിക്കൊണ്ട് പോലീസുകാരനെ നോക്കിയപ്പോൾ ശരിക്കും ഭയന്നു. ആ സമയം ബസിലെ മുഴുവൻ ആണുങ്ങളുടെ ജീവിതവും അവളുടെ കൈപ്പിടിയിലാണ്. അവൾ ആരെ ചൂണ്ടിക്കാണിക്കുന്നുവോ അയാളെയുംകൊണ്ട് പോലീസുകാരൻ പോവാൻ സാധ്യതയുണ്ടെന്ന് ബോബിക്ക് തോന്നി. പിന്നിൽ കൂളിങ് ഗ്ലാസ് വെച്ചയാളെ ചൂണ്ടിക്കാണിച്ച് പെൺകുട്ടി വിതുമ്പി,
‘‘സാർ ഇയാളെ പോലെ ഉണ്ടായിരുന്നു.’’
ഒട്ടും കൂസലില്ലാതെ അയാൾ മൊബൈലിലേക്ക് തല താഴ്ത്തിയിരുന്നു. പോലീസുകാരൻ അയാളെ തട്ടിവിളിച്ചു.
‘‘എവിടുത്തേക്കാ?’’
കണ്ണട ഒന്നുകൂടി ഉറപ്പിച്ച അയാൾ ചിരി മുഖത്ത് വരുത്തി പറഞ്ഞു,
‘‘ആലുവ.’’
പോലീസുകാരന് അയാളുടെ പ്രതികരണം അത്ര രസിച്ചില്ല
‘‘ടിക്കറ്റെടുക്ക്.’’
പെെട്ടന്ന് കണ്ടക്ടർ ചാടിവീണു
‘‘ടിക്കറ്റ് കൊടുത്തതാണ് സർ. കണ്ണൂരിൽനിന്ന് കയറിയതാണ് സാർ.’’
ബോബിക്ക് ഒന്നും മനസ്സിലാവുന്നില്ല. തന്റെ മുന്നിലൂടെ ചാടിക്കിതച്ച് സീറ്റിലിരുന്ന അയാളെപ്പറ്റിത്തെന്നയല്ലേ കണ്ടക്ടർ പറയുന്നത് എന്ന് സംശയമായി. താൻ കണ്ട സത്യം ബോബിക്ക് ഉറക്കെ പറയാൻ തോന്നിയെങ്കിലും അടുത്തുള്ളവരൊക്കെ അയാൾ നേരത്തേ ബസിലുണ്ടായിരുന്നുവെന്ന് ഉറപ്പിച്ചിരുന്നു. പെൺകുട്ടിയുടെ കണ്ണ് നിറഞ്ഞുചുവന്നു.
‘‘ഇയാള് തന്നെയാണ് സാർ.’’
പോലീസ്‌കാരന് മുഖത്ത് ചെറിയൊരു പുച്ഛം
‘‘തെളിവില്ലല്ലോ താര. ബസിലെ ഇത്രേം പേര് അയാൾക്കൊപ്പം നിൽക്കുമ്പോ കുട്ടി പറയുന്നത് എങ്ങനെ ശരിയാവും.’’ മുന്നിലെ സീറ്റിൽനിന്നും തലനരച്ച ഒരു സ്ത്രീ ‘‘മോളേ... മോൾക്ക് ഒന്നും പറ്റിയില്ലല്ലോ... മാന്യനായ ഒരു ചെറുപ്പക്കാരനെ ഇങ്ങനെ അപമാനിക്കുന്ന നീയൊന്നും കൊണം പിടിക്കത്തില്ല. പെണ്ണായാൽ ഇത്തിരി അടക്കം വേണം.’’
പിന്നിൽനിന്നും ഒരു ചെറുപ്പക്കാരൻ ‘‘സംശയമുള്ളയാളെ പിടിച്ചിറക്കി ബസ് ഒഴിവാക്ക് സാറേ... യാത്രക്കാരെ ബുദ്ധിമുട്ടിക്കല്ലേ.’’
അരികിലെ സീറ്റിൽ അതുവരെ ഫോണിലായിരുന്ന മറ്റൊരാൾ.
‘‘കുട്ടിക്ക് അയാളാണെന്ന് തോന്നുന്നു എന്നേ പറയുന്നുള്ളൂ. ഉറപ്പില്ല.’’
വേറൊരു യാത്രക്കാരൻ ‘‘ചിലപ്പോ തോന്നിയതാവും. ഈ പ്രായത്തിൽ പെൺകുട്ടികൾക്ക് പലതും തോന്നും.’’
വേഷംകൊണ്ട് രാഷ്ടീയക്കാരനെപ്പോലെ തോന്നുന്ന ഒരാൾ ഉറക്കച്ചടവോടെ ‘‘എന്തായാലും കുട്ടിയുടെ ഭാഗത്തും തെറ്റുണ്ട്. രാത്രി 9ന് ശേഷം വീടിനുപുറത്ത് ഒറ്റക്ക് ഇറങ്ങിയത് ശരിയായില്ല.’’
താര പൊട്ടിത്തെറിച്ചു
‘‘വന്യമൃഗങ്ങളുള്ള കാടല്ലല്ലോ സാർ, ഇത് എന്റെ നാടല്ലേ.’’
ബസിൽ പതുക്കെയുള്ള സംസാരങ്ങൾ അവിടവിടെ ഉയർന്നു.
‘‘കുട്ടിക്ക് ചെറിയൊരു നൊസ്സുണ്ട്. ഇനി മെന്റൽ ഹോസ്പിറ്റലിൽനിന്നും ചാടിയതാവുമോ?’’
പോലീസുകാരൻ ബസിൽനിന്ന് പെൺകുട്ടിയോട് ഇറങ്ങാൻ ആംഗ്യംകാണിച്ചപ്പോൾ അവൾ നിലവിളിച്ചുകൊണ്ട് പറഞ്ഞു:
‘‘ഇയാള് തന്നെയാണ് സാർ. ഇയാള് തന്നെ.’’
പോലീസുകാരന് അരിശം കേറി.
‘‘പിച്ചും പേയും പറയാതെ ബസിൽന്ന് ഇറങ്ങ്.’’
മറ്റേ പോലീസുകാരൻ, ‘‘തെളിവ്വില്ലാതെ ആരേം അറസ്റ്റ് ചെയ്യാനാവൂല മാഡം.’’
മറ്റൊരു ചെറുപ്പക്കാരൻ, ‘‘കുട്ടിയെ ഇയാൾ എന്താണ് ചെയ്തതെന്ന് വിശദീകരിക്കാമോ?’’
താരയുടെ തിളക്കുന്ന നോട്ടത്തിൽ അയാൾ ഒന്ന് പൊള്ളി എഴുന്നേറ്റു.
പോലീസുകാരൻ, ‘‘സി.സി.ടി.വി ആ ഭാഗത്ത് ഇല്ല. ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട.’’
സീറ്റിൽ കുനിഞ്ഞിരുന്ന ഒരാൾ പതുക്കെ പറയുന്നത് കേട്ടു.
‘‘ആ സമയത്ത് ആരെങ്കിലും മൊൈബലിൽ പകർത്തിയിട്ടുണ്ടാവും. നാളെ മുതലുള്ള ഏതെങ്കിലും റീൽസ് ചെക്ക് ചെയ്താൽ കിട്ടും.’’
ഒരു മധ്യവയസ്‌കൻ അശ്ലീല പുഞ്ചിരിയുമായി വായ തുറന്നു,
‘‘ഇനി ഒന്നും കിട്ടിയില്ലെങ്കിൽ കുട്ടി മുമ്പ് പീഡിപ്പിക്കപ്പെട്ട ഏതെങ്കിലും പീസ് കയ്യിലുണ്ടെങ്കിൽ കോടതിയിൽ അത് മതിയാവും. നല്ലൊരു തെളിവാണ്.’’
അയാൾക്കൊപ്പം എല്ലാവരും പൊട്ടിച്ചിരിച്ചു. വീടിനെ കുറിച്ചുള്ള ചിന്തയിലാണ്ട ബോബി കാര്യമെന്തെന്ന് മനസ്സിലാവാതെ ചിരിക്കാൻ ശ്രമിച്ചു. മുഖം തണുപ്പുകൊണ്ട് മരവിച്ചത് പോലെയായതിനാൽ വലിഞ്ഞുമുറുകിയ ഒരു പുഞ്ചിരി തെളിഞ്ഞു. ബസ് ഒരു വളവിലേക്ക് തിരിച്ചുകൊണ്ട് ഡ്രൈവർ തിരിഞ്ഞുനോക്കി. ബോബിരാജ് ആ മുഖം തിരിച്ചറിഞ്ഞ് ശരിക്കുമൊന്ന് വിരണ്ടു. ശരിയാവരുടെ അതേ മുഖം. എല്ലാവരുടെ ചിരി അടങ്ങിയിട്ടും താരയുടെ പേടിപ്പെടുത്തുന്ന പൊട്ടിച്ചിരിയിൽ ബസ് കുലുങ്ങി.
താരയുടെ കയ്യിൽ പെെട്ടന്ന് പ്രത്യക്ഷപ്പെട്ടതുപോലെ ഒരു പെൻഡ്രൈവ് പ്രകാശിച്ചു. അവളുടെ വിങ്ങിവീർത്ത ശബ്ദം ഒരു ചെമ്പുകുടത്തിൽ നിന്നെന്നപോലെ ബസിലുയർന്നു.
‘‘മുൻപ് സംഭവിച്ച ക്രൂരമായ പീഡന ദൃശ്യം ഇതിലുണ്ട്. എല്ലാരും കണ്ട് ബോധ്യമായെങ്കിൽ ബഹുമാനപ്പെട്ട പോലീസ് ഇയാളെ അറസ്റ്റ് ചെയ്യണം.’’ പെൻഡ്രൈവു പോലെയുള്ള ഒരു സ്റ്റീൽതുണ്ട് താര ബസിലെ പ്രകാശത്തിലേക്ക് എറിഞ്ഞു.
ആർത്തിയും ആസക്തിയും വിടർന്ന നോട്ടങ്ങളുമായി യാത്രക്കാരുടെ ശ്വാസം ഒരു ശീൽക്കാര ശബ്ദമായി പത്തിവിടർത്തുന്നതു കണ്ടും കേട്ടും താര ബസിറങ്ങി നടന്നു.
കൂർക്കം വലിച്ചുറങ്ങുന്ന ബോബിക്കുള്ളിൽ കണ്ണീരിൽ നനഞ്ഞു പൊതിർന്ന ഒരു പെൺകുട്ടി ഇരുട്ടിലൂടെ നടന്നകലുന്നു.
പെെട്ടന്നുണ്ടായ ഒരു സ്‌ഫോടനശബ്ദത്തോടെ കീശയിലെ മൊബൈൽ റിങ് ചെയ്തപ്പോൾ ധൃതിയിൽ ഉണർന്ന് ഉറക്കച്ചടവോടെയെങ്കിലും പ്രഭയായിരിക്കും എന്ന സന്തോഷത്തോടെ മൊബൈൽ നോക്കി, അപരിചിതമായ നമ്പറാണ്... നിരാശയോടെ ‘ഹലോ... ആരാണ്...’’ എന്ന് ചോദിച്ചതും അങ്ങേതലക്കലിൽനിന്ന് ഒരു നിലവിളിയാണ്...
‘‘പ്രഭേ നിന്റെ മൊബൈലിനെന്തുപറ്റി’’ എന്ന് ബോബിരാജ് ചോദിച്ചതും
‘‘എന്നെക്കൊണ്ട് ഇനിയും പറയിപ്പിക്കല്ലേ ബോബിയേട്ടാ’’
എന്ന ഒറ്റ മറുപടിയിൽ ബോബിയുടെ ഉറക്കമകന്നു ബുദ്ധി തെളിഞ്ഞു.
മൊബൈലിന്റെ ചെറിയ ഒരു തകരാറ് പരിഹരിക്കാനായി തലേദിവസം താൻതന്നെയാണ് പ്രഭയോട് വാങ്ങി ബേഗിൽ വെച്ചത്. രാത്രിയും രാവിലെയും തുടങ്ങിയ സ്‌നേഹശീതസമരത്തിലും ദാമ്പത്യയുദ്ധത്തിനുമിടയിൽ ആ കാര്യമങ്ങ് മറന്നതാണ്. അതിന്റെ ദുരിതഫലം പുലരുവോളം രണ്ടാളും അനുഭവിച്ചു.
തന്റെ ബേഗിൽ ഒച്ചപ്പാടുണ്ടാക്കാതെ അടങ്ങിക്കിടന്ന പ്രഭയുടെ മൊബൈൽ വർധിച്ച കുറ്റബോധത്തോടെ ബോബിരാജ് എടുത്തുനോക്കി. 24 മിസ്ഡ് കോൾ. അതിൽ പതിനാലെണ്ണം ‘ബോബിയേട്ടന്റേത്’ ബാക്കി പത്തെണ്ണം ഒരു താരയുടേത്. ഇപ്പോഴും താൻ സ്വപ്നത്തിൽ തന്നെയാണോയെന്ന് ഉറപ്പുവരുത്താൻ വലതുകൈ നുള്ളി നോക്കി.
എറണാകുളം ബസ് സ്റ്റാൻഡിലേക്ക് ഏറ്റവും ഒടുവിൽ ഇറങ്ങിയത് ബോബി ആയിരുന്നു. അയാൾ അകലെ ആകാശത്തേക്ക് നോക്കുമ്പോൾ സ്വപ്നത്തിന്റെ ബാക്കിപോലെ ഉദിച്ചുവരുന്ന സൂര്യനു നേരെ നടന്നുപോകുന്ന താര എന്ന പെൺകുട്ടിയിൽ ഒരു പ്രഭാവലയം കാണുന്നതുപോലെ തോന്നി. സ്വപ്നത്തിന്റെയും യാഥാർഥ്യത്തിന്റെയും ഇടയിൽ തൂങ്ങിനിൽക്കുന്ന ഉറക്കിന്റെ ഒരു നേർത്തപാട അമർത്തിത്തുടച്ച തൂവാലത്തുണ്ട് ബാഗിലേക്ക് തിരുകി തട്ടുകടയിൽനിന്ന് ഒരു കട്ടന് ഓർഡർ കൊടുത്ത് താനിറങ്ങിയ ബസ് നിർത്തിയിട്ട ഭാഗത്തേക്ക് നോക്കി. ഒരു ഉഗ്രസ്‌ഫോടനത്തിൽ കത്തിയെരിയുന്നതുപോലെ ബസിന്റെ ഇരുണ്ട നിഴൽചിത്രം അപ്പോൾ സൂര്യൻ ഭംഗിയിൽ വരക്കുകയായിരുന്നു.
ബോബി കട്ടൻചായ ചുണ്ടോട് അടുപ്പിക്കുമ്പോൾ പ്രഭയുടെ മൊബൈലിൽ വെളിച്ചം വീണ്ടും തെളിഞ്ഞു. തനിക്ക് അപരിചിതയായ ഒരു ‘താര’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.