ഇടതുകൈകൊണ്ട് അടിവയർ താങ്ങി മെല്ലെ നടന്ന് പിൻനിരയിലെ ബെഞ്ചിന്റെ ജനാലയോട് ചേർന്ന വശത്ത് മായ ചാഞ്ഞിരുന്നു. സമ്മാനമായി ലഭിച്ച ശിൽപം വയറിൽ ചേർത്തുവെച്ച് കണ്ണടച്ചപ്പോൾ പൊക്കിളിന്റെ ഒരുവശത്തുനിന്ന് മറുവശത്തേക്ക് ജീവന്റെ തുടിപ്പ് നീങ്ങുന്നതായി അവൾക്ക് തോന്നി. സമ്മാനിതരുടെ പേരുവിവരം മൈക്കിലൂടെ വിളിച്ചുപറയുന്നതും കരഘോഷം തുടരുന്നതും അവൾ അറിഞ്ഞില്ല. വ്യാകുലമാതാവിന്റെ മനോവ്യാപാരമായിരുന്നു ഒന്നാം സ്ഥാനം കിട്ടിയ ‘സപ്ത സന്താപങ്ങളുടെ അമ്മ’ എന്ന അവളുടെ കവിത.
അനന്തമായ ആശുപത്രിവാസവും വയറും താങ്ങിപ്പിടിച്ചുള്ള നടപ്പും അവളെ വല്ലാതെ മടുപ്പിച്ചിരുന്നു. ഉള്ളിൽ പ്രാണൻ തുടിച്ച നിമിഷം മുതൽ നട്ടുച്ചവെയിലിന്റെ നിറമുള്ള ഏകാന്തത പിടികൂടിയതാണ്. ഇടക്കിടക്ക് ചുഴലിക്കാറ്റടിക്കും പോലെ അടിവയറ്റിൽ ആന്തൽ ചുറ്റിപ്പറന്നു. മരുഭൂമിയിൽ ഒറ്റപ്പെട്ടതുപോലെ പരിഭ്രമിച്ച അവളെ മനസ്സിലാകായ്മകളുടെ നെഞ്ചെരിപ്പും ഛർദിയും കടന്നു പിടിച്ചു. പുരുഷസാമീപ്യത്തെയും കൂട്ടിനെയും കുറിച്ച് എത്രയെത്ര കിനാവുകൾ കണ്ടതാണ്. ഒരുപാടൊരുപാട് പറയാനും കേൾക്കാനുമുണ്ടായിരുന്നു. നെറ്റിയിൽ ഒരു ചുംബനത്തിനപ്പുറം ആദ്യരാത്രിയിൽ മറ്റൊന്നും പ്രതീക്ഷിച്ചതുമല്ല. പക്ഷേ... അടുത്തുപരിചയപ്പെട്ട ഒരാളെയേ വിവാഹം കഴിക്കുകയുള്ളൂ എന്ന അവളുടെ ആഗ്രഹംപോലും ആരും ചെവിക്കൊണ്ടില്ല.
ആദ്യരാത്രിയിൽ അവളുടെ ശരീരവടിവിനെക്കുറിച്ച് അടക്കിയ സ്വരത്തിൽ കൊതിയോടെ ഭർത്താവ് പറഞ്ഞപ്പോൾ മായ പകച്ചുപോയി. ആ രാത്രി അകംപുറം നീറിയാണവൾ നിരാശയോടെ കണ്ണടച്ചു തേങ്ങൽ വിഴുങ്ങി തിരിഞ്ഞുകിടന്നത്. പാതിരാത്രി കഴിഞ്ഞ് വിജയിയെപ്പോലെ ഉറങ്ങിയ ഭർത്താവിന്റെ നേർത്ത കൂർക്കംവലിയും വിയർപ്പിന്റെയും പൗഡറിന്റെയും കുഴഞ്ഞ ഗന്ധവും അവളെ അസ്വസ്ഥപ്പെടുത്തി. മനുഷ്യവാസമില്ലാത്ത തുരുത്തിൽ ഒറ്റപ്പെട്ടതുപോലെ മായ ശബ്ദമടക്കി കരഞ്ഞു.
വിവാഹം കഴിഞ്ഞ് രണ്ടര മൂന്ന് മണിക്കൂർ കാറിൽ ശ്വാസം പിടിച്ചിരുന്ന് യാത്രചെയ്തപ്പോൾ മുതലാണ് അവളിൽ ആധി കുമിളപൊട്ടാൻ തുടങ്ങിയത്. മനസ്സടക്കിപ്പിടിച്ചിരുന്ന അവളോട് മുൻ സീറ്റിലിരുന്ന പ്രായം ചെന്നയാൾ ഇടതടവില്ലാതെ പലതും ഉറക്കെ ചോദിക്കുകയും പറയുകയും ചെയ്തു. ഇത്രയും ഒച്ചയെടുക്കുന്നതെന്തിനാണ്? മനുഷ്യന് സംസാരശേഷി ഇല്ലാതിരുന്നെങ്കിലെന്നവൾ അന്നേരം ആഗ്രഹിച്ചുപോയി. കതിർമണ്ഡപത്തിൽനിന്ന് ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നതായിരിക്കും ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ദീർഘയാത്രയെന്ന് അവൾക്ക് തോന്നി. അന്നുവരെയുള്ള ലോകവും ജീവിതവും കാലവും പിന്നിലുപേക്ഷിച്ചുള്ള പലായനം.
അപരിചിതമായ വീട്ടിൽ ചുറ്റിലും കൂടിനിൽക്കുന്നവരുടെ ചുഴിഞ്ഞ നോട്ടങ്ങൾക്ക് നടുവിലൂടെ നിലവിളക്കും പിടിച്ചു കയറിയപ്പോളുയർന്ന അടക്കിച്ചിരികളും കളിയാക്കലുകളും അവളെ പരിഭ്രമിപ്പിച്ചു. മുഖം നീട്ടി കിടപ്പുമുറി കാട്ടിക്കൊടുത്ത മുതിർന്ന സ്ത്രീയുടെ അശ്ലീലച്ചിരിയവളെ പൊള്ളിച്ചു. ഭാരംകൂടിയ വസ്ത്രം മാറാനായി, പെയിന്റ് മണമുള്ള മുറിയിൽ ഒറ്റക്കാകാൻ ഏറെ സമയമെടുത്തു. ഒടുവിൽ നിലക്കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ ജീവിതത്തിൽ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരാൾ പ്രതിബിംബമായി നിൽക്കുന്നത് അങ്കലാപ്പോടെയവൾ കണ്ടു. മെറൂൺനിറത്തിലുള്ള പട്ടുസാരി, തിളങ്ങുന്ന സ്വർണാഭരണങ്ങൾ, മുടിക്കെട്ടും ചമയവും ഒന്നും തനിക്ക് പരിചയമില്ലാത്തത്. താൻതന്നെയാണോ ഇങ്ങനെ താഴിട്ട മുറിയിൽ ഉലഞ്ഞു നിൽക്കുന്നതെന്ന ചിന്ത കൊള്ളിയാനായി മിന്നി.
വിവാഹത്തലേന്ന് എല്ലാ പെൺകുട്ടികളും തന്നെപ്പോലെ പാതിരാത്രി കഴിയുവോളം ഉറങ്ങാതെ കിടക്കുകയും പുലർച്ചെ എന്തോ നിലത്തു വീഴുന്ന ശബ്ദംകേട്ട് ഞെട്ടിയുണരുകയും യാന്ത്രികമായി ചലിക്കുകയും ഒടുവിലിങ്ങനെ അപരിചിതമായ മുറിയിലെ ആൾക്കണ്ണാടിയുടെ മുന്നിൽ മിഴിച്ചുനിൽക്കുകയും ചെയ്യുമോയെന്നവൾ സംശയിച്ചു. ദീർഘനിശ്വാസത്തോടെയവൾ മുറിയാകെ നോക്കി. താൻ സങ്കൽപിച്ചതുപോലെയുള്ള വാർഡ്രോബോ മേശയും കസേരയുമോ കിടക്കയോ ആയിരുന്നില്ല. ചുവപ്പും മഞ്ഞയും പൂക്കളുള്ള കിടക്കവിരിക്ക് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത നിറക്കൂട്ട്. അസാധാരണ വലുപ്പത്തിലുള്ള രണ്ട് വീർത്ത തലയിണകൾ അകന്നുകിടക്കുന്നു. മുറിയിൽ തേച്ചിരുന്ന ചായത്തിന്റെ നിറവും തീരെ ഇഷ്ടപ്പെട്ടില്ല. തന്റെ മുറിയും കിടക്കയുടെ പകുതി പകുത്തെടുത്ത പുസ്തകങ്ങളും ജനാല തുറന്നാൽ കാണുന്ന മഞ്ഞ നിറമുള്ള അടുക്കുചെമ്പരത്തി പൂക്കളും അവൾക്കോർമ വന്നു. അലങ്കരിച്ച കല്യാണക്കാറിലിരുന്ന് യാത്രപറഞ്ഞതും നിറകണ്ണോടെ നിന്ന അച്ഛനെയും കരച്ചിലടക്കുന്ന അമ്മയെയും വിഷമച്ചിരിയോടെ കൂട്ടുകാരുടെ ഇടയിൽനിന്ന ജ്യേഷ്ഠനെയും ഓർത്തു.
മൂന്നുമാസം മുമ്പ് രണ്ടു ചങ്ങാതിമാരെയും കൂട്ടി വീട്ടിൽ വന്ന ഒരാൾ ഇത്രവേഗം തന്റെ ജീവിതപങ്കാളിയായി തീരുമെന്നവൾ കരുതിയതേയില്ല. നാലഞ്ച് തവണയേ നേരിൽ കണ്ടിട്ടുള്ളൂ. ഫോണിൽ സംസാരിച്ചപ്പോഴൊക്കെ സ്വന്തം കാര്യങ്ങളെക്കുറിച്ച് പറഞ്ഞ അയാൾ അവളെക്കുറിച്ചൊന്നും ചോദിച്ചില്ല. കഴിഞ്ഞ കാലത്തെക്കുറിച്ചും വരാനിരിക്കുന്ന കാലത്തെക്കുറിച്ചും പറയുന്ന അയാൾക്ക് വർത്തമാനകാലം ഇല്ലായിരുന്നു. വിദൂരമായ എവിടെയോ എത്തിച്ചേരാനുള്ള ദീർഘദൂരസഞ്ചാരിയുടെ അനാവശ്യ തിടുക്കം അയാൾക്കെപ്പോഴുമുണ്ടായിരുന്നു. അലസമായി തടാകക്കരയിലെ താണ വെയിലേറ്റിരിക്കുന്നയാളിന്റെ സാവകാശമായിരുന്നു അവൾക്കിഷ്ടം.
ഫാനിന്റെ ചെറിയ മുരൾച്ച തുമ്പിക്കൂട്ടംപോലെ മൂളിപ്പറന്ന് മറ്റെല്ലാ ശബ്ദങ്ങൾക്കു മീതേ നിറയുമ്പോലെ തോന്നിയതു മുതലാണ് അവൾ മുറിയടച്ച് തലയിണകൾകൊണ്ട് ചെവി പൊത്തി കണ്ണുകൾ ഇറുകെ പൂട്ടി കമിഴ്ന്ന് കിടക്കാൻ തുടങ്ങിയത്. ആ കിടപ്പിൽനിന്ന് ശ്വാസംമുട്ടലോടെ ചുമച്ചുചുമച്ച് എഴുന്നേൽക്കുമ്പോൾ ചെവി തുളച്ച് ശബ്ദച്ചീളുകൾ പാഞ്ഞുകയറും. പിന്നെയും ചെവി പൊത്തി കിടക്കും. കതകിൽ മുട്ടിവിളിക്കുന്ന ശബ്ദം ഉഗ്രസ്ഫോടനം പോലെയവളെ ഭയപ്പെടുത്തി. ഉള്ളിലെ തുടിപ്പിന് മൂന്നുമാസമായപ്പോഴേക്കും തീരെ ചെറിയ ശബ്ദങ്ങൾപോലും താങ്ങാനാവാത്തവിധം അവൾ ദുർബലയായി. ഗന്ധങ്ങളിലേറെയും തലച്ചോറിൽ ഭൂകമ്പം സൃഷ്ടിച്ചു. നിറങ്ങൾ പലതും ഭയപ്പെടുത്തി. ഏറ്റവും ഇഷ്ടപ്പെട്ട പിച്ചിപ്പൂവിന്റെ മണം ഭർത്താവിന്റെ ഗന്ധം പോലെ അവൾ വെറുത്തു. ഈ പ്രപഞ്ചം ഇത്രയധികം കഠിനശബ്ദങ്ങളും രൂക്ഷഗന്ധങ്ങളും അലോസരപ്പെടുത്തുന്ന കടുംനിറങ്ങളും നിറഞ്ഞതാണോയെന്നവൾ സംഭ്രമിച്ചു. ചിത്രശലഭം പൂക്കളെ വെറുത്തു. പുഴ ഒഴുക്കിനെ ശപിച്ചു.
‘‘ഞങ്ങളൊക്കെ രണ്ടും മൂന്നും പ്രസവിച്ചതല്ലേ മോളേ. നീയെപ്പോഴും ചിന്തിച്ചോണ്ടിരിക്കുന്നതു കൊണ്ടാ ചുമ്മാ ഓരോന്ന് തോന്നുന്നത്. അതൊക്കെയങ്ങ് പോകും” ഒരാൾക്കുള്ളതു പോലെയല്ല മറ്റൊരാൾക്കുള്ള പ്രശ്നമെന്ന് അമ്മയോട് മറുപടി പറഞ്ഞിട്ട് പ്രയോജനമില്ലെന്ന് അവൾക്കറിയാമായിരുന്നു. ശാരീരികബന്ധമെന്നത് മാനസികബന്ധമാണെന്ന തിരിച്ചറിവെങ്കിലും തന്റെ ഭർത്താവിനുണ്ടാകുമോയെന്നറിയാൻ അവൾ ഒരു ശ്രമംകൂടി നടത്തി.
‘‘കല്യാണം കഴിഞ്ഞ നാളുകളിൽ അച്ഛൻ എങ്ങനെയായിരുന്നു?”
മറുപടിയായി അമ്മ പാലിച്ച നിശ്ശബ്ദത അവളെ തുടർന്നുള്ള ചോദ്യങ്ങളിൽനിന്ന് വിലക്കി.
ആർക്കും ആരോടും സ്നേഹമൊന്നുമില്ല. ആനുകൂല്യങ്ങൾക്കായി ഓരോരുത്തർ പ്രകടിപ്പിക്കുന്ന നാട്യത്തെ സ്നേഹമെന്ന് തെറ്റിദ്ധരിക്കുന്നതാണെന്നും അവൾക്ക് തോന്നി.
രണ്ടാൾക്ക് എത്രനേരം വേണമെങ്കിലും കാര്യങ്ങളൊന്നുമില്ലാതെ തമ്മിൽ സംസാരിച്ചിരിക്കാൻ കഴിയുമ്പോഴാണ് ഇഷ്ടം ഉണ്ടാകുന്നതും ഉറക്കുന്നതും. അത് അപൂർവമായേ സ്നേഹമായും അത്യപൂർവമായേ പ്രണയമായും മാറൂ എന്നും അവൾ കരുതി.
ആർക്കും താനുദ്ദേശിക്കുന്നതും ആഗ്രഹിക്കുന്നതും മനസ്സിലാകുന്നില്ല. തന്നെ മനസ്സിലാക്കുന്ന ഒരാളെയെങ്കിലും കണ്ടെത്താനായെങ്കിൽ തനിക്കെത്രമാത്രം വിശേഷങ്ങൾ പറയാനും സ്വപ്നങ്ങൾ പങ്കുവെക്കാനുമുണ്ടായിരുന്നു. സ്നേഹമുള്ള ഒരാളിന്റെ അരികിലിരുന്ന് ഉള്ളുതുറന്ന് ചിരിക്കുംപോലെ, ദീർഘനേരം ആലിംഗനം ചെയ്യുന്നതുപോലെ, തൊട്ടുതൊട്ടിരുന്ന് കടൽ കാണുന്നതുപോലെ മനോഹരമായ നിമിഷങ്ങൾ മറ്റെന്താണുള്ളത്. കടൽത്തീരത്ത് കൈകോർത്തിരുന്ന് ഒരേ മനസ്സോടെ അസ്തമയം കാണാനാവുന്ന ഒരാൾക്ക് മാത്രമേ നല്ല സുഹൃത്തായി മാറാനാകൂ എന്നത് അവളുടെ കണ്ടുപിടിത്തമായിരുന്നു.
തീരാത്ത സംശയങ്ങൾ അവളുടെ വീർത്ത വയറിൽ ചുവന്ന രേഖകൾ വരച്ചു. ‘നിനക്ക് മാത്രമെന്താ ഇത്രയധികം സംസാരിക്കാനുള്ളത്’ എന്ന ഭർത്താവിന്റെ അലോസരം അവൾക്ക് തികട്ടിവന്നു. ഒരു കാലത്തും താൻ അധികം സംസാരിക്കുന്ന ആളായിരുന്നില്ല. പക്ഷേ, സ്നേഹമുള്ളവരോട് എത്ര മിണ്ടിയാലും മതിവരില്ലായിരുന്നു.
ആശുപത്രി മുറ്റത്തെ വലിയ വൃക്ഷത്തലപ്പത്തിരുന്ന ചില ഉറങ്ങാത്ത പക്ഷികൾ രാത്രി വൈകിയും അസ്വസ്ഥതയോടെ ചിലക്കുന്നത് അവൾ പതിവുപോലെ കേട്ടു. ഉറക്കമില്ലാതെ ഏകാന്തതയുടെ കൊടുമുടി കയറുന്നത് മനുഷ്യർ മാത്രമല്ലെന്നും പക്ഷികളും മൃഗങ്ങളും വൃക്ഷങ്ങളും ആ പ്രാണസഞ്ചാരം നടത്തുന്നവരാണെന്നും അവൾക്കറിയാമായിരുന്നു. അവളുടെ വീട്ടിലെ കിടപ്പുമുറിയുടെ പടിഞ്ഞാറു വശത്തെ മുറ്റത്തുണ്ടായിരുന്ന അടുക്കുചെമ്പരത്തി എത്രയോ രാത്രികളിൽ ഉറങ്ങാനാവാതെ വിമ്മിട്ടപ്പെടുന്നത് അവൾ കണ്ടിട്ടുള്ളതാണ്. കുനിഞ്ഞ ശാഖകളിൽ നിറയെ മഞ്ഞപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോഴും ചെമ്പരത്തിച്ചെടി അകാരണ അസ്വസ്ഥതകളാൽ നൊന്തുനിൽക്കുന്നത് അവൾക്കു മാത്രമേ മനസ്സിലായുള്ളൂ.
മായ പഴയകാലത്തിന്റെ വഴുക്കൻ പടവുകളിറങ്ങി. ഓർമകൾ പലതും തന്നിൽ നിന്നു അടർന്നു പോയിട്ടുണ്ടാകുമെന്ന് അവളും ഊഹിച്ചു. പക്ഷേ; ഗർഭാരംഭകാലത്തിന് ശേഷമുള്ള കുറച്ചുകാലം ഓർമയിൽനിന്ന് പൂർണമായും മാഞ്ഞുപോയെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അവൾക്ക് അതിശയം തോന്നി. ഓരോ നിമിഷവും എണ്ണിയെണ്ണി കഴിച്ചു കൂട്ടുന്ന ഗർഭിണിയുടെ അശാന്തദിനങ്ങൾ മറക്കാനാവില്ലെന്ന് പറഞ്ഞാൽ ഒരു പുരുഷന് മനസ്സിലാവില്ല.
ഒരു പെൺകുട്ടിക്ക് ആദ്യം തോന്നിയ പ്രണയത്തിന്റെ നിശ്ശബ്ദനൊമ്പരത്തിന്റെ പൊരുൾ ആണിന് മനസ്സിലാകില്ല. പറയാനും പറന്നുയരാനും കഴിയാതെ പോയ പ്രണയത്തിന്റെ വിഷാദകണങ്ങൾ എല്ലാ സ്ത്രീകളുടെയും മനസ്സിന്റെ നിശ്ശബ്ദ താഴ്‌വാരങ്ങളിൽ നിരന്തരം അലഞ്ഞു കൊണ്ടേയിരിക്കും.
ഒപ്പം പഠിച്ച രാഹുൽ ഡിഗ്രി രണ്ടാം വർഷം സെക്കൻഡ് ലാംഗ്വേജ് ക്ലാസിൽ തിങ്ങിഞെരുങ്ങിയിരുന്ന കുട്ടികളുടെ മുന്നിൽ മനഃപാഠമാക്കിയ കവിത ഉറക്കെ ചൊല്ലിയതും അവളത് കേട്ട് ചൂളിയിരുന്നതും മായ മറന്നിട്ടേയില്ല. ‘സാലഭഞ്ജിക’ എന്ന ആ കവിതയിൽ ലുംബിനി വനത്തിലെ സാലമരത്തിന്റെ ശിഖരത്തിൽ പിടിച്ചുനിന്ന് ബുദ്ധനെ പ്രസവിക്കുന്ന മഹാമായാദേവിയുടെ വേദനയെയും ഒടിഞ്ഞ വൃക്ഷശാഖയുടെ നിലവിളിയെയും വനത്തിന്റെ സാക്ഷീഭാവത്തെയും കുറിച്ച് പറയുന്ന ഭാഗങ്ങളെ കുറിച്ച് വിശദീകരിച്ചിട്ട് കവയിത്രി മായാ പ്രസാദ് എഴുന്നേൽക്കൂ എന്ന് അധ്യാപകൻ പറഞ്ഞതും താൻ വിറച്ചുവിറച്ച് എഴുന്നേറ്റു നിന്നതും ചുറ്റിലും ഹർഷാരവം മുഴങ്ങിയതും അവളോർത്തു.
വർഷങ്ങളേറെ കഴിഞ്ഞിട്ട് തന്നെ അന്വേഷിച്ച് ഒരിക്കൽ രാഹുൽ ആ ആശുപത്രിയിൽ വന്നതിൽ അവൾ അത്ഭുതപ്പെട്ടു. തന്നെ സൂപ്രണ്ടിന്റെ കോൺഫറൻസ് ഹാളിലേക്ക് വിളിപ്പിച്ചതും വയറും താങ്ങിപ്പിടിച്ച്, അറച്ചറച്ച് താൻ പോയതും അവളോർത്തു. തന്നെ കണ്ടെഴുന്നേറ്റ സുമുഖനായ ചെറുപ്പക്കാരൻ രാഹുൽ ആണെന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുത്തു.
‘‘സുഖമാണോ?’’ അവൾ അറച്ചറച്ച് ചോദിച്ചു. അതെയെന്ന് തലയാട്ടി ചിരിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കണ്ണുകൾ നിറഞ്ഞു. ഇരുവരും പരസ്പരം കുറച്ചു നേരം നോക്കിനിന്നു. ഒറ്റയക്ഷരം മിണ്ടാനാകാതെ കുറെനേരം മുഖാമുഖമിരുന്നു. കോളജിൽനിന്ന് പിരിഞ്ഞ് വർഷങ്ങൾക്കുശേഷം ഇങ്ങനെയൊരു കൂടിക്കാഴ്ച അവരിരുവരും കരുതിയതേയില്ല. കോഫിയും ബിസ്കറ്റും കൊണ്ടുവെച്ചിട്ട് ഒരു സ്ത്രീ പുറത്തേക്കു പോയി. മുറിയിൽ നേരിയ ഒച്ചയിൽ എ.സിയുടെ മൂളൽ കേൾക്കാമായിരുന്നു.
‘‘കഴിക്കൂ,’’ അയാൾ സൗമ്യതയോടെ പറഞ്ഞു. അവൾ ബിസ്കറ്റെടുത്ത് ചെറുതായി കടിച്ചു. കുടൽമറിയുന്ന ഛർദിയിൽനിന്ന് രക്ഷനേടാൻ കിടക്കയിൽ നിന്നെഴുന്നേൽക്കുന്നതിനുമുമ്പ് കഴിച്ചിരുന്ന സാൾട്ട് ബിസ്കറ്റിന്റെ രുചി അവളുടെ തൊണ്ടയിൽ കുടുങ്ങി. അവൾ ബിസ്കറ്റ് തിരികെ പാത്രത്തിന്റെ വശത്ത് പകുതി പുറത്തേക്ക് തള്ളിവെച്ചു. കടിച്ചത് പ്രയാസപ്പെട്ട് വിഴുങ്ങി. അയാൾ കോഫി മെല്ലെ കുടിച്ചു. രാഹുൽ വിദേശരാജ്യത്തെവിടെയോ ഉയർന്ന ജോലിയിലാണെന്ന് മുമ്പാരോ പറഞ്ഞത് അവൾക്കോർമ വന്നു.
‘‘രാഹുൽ നാട്ടിൽ ഉണ്ടായിരുന്നോ?” അവൾ ചോദിച്ചു.
‘‘ഒരാഴ്ചയായി വന്നിട്ട്...”
‘‘കോഫി കുടിക്കൂ...” അയാൾ പറഞ്ഞു.
‘‘ഞാൻ ചായയും കോഫിയും കഴിക്കാറില്ല,’’ അവൾ പറഞ്ഞു. സംസാരം വീണ്ടും മുറിഞ്ഞു. അയാൾ കോഫി കുടിച്ച് കഴിഞ്ഞപ്പോൾ അവൾ മുഖത്ത് ചിരിവരുത്തി അയാളെ നോക്കി. അയാൾക്കൊന്നും പറയാനോ ചോദിക്കാനോ കഴിഞ്ഞില്ല. കരിവാളിച്ച അവളുടെ മുഖവും പ്രസരിപ്പില്ലാത്ത എല്ലിച്ച ശരീരവും നിശ്ചലമായ കണ്ണുകളുമായിരിക്കുന്ന സ്ത്രീ മായാ പ്രസാദാണെന്ന് എത്ര ശ്രമിച്ചിട്ടും അയാൾക്ക് വിശ്വസിക്കാനായില്ല.
‘‘എന്തെങ്കിലും പറയൂ...” അവൾ പറഞ്ഞു.
‘‘മായയ്ക്ക് കോളേജ് ഫെസ്റ്റിവലിന് ഫസ്റ്റ് പ്രൈസ് കിട്ടിയ കവിത ഇപ്പോഴും എനിക്കോർമയുണ്ട്. ഇടയ്ക്ക് ഞാനത് ചൊല്ലാറുണ്ട്...’’ അയാൾ പറഞ്ഞു.
അവൾ കഴിഞ്ഞകാലത്തിലേക്ക് നോക്കി ചിരിക്കാൻ ശ്രമിച്ചു. അയാളും പഴയകാലത്തിലേക്ക് നടന്നു.
‘‘പി.ജിക്ക് ഞാൻ ജെ.എൻ. യുവിൽ പോയതൊക്കെ അറിഞ്ഞിരിക്കുമല്ലോ? ലൈഫ് പിന്നെയൊരു ഓട്ടമായിരുന്നു. ഡിഗ്രി എക്സാം കഴിഞ്ഞയുടനെയായിരുന്നു മായയുടെ മേര്യേജ് അല്ലേ..?”
അവൾ മറ്റെന്തോ ചിന്തിച്ചുകൊണ്ട് അതെയെന്ന് തലയാട്ടി.
‘‘എത്ര നല്ലതായിരുന്നു നമ്മുടെ കോളേജ് ടൈം. നമ്മളാഗ്രഹിക്കും പോലെയല്ലാതെ വർഷങ്ങളിങ്ങനെ പായുന്നു...” അയാൾക്കത് മുഴുമിപ്പിക്കാനായില്ല. അവളുടെ നാവു വരണ്ടുതാണു. നിശ്ശബ്ദതയിലും ഇരുവരുടെയും മനസ്സ് നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.
അയാൾ സ്ഥിരമായി ക്ലാസിൽ പാടുമായിരുന്ന ഒരു ഗാനത്തിന്റെ വരികൾ അവളുടെ മനസ്സിൽ പെയ്തു. ആ പാട്ട് രാഹുൽ ആദ്യം പാടി കേട്ടപ്പോൾ താനിത് മുമ്പ് പലതവണ കേട്ടിട്ടുണ്ടല്ലോ എന്ന് മായ ചിന്തിച്ചു. എത്ര ആലോചിച്ചിട്ടും എവിടെവെച്ചാണ് കേട്ടതെന്നും ആരാണ് പാടിയതെന്നും അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.
കോളജിൽനിന്ന് പിരിയാൻ നേരം രാഹുൽ ചോദിച്ച അതേ ചോദ്യം സന്ദർശനം കഴിഞ്ഞ് യാത്ര പറഞ്ഞപ്പോൾ മായയുടെ നാവിൽ വന്ന് വെമ്പിയടങ്ങി.
അവസാന പരീക്ഷ കഴിഞ്ഞ് നീറുന്ന മനസ്സോടെ കോളജിന്റെ പടവുകൾ ഇറങ്ങിയ അവളുടെ പിന്നാലെ ഓടിയെത്തിയ രാഹുൽ ‘മായാ’ എന്ന് വിളിച്ചതും കിതപ്പോടെ നിന്നതും അവൾക്ക് ഇന്നലത്തേതുപോലെ ഓർമയുണ്ട്.
‘‘നമ്മളിനി എന്നാ കാണുന്നത്?” അവൻ ചോദിച്ചു. അവൾ ഉത്തരം പറയാതെ, നിറകണ്ണുകൾ ഒളിപ്പിക്കാനായി തലകുമ്പിട്ട് മെല്ലെ പടവുകളിറങ്ങി. ഒപ്പം നടന്ന അയാൾ അവസാന പടവിൽ നിന്നു. എല്ലാ യാത്ര പറച്ചിലുകളും വേദനകളാണെന്ന സാക്ഷ്യം പറച്ചിലായി മരങ്ങൾക്കിടയിൽ വീണ താണവെയിലേറ്റ് അവൾ അവന്റെ നോട്ടപ്പാടകലത്തിൽ നിന്ന് അടർന്ന് മറഞ്ഞു. പുഴ മുറിച്ചുപോയ ബസിന്റെ പിൻസീറ്റിലിരുന്ന മായ വിഷാദസന്ധ്യയിലേക്ക് നോക്കി. രാഹുൽ അവർത്തിച്ചു പാടിയിരുന്ന പാട്ട് സായംസന്ധ്യ അവളുടെ ചെവിയിൽ വിഷാദരാഗത്തിൽ മൂളി.
ഓർമകളും തോന്നലുകളും തിരിച്ചറിയാനാകാത്ത വിധം അവളെ ചുറ്റിവരിഞ്ഞു. സ്ത്രീകളുടെ ആ ആശുപത്രിക്ക് വലിയ ചുറ്റുമതിലുള്ളതും മൊബൈൽ ഫോണും കൂട്ടിരിപ്പുകാരെയും അനുവദിക്കാതിരുന്നതും ആശ്വാസമായാണ് അവൾ കണ്ടത്. പരിചയമുള്ള ആരെയും കാണാതെ, മിണ്ടാതെ ഗർഭകാല മായാലോകത്തിന്റെ ആലസ്യത്തോടെ അവൾ നിരന്തരം നടന്നു. അവൾക്ക് സന്ദർശകരായി അച്ഛനുമമ്മയും മാത്രമേയുണ്ടായിരുന്നുള്ളൂ. നേരിയ ശബ്ദത്തിൽ ഒന്നോ രണ്ടോ വാക്കുകളിൽ മറുപടി പറയുകയും ഇടക്ക് മാത്രം തലയുയർത്തി നോക്കുകയും തേങ്ങൽപോലെത്തെ നീണ്ട നിശ്ശബ്ദതയെ താണ്ടുകയും ചെയ്യുമ്പോൾ സന്ദർശനസമയം കഴിയും. യാത്രപറയാതെ അവർ എതിർദിശയിലേക്ക് തിരിയുമ്പോൾ അവൾ വയറും താങ്ങിപ്പിടിച്ച് അകത്തേക്ക് നടക്കും. ആ വലിയ മതിലിന് പുറത്തുള്ള, കുറ്റപ്പെടുത്തുന്നവർ മാത്രമുള്ള ലോകം അവൾക്കിഷ്ടമില്ലായിരുന്നു.
എല്ലാം സ്വപ്നമാണോ? പ്രസവാശുപത്രിയുടെ നാലാം നിലയിലെ ഇടനാഴിയുടെ കൈവരിയിൽനിന്ന് താഴേക്ക് ചാടാൻ ആഗ്രഹിച്ചുനിന്നതും ഒരുദിവസം വൈകിട്ടാരംഭിച്ച് പിറ്റേന്ന് രാത്രിവരെ നീണ്ട പ്രസവവേദനയിൽ പുളഞ്ഞതും അവളുടെ സ്വപ്നത്തിൽ വരും. ഓർമയാണോ സ്വപ്നമാണോ? അതോ സ്വപ്നത്തിനകത്തെ സ്വപ്നമാണോ? അതോ സ്വപ്നത്തിന്റെ സ്വപ്നത്തിന്റെ സ്വപ്നത്തിന്റെ..? അവളുടെ സംശയങ്ങൾ അവസാനിച്ചില്ല. സ്വപ്നങ്ങളും ഓർമകളും തോന്നലുകളും ഭയങ്ങളും വർത്തമാനവും ഭാവിയുമെല്ലാം തിരിച്ചറിയാനാകാത്ത വിധം കുഴമറിയുന്നു.
നീണ്ടമുറിയിൽ, എല്ലാവരും ഉറങ്ങുമ്പോൾ അവൾമാത്രം ശബ്ദമില്ലാതെ കരഞ്ഞുകരഞ്ഞ് നേരം വെളുപ്പിക്കും. പുലരാറാകുമ്പോൾമാത്രം മയങ്ങാനാവുന്ന അവൾക്ക് നീണ്ട ഉറക്കത്തിലാണ്ട നാളുകളെ കുറിച്ചുള്ള ഓർമകൾ പോലും മങ്ങി. മയക്കത്തിൽനിന്ന് ഉറക്കത്തിലേക്ക് ആഴാൻ തുടങ്ങുമ്പോൾ ഒരു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടവൾ ഞെട്ടിയുണരും. പച്ച ഞരമ്പുകളോടിയ വിങ്ങുന്ന മുലയുടെ പൊട്ടിയ ഞെട്ടിൽ നിന്ന് പാലൂറ്റിക്കുടിക്കുമ്പോഴെന്നപോലെ പ്രാണവേദനയാൽ അവളന്നേരം പിടയും.
‘‘എന്തിനാ ഇങ്ങനെ എപ്പോഴും കരയുന്നത്?’’ ഭർത്താവ് പൊട്ടിത്തെറിക്കും. എത്ര ചിന്തിച്ചിട്ടും ഉത്തരം അവൾക്കും അറിയില്ലായിരുന്നു. കാരണങ്ങളൊന്നുമില്ലാതെ കരയുമ്പോൾ കിട്ടുന്ന സമാധാനം മറ്റാർക്കും മനസ്സിലാകില്ലെന്നവൾ ആരോടും പറഞ്ഞില്ല.
പകൽനേരത്തിലേറെയും ആരോടുമൊന്നും മിണ്ടാതെ ഇടനാഴിയിലൂടെ വയറും താങ്ങി ഓരോന്നോർത്ത് മായ മെല്ലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എണ്ണമറ്റ ശബ്ദങ്ങളും രൂക്ഷഗന്ധങ്ങളും ഇരുട്ട് പുതച്ചു നിൽക്കുന്ന ഭീകരരൂപങ്ങളുമൊക്കെ മനസ്സിൽ കലങ്ങിമറിഞ്ഞുവരും. പാത വീതികൂട്ടിയപ്പോൾ പകുതിയിലേറെയും ഇടിച്ചു കളഞ്ഞ വീട്ടിലെ തന്റെ കൗമാര-യൗവനകാല മുറി ഇടക്കിടക്ക് ഓർമയിൽ നെടുവീർപ്പുതിർത്തു. താൻ സ്വപ്നങ്ങൾ കണ്ടുറങ്ങിയ മുറിയുടെ അവശേഷിച്ച ഒറ്റച്ചുവരിൽ പഠനമേശ ഉരഞ്ഞു നീളത്തിൽ പോറിയ അടയാളം വയറിലെ പാടുപോലെ അവളെ നൊമ്പരപ്പെടുത്തി. അടുക്കുചെമ്പരത്തിയും മഞ്ഞപ്പൂക്കളും കാറ്റേറ്റു നിന്ന മുറ്റത്തെ ഉരുകിയുറച്ച ടാർ കവർന്നെടുത്തു. പൂമുഖവും പൂജാമുറിയുമിരുന്ന ഇടത്തിലൂടെ വാഹനങ്ങൾ ഒഴുകി. കരിഞ്ഞ പൂക്കളെയും മടിയിൽ ചേർത്തു വെച്ചിരിക്കുന്ന ചെമ്പരത്തിച്ചെടിയെക്കുറിച്ച് ‘പിയാത്തേ’ എന്ന കവിത മനസ്സിൽ വന്നെങ്കിലും അവൾക്കത് എഴുതാനായില്ല.
ഋുതുക്കൾ മാറിയതൊന്നും മായ അറിഞ്ഞില്ല. കോരിച്ചൊരിയുന്ന മഴക്കാലമായതിനാൽ കുറെപ്പേർ മഴ നോക്കിയിരുന്നു. ഏറെപ്പേരും ചുരുണ്ടുകിടന്നുറങ്ങി. മായ മാത്രം ഇടനാഴിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
‘‘റിലീസ് ഡേറ്റ് അടുത്തല്ലോ... ” എതിരെ വന്ന തലനരച്ച സ്ത്രീ ചിരിച്ചുകൊണ്ട് ചോദിച്ചു. തന്നെയവർ പരിഹസിക്കുകയാണോയെന്ന ആശങ്കയോടെ മായ വിരൽ മടക്കി മാസങ്ങളെണ്ണിയപ്പോൾ അവളുടെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നുപോയി.
അസ്വാതന്ത്ര്യത്തിന്റെ തടവിന് ശിക്ഷിക്കപ്പെട്ട മായ തെറ്റിപ്പോയ സമയകാലക്രമങ്ങളുടെ തടവറയിലകപ്പെട്ടപ്പോൾ കൂട്ടുപ്രതികൾ സ്വതന്ത്രരായി വിഹരിച്ചു. അസ്വസ്ഥതയോടെ ആയാസപ്പെട്ട് തിരിഞ്ഞും മറിഞ്ഞും കിടന്ന് രാത്രി എങ്ങനെയെങ്കിലും ഒന്നു മയങ്ങുമ്പോൾ വയറിനുള്ളിൽ കുഞ്ഞ് സഞ്ചാരം ആരംഭിക്കും. വെപ്രാളത്തോടെ ഞെട്ടിയുണരുമ്പോളനുഭവിക്കുന്ന ഏകാന്ത ദുഃഖവും നിസ്സഹായതയും ക്രമംവിട്ട നെഞ്ചിടിപ്പും അവളെ ഭ്രാന്തുപിടിപ്പിച്ചു. ഒരാളിന്റെ ശരീരത്തിനുള്ളിൽ മറ്റൊരാൾ പാർക്കുന്നതിന്റെ അശാന്തിയും ആകുലതകളും ഗർഭിണികൾക്കല്ലാതെ ലോകത്താർക്കും മനസ്സിലാകില്ല. ഒന്നും വേണ്ടായിരുന്നുവെന്ന് ആയിരം വട്ടം അവൾക്ക് തോന്നിയിട്ടുണ്ട്. വീർത്ത കാൽപാദത്തിൽ ചൂണ്ടുവിരൽ അമർത്തുമ്പോഴുണ്ടാകുന്ന കുഴിയാനക്കുഴിയിൽ അവളുടെ കണ്ണീർ വീണ് നിറഞ്ഞു.
‘‘കണക്ക് ശരിയാകുന്നില്ലേ?” മിഴിച്ചുനിന്ന മായയോട് വീണ്ടും സ്ത്രീ ചോദിച്ചു. മായ നടത്ത തുടർന്നു.
‘‘ഇവരെന്തിനാ ചേച്ചീ വയറും താങ്ങിപ്പിടിച്ച് രാപ്പകലിങ്ങനെ മിണ്ടാട്ടമില്ലാതെ നടക്കുന്നത്?’’
പുതിയതായി വന്ന യുവതി മുതിർന്ന സ്ത്രീയോട് ചോദിച്ചു.
‘‘പ്രസവാശുപത്രിയെന്ന് കരുതിയാ അവളിങ്ങനെ തേരാപ്പാരാ നടക്കുന്നത്. പാവം...” സ്ത്രീ പറഞ്ഞു.
ഒന്നരമാസമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നതും പൊലീസ് സ്റ്റേഷനും കോടതിയും കടന്ന് മായ ജയിലിലെത്തിയതും ചുരുക്കം വാക്കുകളിൽ ആ സ്ത്രീ പറഞ്ഞു.
‘’അപ്പോ അവരുടെ ഹസ്ബെൻഡോ..?” യുവതി ചോദിച്ചു.
‘‘ഊഹിച്ചൂടേ? ഇങ്ങനെയൊരുത്തിയെ അവനിപ്പോൾ ഓർക്കുക പോലുമുണ്ടാവില്ല. പ്രായമായ അച്ഛനും അമ്മയും മാത്രമേ അവൾക്കുള്ളൂ. ശിക്ഷാകാലം കഴിയാറായി...” സ്ത്രീ നെടുവീർപ്പോടെ പറഞ്ഞു.
‘‘എന്റെ മാതാവേ...” യുവതി തേങ്ങി.
തോരാത്ത മഴ പാതിരാത്രി കഴിഞ്ഞും ഇടിവെട്ടി പെയ്തു. ഇരുണ്ട നീലാകാശത്തിന്റെ നടുവിൽ തൂങ്ങിക്കിടന്ന പ്രകാശഗോളത്തിലേക്ക് മായ മടക്കയാത്രയാരംഭിച്ചു. വഴിയിലുടനീളം ചുറ്റിപ്പിണഞ്ഞു കിടന്ന നീണ്ട വള്ളികളും മങ്ങിയ മേഘങ്ങളുടെ പ്രകാശപ്പാളികളും അകലെ ചെറുതായി തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളും താണ്ടി അവൾ നീന്തി.
നവവധുവിന്റെ അങ്കലാപ്പോടെയിരുന്ന അമ്മയുടെ കൈകളെടുത്ത് തലോടി കൊച്ചുകൊച്ചു വാക്കുകളിലൂടെ സ്നേഹമുതിർത്തിരുന്ന അച്ഛനെ ആ യാത്രയിൽ മായ കണ്ടു. ഓരോ രാത്രികളിലും അമ്മയുടെ ഓരോരോ ഭയങ്ങളെ ഊരിമാറ്റുന്നതും ചിരിയും നിർവൃതിയും പുതുപ്പെണ്ണിനെ പ്രാപിക്കുന്നതും അവളറിഞ്ഞു. ഇളം മഞ്ഞനിറവും ചൂടൻ പ്രകാശവുമുള്ള ഗോളത്തിൽ ഒരുതുള്ളി പ്രാണൻ ഒഴുകിയെത്തി. അച്ഛനെ ചേർന്നു കിടന്ന അമ്മ പുലരുവോളം ഓരോന്ന് പറഞ്ഞും കേട്ടും ചിറകുകൾ വിരിച്ച് ആകാശം തൊട്ട് പറന്നു.
അമ്മയുടെ അടിവയറ്റിൽ ചെവിയോർത്ത് അച്ഛൻ മെല്ലെ ചുണ്ടമർത്തി വിളിച്ചു.
‘‘നക്ഷത്രപ്പൊന്നേ...” അമ്മയുടെ ഗർഭപാത്രത്തിലെ ഇളം ചൂടേറ്റ് ദീർഘസുഷുപ്തിയിലാണ്ടു കിടന്ന കുഞ്ഞോമന സ്വരംകേട്ട് തുള്ളിച്ചാടി. അമ്മ ഭയന്നുപോയി. നെറ്റിയിലും മുടിയിഴകളിലും തലോടിയും കവിളിൽ മെല്ലെ ചുംബിച്ചും നെഞ്ചോട് ചേർത്തുപിടിച്ച് അമ്മയുടെ ഭയങ്ങളോരോന്നായി അച്ഛൻ ഇറുത്തുകളഞ്ഞു.
‘‘അമ്മേ...” കുഞ്ഞിന്റെ ചുണ്ടിൽ വിരിഞ്ഞ ആദിനാദം പൊക്കിൾക്കൊടിയിലൂടെ നീന്തി ചെന്ന് അച്ഛന്റെ കവിളിൽ ചുംബിച്ചു.
ഭൂമിയോളം സമചിത്തതയുള്ള ചുംബനത്തിന്റെ നനവ് അമ്മ ഏറ്റുവാങ്ങി. അമ്മയുടെ പൊക്കിളിന്റെ ഒരു വശത്തുനിന്നു മറുവശത്തേക്ക് കുഞ്ഞ് പ്രയാണമാരംഭിച്ചു. വയറിൽ ചെവി ചേർത്തുകിടന്ന അച്ഛൻ ഈണത്തിൽ പാടി. അമ്മയും കുഞ്ഞും ആ സംഗീതത്തിൽ ലയിച്ചു.
സങ്കടങ്ങളോ ഭയമോ ആശങ്കകളോ ഇല്ലാതെ, ഗർഭപാത്രത്തിലെ ആകാശവും ഭൂമിയും ജലവും ഊഷ്മാവും ശ്വസിച്ച്, സംഗീതത്തിന്റെ ചിറകിലേറി ചുരുണ്ടുകിടന്ന മായ നിദ്രയിലേക്ക് ആഴ്ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.