സ്വന്തം വീടിന്‍റെ അടുക്കള കന്നിമൂലയിൽ പണിത ആർക്കിടെക്റ്റ്

തന്‍റെ വീടു പണിത സതീശൻ എന്ന വാസ്തുശിൽപിയെക്കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സുഭാഷ്ചന്ദ്രൻ എഴുതിയ കുറിപ്പ് ചിലരുടെയെങ്കിലും കണ്ണു തുറപ്പിക്കാൻ ഉതകുന്നതാണ്. പലകാര്യങ്ങളിലും പിശുക്ക് കാണിക്കുന്ന മലയാളിയുടെ വീടുപണിയുമ്പോഴുള്ള ധാരാളിത്തം പലപ്പോഴും കണ്ണുതള്ളിപ്പിക്കുന്നതാണ്. കോഴിക്കോട്ടെ വളരെ തിരക്കുള്ള ആർക്കിടെക്റ്റായ സതീശന്‍റെ ലാളിത്യത്തെക്കുറിച്ചും വീടിനെക്കുറിച്ച് പുലർത്തുന്ന സങ്കൽപത്തെക്കുറിച്ചും സുഭാഷ് ചന്ദ്രൻ വിവരിക്കുന്നു. 

വളരെ പുരോഗമന ചിന്താഗതിക്കാരായ മലയാളികൾ വാസ്തുപൂജയും ഭൂമിപൂജയും നടത്തി, കന്നിമൂല നോക്കി അടുപ്പിന് സ്ഥാനം കണ്ട്, വീട്ടിൽ നടക്കുന്ന നല്ലതും ചീത്തയുമായ ഓരോ കാര്യങ്ങൾക്കും വീടിനെ വാസ്തുപുരുഷന്‍റെ കുറ്റം പറയുന്ന കാലത്താണ് സ്വന്തം വീടിന്‍റെ അടുക്കള സതീശൻ കന്നിമൂലയിൽ പണിതത്.  അതുകൊണ്ട് എന്തായാലും ഇതുവരെ അദ്ദേഹത്തിന് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഭൂമിയുടെ സ്ഥപതി
ഏറെക്കാലത്തിനു ശേഷം ഇന്ന് സതീശനെ വീണ്ടും കണ്ടു. പതിന്നാലു സംവൽസരങ്ങൾക്കുമുൻപ്‌ എനിക്ക്‌ കോഴിക്കോട്ട്‌ 'ഭൂമി' എന്ന വീടുണ്ടാക്കിത്തന്ന വാസ്തുവിത്തിനെ. 
അതേ ഖദർ ഷർട്ട്‌. അതേ വള്ളിച്ചെരുപ്പ്‌. അതെ ജനറൽ കമ്പാർട്ട്‌മന്റ്‌ യാത്ര... സതീശൻ ഒരു തരി പോലും മാറിയിട്ടില്ല. 
വീടു പണിയുന്ന കാലത്ത്‌ സതീശൻ എന്നും വരാറുള്ള ഇളം നീല സ്കൂട്ടർ ഓർമ്മിച്ചുകൊണ്ട്‌ ഞാൻ ചോദിച്ചു:"സതീശൻ കാറു വാങ്ങിയില്ലേ?"
"അയ്യയ്യയ്യയ്യേ!", തൃശ്ശൂരുകാരന്റെ ഈണവാണിയിൽ സതീശൻ പറഞ്ഞു:"നമുക്കിപ്പഴും ടുവീലറു തന്നെ. അദിന്റെ ഒരു സുഖം കാറിനു കിട്ട്വോ!"
കേരളത്തിലെ ഏറ്റവും തിരക്കുള്ള ആർക്കിടെക്റ്റുകളിൽ ഒരാളാണ്. തേയ്ക്കാത്ത ചെങ്കല്ലിൽ മനോഹരമായ വീടുകൾ കുറഞ്ഞ ചെലവിൽ ഉണ്ടാക്കുന്ന മിടുക്കൻ. മാതൃഭൂമിയിൽ കോഴിക്കോട്ട്‌ കൂടുവച്ച ഞങ്ങൾ പല വരത്തന്മാരുടേയും മയൻ!
മുകളിൽ ഒരു മുറികൂടി അധികം പണിഞ്ഞാലോ എന്നു ചോദിക്കൂ. സതീശൻ പറയും:"അയ്യയ്യയ്യയ്യേ! ഓരോന്നു വെറുതെ ണ്ടാക്കി വച്ചിട്ട്‌ ആ പെണ്ണുമ്പിള്ളയ്ക്ക്‌ അടിക്കലും തൊടയ്ക്കലുമായി എരട്ടി പണീണ്ടാക്കാനോ? ഇപ്പെ ഉള്ളത്‌ ധാരാളം മതീന്നേ!"
പറയുന്നത്‌ നമ്മുടെ വീടിനെക്കുറിച്ചാണ്! നാം പണം മുടക്കുന്ന വീടിനെപ്പറ്റി! ചതുരശ്ര അടി എത്ര കൂടുന്നുവോ അത്രയും തനിക്ക്‌ അധികം പ്രതിഫലം കിട്ടിയേക്കുമെന്നറിയാവുന്ന ആർക്കിടെക്റ്റ്‌ തന്നെയാണ് വിലക്കുന്നത്‌!
പണിതീരും മുൻപ്‌ കണക്കു നോക്കി സതീശനുള്ള ഫീസ്‌ നീട്ടുമ്പോഴും പറഞ്ഞു:"അയ്യയ്യയ്യയ്യേ! ഇത്‌ തൽക്കാലം നമുക്കിപ്പോ ബ്ലാക്ക്‌ ഓക്സൈഡ്‌ വാങ്ങാനെടുക്കാം. കറുത്ത ചാന്തിട്ട്‌ ഫ്ലോറു തീർത്താൽ നിങ്ങക്ക്‌ താമസം തുടങ്ങാലോ!"
കറുത്ത ചാന്താണ് വീട്ടിൽ ഫ്ലോറിനെന്നു കേട്ടാൽ സന്തുബന്ധുക്കളുടെ മുഖം കറുക്കും എന്ന് ഞാൻ പറഞ്ഞപ്പോൾ സതീശൻ പറഞ്ഞു:"പോവമ്പറ ആ പോത്ത്വോളോട്‌! അല്ലെങ്കിൽ ഗ്രാനൈറ്റും മാർബിളും ഇടാനുള്ള കാശ്‌ അവരോടു തരാമ്പറ!"
താൻ പണിയുന്ന വീടിന്റെ ഉടമയുടെ ഹൃദയത്തോട്‌ താദാൽമ്യം പ്രാപിക്കുന്ന ഈ ആർക്കിടെക്റ്റിനെക്കുറിച്ച്‌ വിസ്മയിച്ചു. ഏഴായിരവും എണ്ണായിരവും സ്ക്വയർഫീറ്റിൽ ഉയരുന്ന വേറെ ചില വീടുകളുടെ ശിൽപ്പിയും ഇയാൾത്തന്നെ എന്നറിഞ്ഞപ്പോൾ ചോദിച്ചു:"അല്ലാ, അവിടെയും കറുത്ത ചാന്തു തന്നെയാണോ ഫ്ലോറിൽ?"

"അയ്യയ്യയ്യയ്യേ!", സതീശൻ പറഞ്ഞു:" അത്തരം പോത്ത്വോൾക്ക്‌ രാജസ്ഥാനീന്ന് നേരിട്ട്‌ മാർബിൾ തന്നെ എറക്കിയാലേ സമാധാനാവുള്ളൂ. പെണ്ണുമ്പിള്ളയ്ക്ക്‌ മുട്ടുവേദന പിടിക്കൂന്നൊക്കെ പറഞ്ഞുനോക്കി. ഒരു രക്ഷേല്ല! ദാ ഞാനിപ്പൊ രാജസ്ഥാനീന്ന് വന്നേ ള്ളൂ!"
സതീഷ് കുമാർ എന്നാണ് പേരെങ്കിലും സതീശൻ എന്ന് അഭിമാനിയായൊരു മലയാളിയായി മാത്രമേ പേരു പറയൂ. കന്നിമൂലയിൽ അടുപ്പുണ്ടാക്കിയാൽ ഒരു ദോഷവുമില്ലെന്ന് തെളിയിക്കാൻ സ്വന്തം വീടിന്റെ അടുക്കള കന്നിമൂലയിൽ പണിഞ്ഞ ഉൽപ്പതിഷ്ണു!
പട്ടാമ്പിയിൽ നിർത്തിയപ്പോൾ പ്ലാറ്റ്ഫോമില്ലാത്ത വശത്തെ ട്രാക്കിലേക്കിറങ്ങി പാളം താണ്ടിപ്പോകുന്ന ഈ മനുഷ്യനെ നോക്കിയിരിക്കുമ്പോൾ ഹൃദയം എന്നെ പരിഹസിക്കുന്നു:"അയ്യയ്യയ്യയ്യേ! കാലത്തിനൊപ്പിച്ച്‌ കോലം മാറി നടക്കുന്ന പോത്തേ! ആ പോകുന്ന യഥാർത്ഥ മനുഷ്യനെ ഒന്നു നമസ്കരിക്ക്‌!"

Full View
Tags:    
News Summary - Subhash chandran-Literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT